വിവാദമായ 'ദ കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗമായ 'ബിയോണ്ട് ദി കേരള സ്റ്റോറി'യുടെ ടീസർ പുറത്തിറങ്ങി. കാമാഖ്യ നാരായണ സിങ് സംവിധാനം ചെയ്യുന്ന ചിത്രം സിനിമ ഫെബ്രുവരി 27-ന് തിയേറ്ററുകളിലെത്തും. ടീസറിനെതിരെ വിമർശനങ്ങളും ട്രോളുകളും ഉയർന്നിട്ടുണ്ട്.
വൻ വിവാദങ്ങൾക്ക് വഴിവച്ച ദ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ ടീസർ റിലീസ് ചെയ്തു. കഴിഞ്ഞ തവണ കേരളത്തിൽ നിന്നും ശാലിനി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായിരുന്നുവെങ്കിൽ ഇത്തവണ അത് സുരേഖ നായരാണ്. ചിത്രത്തിലെ മൂന്ന് കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ളതാണ് ടീസർ. 'ബിയോണ്ട് ദി കേരള സ്റ്റോറി' എന്നാണ് ചിത്രത്തിന്റെ പേര്. 2.06 മിനിറ്റ് ആണ് ടീസർ ദൈർഘ്യം. ഫെബ്രുവരി 27ന് ചിത്രം തിയറ്ററുകളിൽ എത്തും.
'നമ്മുടെ പെൺകുട്ടികൾ പ്രണയത്തിലല്ല, മറിച്ച് കെണികളിലാണ് വീഴുന്നത്. ഇനി ഞങ്ങളിത് സഹിക്കില്ല, പോരാടും', എന്ന ക്യാപ്ഷനോടെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സംഭാഷണങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നതും. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾകൊണ്ട കഥയാണിതെന്നും അവകാശപ്പെടുന്നുണ്ട്.
ടീസർ പുറത്തുവന്നിതിന് പിന്നാലെ വിമർശനവും ട്രോളുകളും കൊണ്ട് നിറഞ്ഞിട്ടുണ്ട്. 'മുല്ലപ്പൂ ആട്ടൽ മിസ്സിംഗ്. സിനിമയിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു, ഇതിലെവിടെയാണ് കേരള സ്റ്റോറി ?, അടുത്ത ഓസ്കറിനുള്ള വകയായി, നാഷണൽ അവാർഡ് ഉറപ്പ്', എന്നിങ്ങനെ പോകുന്നു പരിഹാസ കമന്റുകൾ.

ദേശീയ അവാർഡ് നേടിയ കാമാഖ്യ നാരായണ സിങ് ആണ് കേരള സ്റ്റോറി 2 സംവിധാനം ചെയ്യുന്നത്. വിപുൽ ഷാ നിർമിക്കുന്ന ചിത്രത്തിൽ ആഷിൻ എ. ഷായാണ് സഹനിർമാതാവ്. സുദീപ്തോ സെൻ ആയിരുന്നു കേരള സ്റ്റോറി സംവിധാനം ചെയ്തത്. വലിയ രീതിയിൽ വിമർശനങ്ങൾ നേരിട്ട ചിത്രം കേരളത്തെ മോശമായി ചിത്രീകരിക്കാനുള്ള പ്രൊപ്പഗണ്ട പടമാണെന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ ചിത്രത്തിന് ലഭിച്ചതിനെതിരെയും വിമർശനങ്ങള്‍ ഉയര്‍ന്നിരുന്നു. ദേശീയ അവാര്‍ഡിന്‍റെ നിലവാരം കുറഞ്ഞെന്നായിരുന്നു വിമര്‍ശനങ്ങള്‍.



