
മുംബൈ: നടന്‍ സുശാന്ത് സിംഗിന്‍റെ മരണം ബോളിവുഡിന്‍റെ കണ്ണ് തുറപ്പിക്കണമെന്ന് വിവേക് ഒബ്റോയി. ബോളിവുഡ് പുനരാലോചിക്കണം, പരസ്പര സഹകരണവും സ്നേഹവും വേണം. സിനിമ മേഖല ഒരു കുടുംബം പോലെ ആകണമെന്നും വിവേക് ഒബ്റോയി പറഞ്ഞു.
സുശാന്ത് സിംഗിന്‍റെ ആത്മഹത്യയിൽ ബോളിവുഡിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ് മുംബൈ പൊലീസ്. കുടുംബം ഉയർത്തിയ ഗൂഡാലോചനാ ആരോപണങ്ങൾ ശരിവച്ചുകൊണ്ട് സുശാന്തിന്‍റെ ചില സഹപ്രവർത്തകരും രംഗത്ത് വന്നതോടെയാണ് അന്വേഷണം. താരത്തെ സിനിമാമേഖലയിൽ നിന്ന് പുറത്താക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്നാണ് സഹപ്രവർത്തകരുടെ വെളിപ്പെടുത്തലുകൾ.
സുശാന്ത് സിനിമാമേഖലയിൽ പൂർണ്ണമായി ഒറ്റപ്പെട്ട് പോയെന്ന് സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റും സുഹൃത്തുമായ സപ്ന ഭാവ്നാനി ട്വീറ്റ് ചെയ്തു. സുശാന്തിനെ ഒതുക്കാൻ ശ്രമിച്ചവരെ അറിയാമെന്ന് സംവിധായകൻ ശേഖർ കപൂറും പറഞ്ഞു. സുശാന്തിന്‍റേത് ദുർബല മനസാണെന്ന പ്രചാരണം കള്ളമാണെന്നും സിനിമാ മേഖലയിൽ നിന്ന് സുശാന്തിനെ പുറത്താക്കാൻ ബോധപൂർവമായ ശ്രമം നടന്നതായും നടി കങ്കണ റണൗത്ത് വീഡിയോ സന്ദേശത്തിൽ പറഞ്ഞിട്ടുണ്ട്. ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ച് സുശാന്ത് തന്നെ ഒരിക്കൽ തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്.
ചുരുക്കത്തിൽ ആത്മഹത്യാക്കുറിപ്പ് ഇല്ലെങ്കിലും അടുത്ത സുഹൃത്തുക്കളിലൂടെ ആത്മഹത്യാപ്രേരണ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സുശാന്ത് ഫോണിൽ വിളിച്ച നടി റിയാ ചക്രബര്‍ത്തിയുടെയും നടൻ മഹേഷ് ഷെട്ടിയുടേയും മൊഴി നിർണായകമായേക്കും.
സുശാന്തിന്‍റെ മരണത്തിൽ അനുശോചനക്കുറിപ്പ് എഴുതിയതിന് പിന്നാലെ കരൺ ജോഹറിനും ആലിയാ ഭട്ടിനും എതിരെ സൈബർ ആക്രമണം രൂക്ഷമായിരിക്കുകയാണ്. മുൻപൊരിക്കൽ കോഫീ വിത്ത് കരൺ ഷോയിൽ സുശാന്ത് ആരാണെന്നാണ് നടി ആലിയ ഭട്ട് ചോദിച്ചത് വിമർശകർ ഓർമിപ്പിക്കുന്നു. സുശാന്തിനെ ഒതുക്കുന്നതിൽ ബോളിവുഡിലെ കരുത്തനായ കരൺ ജോഹറിനും പങ്കുണ്ടെന്നാണ് ആരോപണം. കരൺ ജോഹർ ഗ്യാങ്ങിനെ ബഹിഷ്കരിക്കുക, സ്വജനപക്ഷപാതം അവസാനിപ്പിക്കുക എന്നീ ഹാഷ്ടാഗുകളാണ് ട്രെൻഡിംഗ് ആയത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ