
മോഹന്‍ലാലും മമ്മൂട്ടിയും നായകന്മാരാവുന്ന ചിത്രങ്ങള്‍ ഒരേ ഫെസ്റ്റിവല്‍ സീസണിലും ഒരേ ദിവസവുമൊക്കെ തിയറ്ററുകളില്‍ എത്തുന്നത് മുന്‍പ് പതിവായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ ഉണ്ടാവാറില്ല. എന്നാല്‍ അത്തരത്തിലൊരു ക്ലാഷ് വീണ്ടും ഉണ്ടാവാനുള്ള സാധ്യതയെക്കുറിച്ചുള്ള കൗതുകകരമായ റിപ്പോര്‍ട്ടുകള്‍ വീണ്ടും വരുന്നുണ്ട്. എന്നാല്‍ അത് മലയാളത്തിലല്ല, തമിഴില്‍ ആണെന്നതാണ് രസകരം. രണ്ടും അവര്‍ നായകന്മാരാവുന്ന ചിത്രങ്ങളല്ല, എന്നാല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രങ്ങളാണ്. നെല്‍സണ്‍ ദിലീപ്‍കുമാറിന്‍റെ രജനികാന്ത് ചിത്രം ജയിലര്‍ 2 ല്‍ അതിഥിവേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. എന്നാല്‍ രാജ്‍കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ഓം എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ധനുഷ് നായകനാവുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടി ഒരു പ്രധാന വേഷത്തിലാണ് എത്തുന്നത്.
ഇതില്‍ ജയിലര്‍ 2 ജൂണ്‍ 12 ന് എത്തുമെന്നാണ് ആദ്യം കരുതപ്പെട്ടിരുന്നത്. എന്നാല്‍ അതിഥിതാരങ്ങളുടേതടക്കമുള്ള ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാവാത്തതിനാല്‍ ആ ഡേറ്റില്‍ ചിത്രം എത്തിയില്ല. പകരം ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളൊക്കെ ചിത്രത്തിന്‍റെ റിലീസ് സമയമായി പറയപ്പെട്ടിരുന്നു. അതേസമയം ഒരു ഫെസ്റ്റിവല്‍ സീസണ്‍ ആണ് നിര്‍മ്മാതാക്കള്‍ ജയിലര്‍ 2 നായി നിലവില്‍ നോക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇനി വരുന്ന ഒരു പ്രധാന ഫെസ്റ്റിവല്‍ സീസണ്‍ നവരാത്രിയാണ്. എന്നാല്‍ ധനുഷ്- മമ്മൂട്ടി ടീമിന്‍റെ ഓമിന്‍റേതായി ഇതിനകം പ്രഖ്യാപിച്ചിരിക്കുന്ന റിലീസ് തീയതി ഒക്ടോബര്‍ 16 ആണ്. നവരാത്രി റിലീസ് ആണ് ഇത്.
ഇതേ സമയമാണ് ജയിലര്‍ 2 നിര്‍മ്മാതാക്കളും നിലവില്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ വന്നാല്‍ മലയാളികളെ സംബന്ധിച്ച് വേറിട്ട ഒരു മമ്മൂട്ടി- മോഹന്‍ലാല്‍ ക്ലാഷ് ആവും കാണാനാവുക. എന്നാല്‍ തങ്ങള്‍ക്ക് സോളോ റിലീസ് ലഭിക്കാനായി ജയിലര്‍ 2 നിര്‍മ്മാതാക്കള്‍ ഓം നിര്‍മ്മാതാക്കളെ സമീപിച്ചിട്ടുണ്ടെന്ന് വലൈപ്പേച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഓം ദീപാവലിക്ക് ഇറക്കാനാവുമോ എന്നാണ് ജയിലര്‍ 2 നിര്‍മ്മാതാക്കള്‍ ആരായുന്നതെന്നാണ് അവര്‍ പറയുന്നത്. ഓം ടീം അത് സമ്മതിച്ചാല്‍ നവംബര്‍ 5, 6 തീയതികളിലേക്ക് ചിത്രം മാറും. അങ്ങനെ വന്നാല്‍ മോഹന്‍ലാല്‍- മമ്മൂട്ടി ക്ലാഷ് സംഭവിക്കുകയുമില്ല. ജയിലര്‍ 2 സോളോ റിലീസ് ആയി നവരാത്രിക്കും എത്തും. ജയിലര്‍ 2 റിലീസ് തീയതി പ്രഖ്യാപനത്തിനുവേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ