
ഇത്തവണത്തെ ഓസ്‍കര്‍ (Oscar 2022) അവാര്‍ഡ്‍ ദാന ചടങ്ങിനെ നാടകീയമാക്കിയ സംഭവമായിരുന്നു മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട വില്‍ സ്‍മിത്തിന്‍റെ (Will Smith) വേദിയിലെ അപ്രതീക്ഷിത പെരുമാറ്റം. ഭാര്യ ജെയ്‍ഡ പിന്‍കറ്റിന്‍റെ രോഗാവസ്ഥയെ സൂചിപ്പിച്ച് അവതാരകനായ ക്രിസ് റോക്ക് പറഞ്ഞ തമാശയില്‍ നിയന്ത്രണം നഷ്‍ടപ്പെട്ട സ്‍മിത്ത് വേദിയിലേക്ക് കയറിച്ചെന്ന് അദ്ദേഹത്തിന്‍റെ മുഖത്തടിക്കുകയായിരുന്നു. ഒരു നിമിഷം സ്‍തബ്ധനായ ക്രിസ് മനസാന്നിധ്യം വീണ്ടെടുത്ത് പരിപാടി തുടരുകയായിരുന്നു. ഈ സംഭവത്തിനു ശേഷമായിരുന്നു വില്‍ സ്‍മിത്തിനെ മികച്ച നടനായി തെരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം വന്നത്. പുരസ്‍കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ തന്നെ തന്‍റെ പെരുമാറ്റത്തിന് സ്മിത്ത് മാപ്പ് ചോദിച്ചിരുന്നു. ഇപ്പോഴിതാ തന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഒരു വിശദമായ കുറിപ്പും അദ്ദേഹം പുറത്തിറക്കിയിരിക്കുകയാണ്. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ലോകത്ത് ഹിംസയ്ക്ക് സ്ഥാനമില്ലെന്ന് അദ്ദേഹം പറയുന്നു.
വില്‍ സ്‍മിത്തിന്‍റെ കുറിപ്പ്
"ഏത് രൂപത്തിലുമുള്ള ഹിംസ വിഷമയമാണ്, സംഹാരശേഷിയുള്ളതാണ്. കഴിഞ്ഞ രാത്രി അക്കാദമി അവാര്‍ഡ് വേദിയിലുണ്ടായ എന്‍റെ പെരുമാറ്റം അസ്വീകാര്യവും ഒഴികഴിവ് പറയാനാവാത്തതുമാണ്. എന്നെക്കുറിച്ചുള്ള തമാശകളൊക്കെ അവിടെ പറയാനാവും. അത് ആ ജോലിയുടെ ഭാഗമാണ്. പക്ഷേ ജെയ്‍ഡയുടെ മെഡിക്കല്‍ കണ്ടീഷനെക്കുറിച്ചുള്ള ഒരു തമാശ എനിക്ക് താങ്ങാനാവുന്ന ഒന്നല്ല. വൈകാരികമായിരുന്നു എന്‍റെ പ്രതികരണം.
ALSO READ: ഓസ്കർ വേദിയിൽ അവതാരകന്‍റെ മുഖത്തടിച്ച് വിൽ സ്മിത്; പ്രകോപനം ഭാര്യയെക്കുറിച്ചുള്ള പരാമർശം
ക്രിസ്, താങ്കളോട് പരസ്യമായി ക്ഷമ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു നിമിഷം ഞാന്‍ കൈവിട്ടുപോയി, എനിക്ക് തെറ്റുപറ്റി. ആ പ്രവര്‍ത്തിയില്‍ എനിക്ക് നാണക്കേടുണ്ട്. ഞാന്‍ ആയിത്തീരാന്‍ ആഗ്രക്കുന്ന ഒരു മനുഷ്യന്‍ ഇങ്ങനെയല്ല. സ്നേഹത്തിന്‍റെയും കാരുണ്യത്തിന്റെയും ലോകത്തില്‍ ഹിംസയ്ക്ക് സ്ഥാനമില്ല.
അക്കാദമിയോടും ഷോയുടെ നിര്‍മ്മാതാക്കളോടും സദസ്സില്‍ ഉണ്ടായിരുന്നവരോടും ലോകം മുഴുവനുമുള്ള പ്രേക്ഷകരോടും ഞാന്‍ മാപ്പ് ചോദിക്കുന്നു. വില്യംസ് കുടുംബത്തോടും കിംഗ് റിച്ചാഡ് കുടുംബത്തോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. മറ്റൊരു തരത്തില്‍ ഗംഭീരമാകാമായിരുന്ന നമ്മുടെയൊക്കെ യാത്രയെ എന്‍റെ പെരുമാറ്റം മങ്ങലേല്‍പ്പിച്ചുവെന്നതില്‍ ഞാന്‍ അങ്ങേയറ്റം ഖേദിക്കുന്നു. ഒരു വര്‍ക്ക് ഇന്‍ പ്രോഗ്രസ് ആണ് ഞാന്‍. വിശ്വസ്തതയോടെ, വില്‍."
വിൽ സ്മിത്തിന്‍റെ ഭാര്യ പിങ്കറ്റ് സ്മിത്തിനെ ബാധിച്ചത് ഈ രോഗാവസ്ഥ
അലോപേഷ്യ ഏരിയേറ്റ എന്ന രോഗാവസ്ഥയുള്ള ആളാണ് വില്‍ സ്‍മിത്തിന്റെ ഭാര്യ ജെയ്‍ഡ പിന്‍കറ്റ്. രോഗപ്രതിരോധ സംവിധാനം ഒരു വ്യക്തിയുടെ കോശങ്ങളെത്തന്നെ ആക്രമിക്കുന്നതുമൂലം വരുന്ന പലതരം അവസ്ഥകളില്‍ ഒന്നാണ് ഇത്. മുടിയുടെ വേരുകളിലുള്ള മെലാനോസൈറ്റുകള്‍ നശിച്ച് വേരുകള്‍ ദുര്‍ബലമാവുന്നതുമൂലം മുടി കൊഴിയലാണ് ചിലര്‍ക്ക് ഉണ്ടാവുന്നത്. ഇതാണ് ജെയ്‍ഡയ്ക്കും ഉള്ളത്. തല മുണ്ഡനം ചെയ്‍തത് സൂചിപ്പിച്ച് ജിഐ ജെയ്‍ന്‍ എന്ന സിനിമയുടെ സീക്വലില്‍ ജെയ്‍ഡ അഭിനയിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നാണ് അവതാരകന്‍ ഓസ്‍കര്‍ വേദിയില്‍ പറഞ്ഞത്. ഇതാണ് വില്‍ സ്‍മിത്തിനെ പ്രകോപിപ്പിച്ചത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ