
മുൻവിധികളെ മാറ്റിമറിച്ച പ്രകടനവുമായി ആർഡിഎക്സ് പ്രദർശനം തുടരുകയാണ്. ആന്റണി വർഗീസ്, ഷെയ്ൻ നിഗം, നീരജ് മാധവ് എന്നിവർ തകർത്തഭിനയിച്ച ചിത്രം ബോക്സ് ഓഫീസുകളിൽ മിന്നും പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 50 കോടിയാണ് റിലീസ് ചെയ്ത് ഒൻപത് ദിവസത്തിനുള്ളിൽ ആർഡിഎക്സ് നേടിയത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം വിജയകരമായി പ്രദർശനം തുടരുന്നതിനിടെ സിനിമയിലേക്ക് ആദ്യം പരിഗണിച്ച നടന്മാരെ സംബന്ധിച്ച വിവങ്ങളാണ് പുറത്തുവരുന്നത്.
ശ്രീനാഥ് ഭാസി, അർജുൻ അശോകൻ, റോഷൻ മാത്യു തുടങ്ങിയവരെ ആദ്യം പരിഗണിച്ചിരുന്നുവെന്ന് പറയുകയാണ് നഹാസ് ഹിദായത്ത്. ദി ഫോർത്തിനോട് ആയിരുന്നു ഇവരുടെ പ്രതികരണം. "ഈ സമയത്ത് എല്ലാവരും ബിസി ആയിരുന്നു. പെപ്പെയെ മാത്രം ആദ്യമെ തന്നെ ഞങ്ങൾ തീരുമാനിച്ച നടനാണ്. ഡോണി എന്ന കഥാപാത്രത്തെ കുറിച്ച് ആന്റണി വർഗീസിനോട് തന്നെയാണ് ഞാൻ ആദ്യം പറയുന്നതും. സ്റ്റോറി കേട്ടപ്പോൾ തന്നെ സിനിമ ചെയ്യാമെന്ന് പെപ്പെ പറയുക ആയിരുന്നു. ചിത്രത്തിൽ പെപ്പെയും ഷെയ്നും സഹോദരങ്ങളാണ്. പെപ്പെയുടെ അനുജനായിട്ട് ഒരു ലീൻ ലുക്കുള്ള ആളെ വേണമായിരുന്നു. അങ്ങനെയാണ് ഷെയ്നിലേക്ക് എത്തുന്നത്. ആരും എക്സ്പെക്ട് ചെയ്യുന്ന ആളാവരുത് സേവ്യർ എന്ന കഥാപാത്രം ആകുന്നതെന്ന് നിർബന്ധം ഉണ്ടായിരുന്നു. കോമഡി ആയിട്ടൊക്കെ ആണ് നീരജിനെ ഏറ്റവും കൂടുതൽ യൂസ് ചെയ്തിട്ടുള്ളത്. പുള്ളിയുടെ ഒരു ആക്ഷൻ വന്നാൽ സർപ്രൈസിംഗ് ആയിരിക്കുമെന്ന് തോന്നി. മൂന്ന് പേരും നമ്മൾ പ്രതീക്ഷിച്ചതിലും മുകളിൽ തന്നിട്ടുണ്ട്", എന്നാണ് നഹാസ് പറഞ്ഞത്.
ഇവരെ കൂടാതെ പ്രണവ് മോഹൻലാലിനെയും ചിത്രത്തിനായി പരിഗണിച്ചിരുന്നുവെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. പ്രണവിന്റെ പ്രൈമറി സ്കിൽ ഫൈറ്റ് ആണെന്ന് ആദി എന്ന സിനിമയിലൂടെ പ്രേക്ഷകർ കണ്ടതാണെന്നും ഇവർ പറയുന്നു. റോബർട്ട് എന്ന കഥാപാത്രത്തിനായിട്ടായിരുന്നു ഇതെന്നും പറയപ്പെടുന്നു. ചിത്രത്തിൽ റോബർട്ട് ആയെത്തിയത് ഷെയ്ൻ നിഗം ആണ്.
അതേസമയം, ബോക്സ് ഓഫീസിൽ 50 കോടി നേട്ടം കൊയ്ത് വിജയ കിരീടം ചൂടിയിരിക്കുകയാണ് ആർഡിഎക്സ്. ഏറ്റവും വേഗത്തിൽ ബോക്സ് ഓഫീസിൽ 50 കോടി നേടുന്ന ചിത്രങ്ങളുടെ പട്ടികയിലും ആർഡിഎക്സ ഇടംപിടിച്ചു കഴിഞ്ഞു. ലൂസിഫർ (4 Days),കുറുപ്പ് (5 Days + P) ഭീഷ്മപർവം (6 Days) 2018 (7 Days), എന്നീ ചിത്രങ്ങൾക്ക് ഒപ്പമാണ് അഞ്ചാം സ്ഥാനക്കാരനായി ആർഡിഎക്സും ഇടംപിടിച്ചിരിക്കുന്നത്. പരിമിതമായ റിലീസും, കടുത്ത മത്സരവും, ചെറിയ സ്‌ക്രീനുകളും ആദ്യ ദിവസങ്ങളിൽ ഉണ്ടായിരുന്നിട്ടും ചിത്രം ഈ നേട്ടം കൊയ്തത് മലയാള സിനിമയ്ക്ക് തന്നെ വലിയ മുതൽക്കൂട്ടായി മാറിയിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ