
മുംബൈ : ബിഗ് ബോസ് പതിമൂന്നാം സീസൺ വിജയിയായ സിദ്ധാർഥ് ശുക്ല, ഇന്ന് ഹൃദയാഘാതം കാരണം മരണപ്പെട്ടു. മുംബൈ കൂപ്പർ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. സിദ്ധാർത്ഥിന്റെ നാൽപതു വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളൂ. രാത്രി മരുന്നും കഴിച്ച് കിടന്നുറങ്ങിയ ശുക്ല പിന്നെ എഴുന്നേറ്റില്ല എന്നാണ് വീട്ടുകാർ പറയുന്നത്. ആശുപത്രി അധികൃതരാണ് പിന്നീട് മരണകാരണം ഹൃദയാഘാതമാണ് എന്ന വിവരം സ്ഥിരീകരിച്ചത്.
ബിഗ്‌ബോസിലെ വിജയത്തിന് പുറമേ, തിരക്കുള്ള ഒരു ടെലിവിഷൻ താരം കൂടിയായിരുന്നു സിദ്ധാർഥ്. ബാലികാ വധു പോലെയുള്ള നിരവധി ജനപ്രിയ ടെലി സീരിയലുകളിൽ അദ്ദേഹം പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഹംപ്റ്റി ശർമ കി ദുൽഹനിയ എന്ന വരുൺ ധവാൻ ചിത്രത്തിലും സിദ്ധാർഥ് അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണത്തിനു പിന്നാലെ ട്വിറ്ററിൽ 'shocked' എന്ന വാക്ക് ട്രെൻഡിങ് ആയിരുന്നു.
ബ്രോക്കൻ ബ്യൂട്ടിഫുൾ എന്ന ഏക്താ കപൂറിന്റെ ജനപ്രിയ സീരീസിൽ അഗസ്ത്യ എന്ന കഥാപാത്രമായി സിദ്ധാർഥ് അഭിനയിച്ചിരുന്നു. 2005 -ൽ ടർക്കിയിൽ നടന്ന വേൾഡ്‌സ് ബെസ്റ്റ് മോഡൽ മത്സരത്തിൽ വിജയിച്ച സിദ്ധാർഥ് ആ നേട്ടത്തിനുടമയാവുന്ന ആദ്യത്തെ ഏഷ്യക്കാരനായിരുന്നു. 2008 -ൽ, ബാബുൽ കാ ആംഗൻ ചൂട്ടെ നാ എന്ന സോണി ടിവിയിലെ ഷോയിലൂടെയാണ് അഭിനയ രംഗത്തേക്കുള്ള സിദ്ധാർത്ഥിന്റെ രംഗപ്രവേശം. അതിനു ശേഷവും ജാനേ പെഹചാനെ സെ യെ അജ്നബി, ലവ് യു സിന്ദഗി, ദിൽ സെ ദിൽ തക് തുടങ്ങിയ പല സീരിയലുകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. 2016 -ലെ ഫിയർ ഫാക്ടർ എന്ന അഡ്വഞ്ചർ ഷോയിലും സിദ്ധാർഥ് വിജയിയായിട്ടുണ്ട്.
ഉത്തർപ്രദേശിലെ അലഹബാദിൽ നിന്നാണ് സിദ്ധാർഥ് അഭിനയ മോഹവുമായി മുംബൈയിലേക്ക് വന്നെത്തുന്നതും ടെലിവിഷൻ സീരിയൽ രംഗത്ത് തന്റെ ചുവടുറപ്പിക്കുന്നത്. സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ഇന്റീരിയർ ഡിസൈൻ പഠനം കൂടി പൂർത്തിയാക്കിയ ശേഷമാണ് സിദ്ധാർഥ് ശുക്ല മോഡലിംഗിലേക്കും പിന്നാലെ ടെലിവിഷൻ അഭിനയ രംഗത്തേക്കും എത്തിച്ചേരുന്നത്. അവിചാരിതമായുണ്ടായ താരത്തിന്റെ മരണത്തിൽ ബിഗ് ബോസ് 13 ലെ അദ്ദേഹത്തിന്റെ സഹതാരങ്ങളായ തെഹ്‌സീൻ പൂനവാല, രശ്മി ദേശായി, ദേവോലീന ചാറ്റർജി തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.