അമേരിക്കന്‍ കൊമേഡിയനും അവതാരകനുമായ ക്രിസ് റോക്കിനെയാണ് വില്‍ സ്മിത് ഓസ്‌കാര്‍ വേദിയില്‍ വെച്ച് തല്ലിയത്.
94-ാമത് ഓസ്കർ പുരസ്കാര(Oscars 2022) ചടങ്ങിൽ നടൻ വില്‍ സ്മിത്(Will Smith) അവതാരകന്റെ മുഖത്തടിച്ചത് വലിയ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഭാര്യയെക്കുറിച്ചുള്ള പരാമർശമാണ് വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഒടുവിൽ മികച്ച നടനുള്ള അവാർഡ് സ്വീകരിച്ചു കൊണ്ട് സംഭവത്തിൽ സ്മിത് മാപ്പു പറയുകയും ചെയ്തു. ഈ അവസരത്തിൽ നടന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
”അക്കാദമിയോട് മാപ്പ് പറയുകയാണ്. എന്റെ എല്ലാ നോമിനികളോടും ക്ഷമ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതൊരു മനോഹരമായ നിമിഷമാണ്, ഒരു അവാര്‍ഡ് നേടിയതിലല്ല ഞാന്‍ കരയുന്നത്. ജനങ്ങളുടെ മേല്‍ വെളിച്ചമായി തിളങ്ങാനും വെളിച്ചം പകരാനും സാധിച്ചതിനാലാണ് കണ്ണുകൾ നിറയുന്നത്. കിംഗ് റിച്ചാര്‍ഡിന്റെ എല്ലാ കാസ്റ്റ് ആന്‍ഡ് ക്രൂവിനും വില്യംസ് കുടുംബത്തിനും നന്ദി. സ്നേഹം ചിലപ്പോൾ നിങ്ങളെ ഭ്രാന്തൻ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കും. ഞാന്‍ ഓസ്‌കാര്‍ അക്കാദമിയോടും എല്ലാ സഹപ്രവര്‍ത്തകരോടും മാപ്പ് ചോദിക്കുന്നു. അക്കാദമി ഇനിയും എന്നെ ക്ഷണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നന്ദി,” വില്‍ സ്മിത് പറഞ്ഞു.
അമേരിക്കന്‍ കൊമേഡിയനും അവതാരകനുമായ ക്രിസ് റോക്കിനെയാണ് വില്‍ സ്മിത് ഓസ്‌കാര്‍ വേദിയില്‍ വെച്ച് തല്ലിയത്. ഡോക്യുമെന്ററി ഫീച്ചറിനുള്ള ഓസ്കാർ സമ്മാനിക്കുന്നതിനിടെയാണ് സംഭവം. ഇത് മുൻകൂട്ടി തീരുമാനിച്ച സ്ക്രിപ്റ്റഡ് സ്കിറ്റ് ആയിരിക്കുമെന്ന തരത്തിലാണ് സംഭവത്തില്‍ ആരാധകർ പ്രതികരിച്ചിരുന്നത്. എന്നാൽ പിന്നീടാണ് സീരിയസ് ഇഷ്യു ആണെന്ന് എല്ലാവർക്കും മനസ്സിലായത്.
വില്‍ സ്മിത്തിന്റെ ഭാര്യ ജാദ പിങ്കെറ്റ് സ്മിത്ത് അലോപേഷ്യ രോഗിയാണ്. അകാരണമായി തലമുടി കൊഴിഞ്ഞു പോവുന്ന അവസ്ഥയാണിത്. നടിയും ടെലിവിഷന്‍ അവതാരകയും ആക്ടിവിസ്റ്റുമായ ജാദ പല അഭിമുഖങ്ങളിലും തന്റെ ഈ അവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്.
കിങ് റിച്ചാര്‍ഡ് എന്ന ചിത്രത്തിലെ അഭിനയമാണ് സ്മിത്ത് പുരസ്കാരത്തിന് അർഹനാക്കിയത്. ടെന്നീസ് താരങ്ങളായ സെറീന വില്യംസ് വീനസ് വില്യംസ് എന്നിവരുടെ ജീവിതകഥ പറഞ്ഞ കിംഗ് റിച്ചാര്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സ്മിത്തിന് അവാര്‍ഡ് ലഭിച്ചത്. ഇരുവരുടെയും പിതാവായ റിച്ചാര്‍ഡ് വില്യംസിനെയാണ് വില്‍ സ്മിത് വെള്ളിത്തിരയിലെത്തിച്ചത്.
ജെസീക്ക ചസ്റ്റൈൻ ആണ് മികച്ച നടി. ദ ഐയ്‌സ് ഓഫ് ടമ്മി ഫായേ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അംഗീകാരം. ദ പവര്‍ ഓഫ് ദ ഡോഗ് എന്ന ചിത്രത്തിലൂടെ മികച്ച സംവിധായിക/ സംവിധായകന്‍ ആയി ജെയ്ൻ കാംപിയോൺ.
അതേസമയം, ഓസ്കറില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന റൈറ്റിങ് വിത്ത് ഫയറിന് പുരസ്കാരമില്ല.സഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിൽ മാത്രമായിരുന്നു ഇന്ത്യൻ ചിത്രം മത്സരിച്ചിരുന്നത്. 'സമ്മര്‍ ഓഫ് സോൾ' ആണ് മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‍കര്‍ സ്വന്തമാക്കിയത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരായ അഹ്മിർ തോംസൺ, ജോസഫ് പട്ടേൽ, റോബർട്ട് ഫൈവോലന്റ്, ഡേവിഡ് ഡൈനർസ്റ്റീൻ എന്നിവർ അവാർഡ് സ്വീകരിക്കും.
Read Also: Oscars 2022 : ഒട്ടേറെ പുതുമകളുമായി ഓസ്‍കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, ജേതാക്കളുടെ പട്ടിക
റൈറ്റിംഗ് വിത്ത് ഫയറിന്റെ അണിയറയിലുള്ളത് ദില്ലി മലയാളിയായ റിന്റു തോമസും ഭർത്താവ് സുസ്മിത് ഘോഷുമാണ്. ദളിത് വനിതകൾ നടത്തുന്ന ഖബർ ലഹാരിയ എന്ന ഹിന്ദി പത്രത്തെ കുറിച്ചാണ് ഈ ഡോക്യുമെന്ററി. ഇതിനകം നിരവധി അന്താരാഷ്ട്ര ബഹുമതികൾ നേടിയിട്ടുള്ള റൈറ്റിംഗ് വിത്ത് ഫയർ വഴി ഒരിക്കൽ കൂടി ഓസ്കർ ഇന്ത്യയിലേക്ക് എത്തുമെന്ന പ്രതീക്ഷയായിരുന്നു ഏവർക്കും.
കോഡയാണ് മികച്ച ചിത്രത്തിനുള്ള ഒസ്കര്‍ സ്വന്തമാക്കിയത്. മികച്ച അവലംബിത തിരക്കഥയ്‍ക്കുള്ള അവാർഡും കോഡയ്ക്ക് തന്നെയാണ്. ഈ ചിത്രത്തിലെ തന്നെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം ട്രോയ് കോട്‍സറും നേടി. ബധിര കുടുംബത്തിന്റെ ഹൃദയ സ്പർശിയായ കഥ പറയുന്ന കോഡ പ്രേക്ഷകർക്ക് മുന്നിലെത്തിയത് ആപ്പിളിന്റെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലൂടെ. മികച്ച സഹനടി അരിയാനോ ഡബോസ് ആണ്. വെസ്റ്റ് സൈഡ് സ്റ്റോറിയിലെ അഭിനയത്തിനാണ് നടിയെ തേടി പുരസ്കാരം എത്തിയത്. ഓസ്കര്‍ ലഭിക്കുന്ന ആദ്യ ട്രാന്‍സ്ജെന്‍റര്‍ വ്യക്തികൂടിയാണ് അരിയാന.
