എന്തുകൊണ്ട് 'ലൂസിഫറി'ന്റെ റൈറ്റ്‌സ് വാങ്ങി? ചിരഞ്ജീവി പറയുന്നു

By Web TeamFirst Published Sep 29, 2019, 8:08 PM IST
Highlights

സെയ്‌റ നരസിംഹ റെഡ്ഡിയുടെ കേരള ലോഞ്ചില്‍ മനസ് തുറന്ന് ചിരഞ്ജീവി.
 

മലയാളത്തിലെ എക്കാലത്തെയും ബോക്‌സ്ഓഫീസ് വിജയമായിരുന്ന 'ലൂസിഫറി'ന്റെ തെലുങ്ക് റീമേക്ക് അവകാശം വാങ്ങാനുള്ള കാരണം പറഞ്ഞ് സൂപ്പര്‍താരം ചിരഞ്ജീവി. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റാണെന്നും എന്തായാലും കാണണമെന്നും ഒരാള്‍ നിര്‍ദേശിച്ചതനുസരിച്ചാണ് ചിത്രം കണ്ടതെന്നും ശേഷം റൈറ്റ്‌സ് വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ചിരഞ്ജീവി. ചിരഞ്ജീവി നായകനാവുന്ന ബ്രഹ്മാണ്ഡ ചിത്രം 'സെയ്‌റ നരസിംഹ റെഡ്ഡി'യുടെ കേരള ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൃഥ്വിരാജും ചടങ്ങിന് എത്തിയിരുന്നു.

'വളരെ അടുത്താണ് ഞാന്‍ ലൂസിഫര്‍ കണ്ടത്. മലയാളത്തിലെ ഏറ്റവും വലിയ വിജയമാണെന്നും എന്തായാലും കാണണമെന്നും എന്നോട് ആരോ പറഞ്ഞു. ആദ്യകാഴ്ചയില്‍ അത്ഭുതപ്പെടുത്തിയ ചിത്രമാണ് ലൂസിഫര്‍. പൃഥ്വിരാജ് അത് സംവിധാനം ചെയ്തിരിക്കുന്ന രീതിയും. കണ്ടപ്പോള്‍ ലൂസിഫര്‍ എനിക്ക് തെലുങ്കില്‍ ചെയ്യണമെന്ന് തോന്നി. പക്ഷേ ലൂസിഫറിന്റെ തെലുങ്ക് ഡബ്ബിംഗ് പതിപ്പ് അതിനകം റിലീസ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പിന്നാലെ അറിഞ്ഞു. എങ്കിലും എനിയ്ക്ക് അത് ചെയ്യണമെന്നുതന്നെ തോന്നി. അതിനാല്‍ റൈറ്റ്‌സ് വാങ്ങി. എന്റെ അടുത്തതോ അതിനടുത്തതോ ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയിരിക്കും', ചിരഞ്ജീവി പറയുന്നു.

മലയാളം പതിപ്പില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കിലും അദ്ദേഹം അവതരിപ്പിക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും എന്നാല്‍ ആ വേഷത്തില്‍ രാംചരണ്‍ വന്നാല്‍ കൂടുതല്‍ നന്നാവുമെന്ന് പൃഥ്വി പറഞ്ഞതെന്നും ചിരഞ്ജീവി കൂട്ടിച്ചേര്‍ത്തു. 

അതേസമയം 285 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രമാണ് 'സെയ്‌റ നരസിംഹ റെഡ്ഡി'. ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാടിയ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതത്തെ അധികരിച്ചാണ് സിനിമ. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര,. കിച്ച സുദീപ്, വിജയ് സേതുപതി, തമന്ന, നിഹാരിക എന്നിവര്‍ വിവിധ കഥാപാത്രങ്ങളായി എത്തുന്നു. 

click me!