ഞങ്ങളുടെ ജീവിതമാണ് 'തലവര'; ഇങ്ങനെയൊന്ന് ഹോളിവുഡിലോ ബോളിവുഡിലോ വന്നിട്ടില്ല'; പ്രശംസകളുമായി വിറ്റിലിഗോ മോഡൽ ബെൻസി ജോയ്

Published : Aug 23, 2025, 03:22 PM IST
Vitiligo model Bency joy on Thalavara movie

Synopsis

പാലക്കാടിൻ്റെ തനത് സംസാരശൈലിയുമായി എത്തിയിരിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ അർജുൻ അശോകൻ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു ഗെറ്റപ്പിലാണുള്ളത് എന്നതാണ് പ്രത്യേകത.

നെഞ്ചിൽ തൊടുന്ന അഭിനയ മുഹൂർത്തങ്ങളുമായി അർജുൻ അശോകൻ ചിത്രം 'തലവര' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കരിയറിൽ തന്നെ ഏറെ വെല്ലുവിളി ഉയർത്തുന്ന വേഷം അതിഗംഭീരമായി അർജുൻ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട് എന്നാണ് പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നത്‌. ഇപ്പോഴിതാ ചിത്രം കണ്ട ശേഷം വിറ്റിലിഗോ മോഡൽ ബെൻസി ജോയ് പറഞ്ഞ വാക്കുകള്‍ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

''ഞാൻ വിറ്റിലിഗോ രോഗാവാസ്ഥയുള്ളയാളാണ്. എനിക്ക് പറയാൻ വാക്കുകളില്ല. ഇങ്ങനെയൊരു ചിത്രം ഹോളിവുഡിലോ ബോളിവുഡിലോ ഒന്നും വന്നിട്ടില്ല. എന്നെ പോലെയുള്ളൊരു വ്യക്തി എങ്ങനെയാണോ കടന്നുവന്നത്, ഞങ്ങളുടെ ജീവിതമാണ് ഈ സിനിമയിലുള്ളത്. ശരിക്കും കരഞ്ഞുപോയി. ഇങ്ങനെയൊരു സിനിമ വന്നതിൽ ഏറെ സന്തോഷമുണ്ട്. മേക്കപ്പൊക്കെ ശരിക്കും മികച്ചതായിരുന്നു, സിനിമയുടെ മുഴുവൻ അണിയറപ്രവർത്തകരോടും നന്ദിയുണ്ട്'', ബെൻസി ജോയ് സിനിമ കണ്ടിറങ്ങവേ മാധ്യമങ്ങളോട് പറഞ്ഞിരിക്കുകയാണ്.

മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാർ മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്ന് നിർമ്മിച്ചിരിക്കുന്ന 'തലവര' അഖിൽ അനിൽകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. തികഞ്ഞ കൈയ്യടക്കത്തോടെ ഉള്ളിൽ തട്ടും വിധമാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നാണ് തിയേറ്ററിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകള്‍. ചിത്രത്തിൽ 'പാണ്ട' എന്ന കഥാപാത്രമായി അർജുൻ അശോകനെത്തിയപ്പോൾ ജ്യോതി എന്ന നായിക കഥാപാത്രമായാണ് രേവതി ശർമ്മ എത്തിയിരിക്കുന്നത്. അശോകൻ, ഷൈജു ശ്രീധർ, അശ്വത് ലാൽ, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണൻ, ദേവദർശിനി, അമിത് മോഹൻ രാജേശ്വരി, സാം മോഹൻ, മനോജ് മോസസ്, സോഹൻ സീനുലാൽ, മുഹമ്മദ് റാഫി, വിഷ്ണു രെഘു, ശരത് സഭ, ഷെബിൻ ബെൻസൺ, ആതിര മറിയം, വിഷ്ണുദാസ്, ഹരീഷ് കുമാർ, സുമ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിച്ചിരിക്കുന്നത്.

 

 

പാലക്കാടിൻ്റെ തനത് സംസാരശൈലിയുമായി എത്തിയിരിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ അർജുൻ അശോകൻ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു ഗെറ്റപ്പിലാണുള്ളത് എന്നതാണ് പ്രത്യേകത. ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്‍റേയും മൂവിംഗ് നരേറ്റീവ്സിന്‍റേയും ബാനറിൽ ഷെബിൻ ബെക്കറും മഹേഷ് നാരായണനും ചേർന്ന് നിർമ്മിച്ചിരിക്കുന്നതാണ് ചിത്രം. ടേക്ക് ഓഫ്, സീ യു സൂൺ, മാലിക്ക്, അറിയിപ്പ് തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ മഹേഷ് നാരായണനും ചാർലി, ടേക്ക് ഓഫ്, തണ്ണീർമത്തൻ ദിനങ്ങള്‍, സൂപ്പർ ശരണ്യ, അറിയിപ്പ് തുടങ്ങിയ പ്രേക്ഷക - നിരൂപക പ്രശംസകള്‍ നേടിയ സിനിമകള്‍ നിർമ്മിച്ചിട്ടുള്ള ഷെബിൻ ബക്കറും ഒരുമിച്ചൊരുക്കുന്ന സിനിമയായതിനാൽ തന്നെ സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷയ്‌ക്കൊത്ത് ചിത്രം എത്തിയിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ ഭാഷ്യം.

അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ. മനോഹരമായ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് അനീഷും എഡിറ്റിംഗ് രാഹുൽ രാധാകൃഷ്ണനും ഹൃദ്യമായ പാട്ടുകള്‍ ഒരുക്കിയിട്ടുള്ളത് ഇലക്ട്രോണിക് കിളിയുമാണ്. തീർച്ചയായും കുടുംബങ്ങളുടേയും യൂത്തിന്‍റേയും പൾസറിഞ്ഞ് ഒരുക്കിയിരിക്കുന്നൊരു ഫീൽഗുഡ് ചിത്രമാണ് തലവര എന്ന് നിസ്സംശയം പറയാം.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു