വിസ്‍മയ മോഹന്‍ലാലിന്‍റെ കവിത പ്രകാശനം ചെയ്യുന്നത് പ്രിയദര്‍ശനും സത്യന്‍ അന്തിക്കാടും ചേര്‍ന്ന്

By Web TeamFirst Published Aug 18, 2022, 5:20 PM IST
Highlights

വിസ്‍മയ മോഹന്‍ലാല്‍ എഴുതിയ ഇംഗ്ലീഷ് കവിതകളുടെ സമാഹാരമായ ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റിന്‍റെ മലയാള പരിഭാഷ

വിസ്‍മയ മോഹന്‍ലാല്‍ എഴുതിയ ഇംഗ്ലീഷ് കവിതകളുടെ സമാഹാരമായ ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റിന്റെ മലയാള പരിഭാഷയായ നക്ഷത്രധൂളികളുടെ പ്രകാശനം നാളെ. റോസ്മേരി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ള പുസ്തകം സംവിധായകരായ സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനും ചേര്‍ന്നാണ് പ്രകാശനം ചെയ്യുന്നത്. മാതൃഭൂമി ബുക്സ് ആണ് പ്രസാധകര്‍. മകള്‍ എഴുതിയ പുസ്തകം സുഹൃത്തുക്കള്‍ ചേര്‍ന്ന് പ്രകാശനം ചെയ്യുന്ന സന്തോഷം മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.

എൻ്റെ മകൾ വിസ്മയ എഴുതി പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച 'Grains of Stardust' എന്ന കവിതാ സമാഹാരത്തിൻ്റെ മലയാള പരിഭാഷ ‘നക്ഷത്രധൂളികൾ‘ ഓഗസ്റ്റ് 19 ന് തൃശ്ശൂരിൽ പ്രകാശനം ചെയ്യപ്പെടുകയാണ്. കവയിത്രി റോസ്മേരി പരിഭാഷപ്പെടുത്തി മാതൃഭൂമി ബുക്സ് പുറത്തിറക്കുന്ന ഈ സമാഹാരം, എൻ്റെ ആത്മ മിത്രങ്ങളും എൻ്റെ സിനിമാ ജീവിതത്തിലെ അവിഭാജ്യവ്യക്തിത്വങ്ങളുമായ സത്യൻ അന്തിക്കാടും പ്രിയദർശനും ചേർന്ന് മാതൃഭൂമി ബുക്ക്‌സ്റ്റാളിൽ വെച്ചാണ്  പ്രകാശനം ചെയ്യുന്നത്. യുവ എഴുത്തുകാരി സംഗീതാ ശ്രീനിവാസനും പങ്കെടുക്കുന്നു. അച്ഛൻ എന്ന നിലയിൽ എനിക്ക് ഏറെ അഭിമാനം തോന്നുന്നു. കാലം എന്തൊക്കെ വിസ്മയങ്ങളാണ് സംഭവിപ്പിക്കുന്നത്!, പുസ്തകത്തിന്‍റെ കവറിനൊപ്പം മോഹന്‍ലാല്‍ കുറിച്ചു.

ALSO READ : ആമിര്‍ ഖാന്‍റെ 'ലാല്‍ സിംഗ് ഛദ്ദ' എന്തുകൊണ്ട് പരാജയമായി? മാധവന്‍റെ വിലയിരുത്തല്‍

2021ലെ വാലന്‍റൈന്‍ ദിനത്തിലാണ് ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് പുറത്തിറങ്ങിയത്. പെന്‍ഗ്വിന്‍ ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം ആമസോണിന്‍റെ ബെസ്റ്റ് സെല്ലര്‍ പട്ടികയിലും ഇടം പിടിച്ചിരുന്നു. ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ അടക്കമുള്ളവര്‍ വിസ്മയയുടെ രചനയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. എഴുത്തിനു പുറമെ ആയോധന കലയിലും താല്‍പര്യമുള്ളയാളാണ് വിസ്മയ മോഹന്‍ലാല്‍. കുങ്ഫു പരിശീലിക്കുന്നതിന്‍റെ നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ വിസ്മയ മുന്‍പ് പങ്കുവച്ചിട്ടുണ്ട്. ഇവയൊക്കെ വൈറല്‍ ആവുകയും ചെയ്തിരുന്നു.

click me!