
44 മാസത്തിന് ശേഷം എത്തുന്ന ദിലീപ് ചിത്രം എന്ന വിശേഷണത്തോടെയാണ് വോയിസ് ഓഫ് സത്യനാഥന്‍ എത്തുന്നത്. റാഫി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ വീണാ നന്ദകുമാറാണ് നായികയായി എത്തുന്നത്. സാധാരണക്കാരനായ സത്യനാഥന്‍റെ ജീവിതത്തിലെ സുപ്രധാനമായ ഒരു ഏടാണ് ഹാസ്യവും അതിലേറെ ഗൌരവമേറിയ വിഷയങ്ങളും ചേര്‍ത്ത് സംവിധായകന്‍ റാഫി അവതരിപ്പിക്കുന്നത്.
വന്‍ താരനിരയാണ് വോയിസ് ഓഫ് സത്യനാഥനില്‍ അണിനിരക്കുന്നത്. ജോജു ജോര്‍ജ്, ജോണി ആന്റണി ,അലന്‍സിയര്‍ ലോപ്പസ്, നാദിർഷാ, രമേഷ് പിഷാരടി, ബോബന്‍ സാമുവല്‍, ശ്രീകാന്ത് മുരളി, ഉണ്ണിരാജ, സിനോജ് അങ്കമാലി, വീണാ നന്ദകുമാര്‍, സ്മിനു സിജോ തുടങ്ങി താരങ്ങള്‍ ചിത്രത്തിലുണ്ട്. ഒപ്പം പ്രേക്ഷകനെ ചിരിപ്പിക്കുന്ന തമാശകളും തീയറ്ററില്‍ പ്രേക്ഷകന് അനുഭവമാകുന്നുണ്ട്.
ഒരു ഒളിച്ചോട്ടത്തിന്‍റെ ബാക്കിപത്രമായി ഒരു ഗ്രാമത്തില്‍ സ്വന്തം വീടും,സ്ഥലവും വാങ്ങി താമസിക്കുകയാണ് സത്യനാഥനും ഭാര്യയും. സന്തോഷകരമായ ജീവിതത്തില്‍ സത്യനാഥന് എന്നും തിരിച്ചടിയാകുന്നത് നാവാണ്. താന്‍ മനസില്‍ ഉദ്ദേശിച്ച് പറയുന്നത് എന്താണെങ്കിലും ആ പറയുന്നത് കേള്‍ക്കുന്നവര്‍ എടുക്കുന്നത് മറ്റൊരു രീതിയിലാണ്. സത്യനാഥന് തിരിച്ചടിയാകുന്ന അവസ്ഥയാണ് ഇത് ഉണ്ടാക്കുക. ഇത്തരം ഒരു അവസ്ഥ സത്യനാഥനെ കൊണ്ടെത്തിക്കുന്ന അക്കിടികളില്‍ നിന്ന് ഒരു ചിരിപ്പടത്തിന്‍റെ ലാഘവത്തിലും മൂഡിലുമാണ് വോയിസ് ഓഫ് സത്യനാഥന്‍ ടേക്ക് ഓഫ് ചെയ്യുന്നത്. എന്നാല്‍ പിന്നീട് കഥയില്‍ ആസാധാരണമായ സംഭവങ്ങള്‍ ഉണ്ടാകുന്നു. താന്‍ പോലും അറിയാതെ വലിയ ദൌത്യങ്ങളിലേക്ക് സത്യനാഥന്‍ എത്തിപ്പെടുന്നതും. അത് വിജയകരമാകുമോ എന്നതുമാണ് ചിത്രത്തിന്‍റെ കാതല്‍.
ചെയ്യാത്ത തെറ്റിന് നിയമം ശിക്ഷിക്കുന്നവരുടെ നീതി ആര് നടപ്പിലാക്കും, ഒരു സാധാരണക്കാരന്‍റെ ശബ്ദം എത്രത്തോളം പ്രധാന്യമേറിയതാണ് തുടങ്ങിയ വളരെ കാലികമായ ചോദ്യങ്ങള്‍ പ്രേക്ഷകന് സമ്മാനിച്ചാണ് ചിത്രത്തിന്‍റെ തിരക്കഥ പുരോഗമിക്കുന്നത്. ക്ലൈമാക്സില്‍ അടക്കം പ്രേക്ഷകന് ചിലപ്പോള്‍ സന്തോഷത്താല്‍ കണ്ണീര് നിറയാനുള്ള കഥാമുഹൂര്‍ത്തങ്ങള്‍ തിരക്കഥകൃത്ത് കൂടിയായ സംവിധായകന്‍ ഒളിപ്പിച്ച് വയ്ക്കുന്നുണ്ട്.
സത്യനാഥന്‍ എന്ന ടൈറ്റില്‍ റോളിനെ വളരെ മനോഹരമായി ദിലീപ് സമീപിച്ചിട്ടുണ്ട്. കുടുംബങ്ങളെ എന്നും രസിപ്പിക്കുന്ന ദിലീപിന്‍റെ കോമഡി രംഗങ്ങള്‍ പലയിടത്തും ചിരിവിടര്‍ത്തുന്നുണ്ട്. ഒപ്പം വൈകാരിക രംഗങ്ങളിലും ദിലീപ് മികച്ച് നില്‍ക്കുന്നുണ്ട്. വളരെ നിര്‍ണ്ണായകമായ ഒരു കഥാപാത്രത്തെയാണ് ജോജു ജോര്‍ജ് അവതരിപ്പിക്കുന്നത്. അത് മനോഹരമായി തന്നെ അദ്ദേഹം സ്ക്രീനില്‍ എത്തിക്കുന്നുണ്ട്. പിന്നാലെ എടുത്തുപറയേണ്ട പെര്‍ഫോമന്‍സ് സിദ്ദിഖിന്‍റെതാണ്. കോമഡിയില്‍ പൊതിഞ്ഞ സത്യനാഥന്‍റെ അയല്‍ക്കാരന്‍ വര്‍ക്കിച്ചനായി സിദ്ദിഖ് ഗംഭീരമായ പ്രകടനമാണ് നടത്തുന്നത്. നായിക വീണ നന്ദകുമാറും തന്‍റെ വേഷം മനോഹരമാക്കുന്നു.
പ്രേക്ഷകന് ഒരു അടിമുടി ചിരിച്ചിത്രം നല്‍കുക എന്ന രീതിയില്‍ അല്ല വോയിസ് ഓഫ് സത്യനാഥന്‍ എന്ന ചിത്രത്തെ സംവിധായകന്‍ റാഫി സമീപിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ പറയുന്ന വിഷയത്തിന്‍റെ ഗൌരവം ഉള്‍കൊള്ളുന്ന അവതരണം അദ്ദേഹം ചിത്രത്തിന് നല്‍കുന്നുണ്ട്. സ്വരുപ് ഫിലിപ്പിന്‍റെ ഛായഗ്രഹണം, അങ്കിത് മേനോന്‍റെ സംഗീതം എന്നിവ ഇതിന് സംവിധായകന് പിന്തുണ നല്‍കുന്നുണ്ട്.
വളരെക്കാലത്തിന് ശേഷം വീണ്ടും തീയറ്റില്‍ എത്തുന്ന ദിലീപ് ചിത്രം കുടുംബങ്ങളെ രസിപ്പിക്കുന്ന രീതിയില്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. മികച്ച ഒരു സന്ദേശത്തിനൊപ്പം നല്ല കുറേ ചിരി നിമിഷങ്ങളും സമ്മാനിക്കുന്നുണ്ട് വോയിസ് ഓഫ് സത്യനാഥന്‍.
ചിരിയും കാര്യവുമായി 'വോയിസ് ഓഫ് സത്യനാഥൻ', പ്രതികരണങ്ങള്‍ ഇങ്ങനെ
ദിലീപിന്റെ 'സത്യനാഥൻ' എത്തുന്നു; ആവേശമാകാൻ പുത്തൻ സോംഗ്