സുശാന്തിന്‍റെ മരണത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ പദ്മശ്രീ തിരികെ നല്‍കും:കങ്കണ

By Web TeamFirst Published Jul 18, 2020, 9:35 AM IST
Highlights

സുശാന്തിന്‍റെ മരണവുമായി സംബന്ധിച്ച കേസില്‍ പൊലീസ് മൊഴി നല്‍കാന്‍ വിളിച്ചിരുന്നു. വിവാദ പ്രസ്താവനകള്‍ നടത്തി റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാന്‍ താല്‍പര്യമുള്ള വ്യക്തിയല്ല താനെന്നും കങ്കണ

ബോളിവുഡ് യുവനടന്‍ സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തില്‍ താന്‍ ഉന്നയിച്ച കാര്യങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ പദ്മശ്രീ തിരികെ നല്‍കാന്‍ തയ്യാറാണെന്ന് നടി കങ്കണ റണൌട്ട്. സുശാന്തിന്‍റെ മരണവുമായി സംബന്ധിച്ച കേസില്‍ പൊലീസ് മൊഴി നല്‍കാന്‍ വിളിച്ചതായും കങ്കണ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈസ് റിപ്പോര്‍ട്ട് ചെയ്തു. മുംബൈ പൊലീസ് വിളിച്ചിരുന്നു. പക്ഷേ മണാലിയില്‍ ആയതിനാല്‍ മൊഴിയെടുക്കാന്‍ ആരെയെങ്കിലും അയയ്ക്കാമോയെന്ന് താന്‍ തിരക്കിയിരുന്നു.

എന്നാല്‍ അതിന് ശേഷം അവരില്‍ നിന്ന് അറിയിപ്പുകളൊന്നും ലഭിച്ചില്ല. പറയുന്ന കാര്യങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ തനിക്ക് ലഭിച്ച പദ്മശ്രീ മടക്കി നല്‍കുമെന്നും കങ്കണ പ്രതികരിക്കുന്നു. വിവാദ പ്രസ്താവനകള്‍ നടത്തി റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാന്‍ താല്‍പര്യമുള്ള വ്യക്തിയല്ല താനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് പറയാനുള്ള കാര്യങ്ങളാണ് പൊതുവേദികളില്‍ സംസാരിച്ചതെന്നും അവര്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്. 

ഇതൊരു ആത്മഹത്യയാണോ കൊലപാതകമോ?; പ്രതികരിച്ച് കങ്കണ

ജൂണ്‍ 14നാണ് യുവതാരം സുശാന്ത് സിംഗ് രാജ്പൂതിനെ ബാന്ദ്രയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്ന സുശാന്ത് ആത്മഹത്യ ചെയ്തുവെന്നായിരുന്നു ഇത് സംബന്ധിച്ച് പുറത്ത് വന്ന വിവരങ്ങള്‍. എന്നാല്‍ സുശാന്തിന്‍റെ മരണത്തിന് പിന്നില്‍ സിനിമയിലെ മാഫിയ ആണെന്നും ആത്മഹത്യയല്ല കൊലപാതകമാണെന്നുമായിരുന്നു കങ്കണ ആരോപിച്ചത്. സുശാന്തിന്‍റെ പിതാവ്, മുന്‍ കാമുകി, ചലചിത്ര നിര്‍മ്മാതാവ് അഭിഷേക് കപൂര്‍ എന്നിവരെ ഉദ്ധരിച്ചായിരുന്നു കങ്കണയുടെ ആരോപണങ്ങള്‍. കഴിഞ്ഞ വര്‍ഷം സുശാന്തിന്റെ അഞ്ച് ചിത്രങ്ങള്‍ മുടങ്ങി പോയെന്നും മരണത്തെ കുറിച്ച് ചിലര്‍ വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും കങ്കണ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞിരുന്നു. 
 

click me!