
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ ഫ്രാഞ്ചൈസികളില്‍ ഒന്നാണ് യാഷ് രാജ് ഫിലിംസിന്‍റെ സ്പൈ യൂണിവേഴ്സ്. ഏക് ഥാ ടൈഗര്‍ എന്ന ചിത്രത്തിലൂടെ 2012 ല്‍ ആരംഭിച്ച ഫ്രാഞ്ചൈസിയിലെ വരാനിരിക്കുന്ന ചിത്രം ഹൃത്വിക് റോഷനും ജൂനിയര്‍ എന്‍ടിആറും ഒന്നിക്കുന്ന വാര്‍ 2 ആണ്. ടൈഗര്‍ സിന്ദാ ഹെയും പഠാനുമൊക്കെ ഈ യൂണിവേഴ്സിന്‍റെ ഭാഗമാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ബജറ്റിനെയും താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചുമൊക്കെയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തത്തിയിരിക്കുകയാണ്.
വൈആര്‍എഫ് സ്പൈ യൂണിവേഴ്സിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം വാര്‍ 2 ആണെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് പ്രകാരം ടൈഗര്‍ 3 (350 കോടി), പഠാന്‍ (325 കോടി) എന്നിവയേക്കാളൊക്കെ മുകളിലാണ് വാര്‍ 2 ന്‍റെ ബജറ്റ്. ഇത് 400 കോടി വരുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിഫലത്തിന്‍റെ കാര്യമെടുത്താല്‍ നായകനേക്കാള്‍ വാങ്ങുന്നത് വില്ലനാണ്. ചിത്രത്തില്‍ ജൂനിയര്‍ എൻടിആറിന്‍റെ പ്രതിഫലം 70 കോടി ആണെങ്കില്‍ ഹൃത്വിക് റോഷന്‍റെ പ്രതിഫലം 50 കോടിയാണ്. എന്നാല്‍ ഹൃത്വിക്കിന്‍റെ കരാര്‍ ഈ പ്രതിഫലം കൊണ്ട് അവസാനിക്കുന്നതല്ല. ചിത്രത്തിന്‍റെ ലാഭവിഹിതത്തിന്‍റെ നിശ്ചിത ശതമാനവും അദ്ദേഹത്തിന്‍റെ കരാറിലുണ്ട്.
നായികയായ കിയാര അദ്വാനിയുടെ പ്രതിഫലം 15 കോടിയാണ്. അനില്‍ കപൂറിന് 10 കോടിയും ലഭിക്കും. നായകനും വില്ലനും കഴിഞ്ഞാല്‍ ചിത്രത്തില്‍ ഏറ്റവും പ്രതിഫലം ലഭിക്കുന്നത് സംവിധായകനാണ്. 30 കോടിയാണ് ചിത്രത്തിന്‍റെ സംവിധായകനായ അയന്‍ മുഖര്‍ജിക്ക് ലഭിക്കുക. പ്രതിഫലം കഴിച്ചിട്ട് 220 കോടിയാണ് ചലച്ചിത്ര നിര്‍മ്മാണത്തിനായി നിര്‍മ്മാതാക്കള്‍ നീക്കിവച്ചിരിക്കുന്നത്. പബ്ലിസിറ്റി കൂടാതെയുള്ള തുകയാണ് ഇത്. യാഷ് രാജ് ഫിലിംസിന് വലിയ വിജയങ്ങള്‍ നേടിക്കൊടുത്തിട്ടുള്ള ഫ്രാഞ്ചൈസിയുടെ പുതിയ ഭാഗവും കാണികള്‍ക്കിടയില്‍ മികച്ച പ്രതികരണം നേടുമെന്ന പ്രതീക്ഷയിലാണ് അവര്‍.
ശ്രീധര്‍ രാഘവനാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അബ്ബാസ് ടയര്‍വാലയുടേതാണ് സംഭാഷണം. നിര്‍മ്മാതാവ് ആദിത്യ ചോപ്രയുടേത് തന്നെയാണ് ചിത്രത്തിന്‍റെ കഥ. ബെഞ്ചമിന്‍ ജാസ്പര്‍ ആണ് ഛായാഗ്രാഹകന്‍. ആരിഫ് ഷെയ്ഖ് എഡിറ്റിംഗ്. പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത് പ്രീതം. സഞ്ചിത് ബല്‍ഹാരയും അങ്കിത് ബല്‍ഹാരയും ചേര്‍ന്നാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 14 നാണ് ചിത്രത്തിന്‍റെ റിലീസ്. യാഷ് രാജ് ഫിലിംസ് തന്നെ തിയറ്ററുകളില്‍ എത്തിക്കും.