
സ്പോര്‍ട്സില്‍ താല്‍പര്യമുള്ളയാളാണ് മോഹന്‍ലാല്‍. ഫുട്ബോളിനോടുള്ള തന്‍റെ താല്‍പര്യം പലപ്പോഴും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ലോകപ്രശസ്ത ടെന്നിസ് ടൂര്‍ണമെന്‍റ് ആയ വിംബിള്‍ഡണില്‍ ഒരു മാച്ച് കാണാന്‍ അദ്ദേഹം എത്തിയിരുന്നു. അവിടെനിന്ന് എടുത്ത സെല്‍ഫി തന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ അദ്ദേഹം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ആ വൈറല്‍ ചിത്രം വിംബിള്‍ഡണിന്‍റെ ഫേസ്ബുക്ക് പേജും പങ്കുവച്ചിരിക്കുകയാണ്.
"വിംബിള്‍ഡണിന് എത്തിയതില്‍ സന്തോഷം, സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍" എന്ന വരിയോടെയാണ് അവര്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. 57 ലക്ഷം ഫോളോവേഴ്സ് ഉള്ള പേജ് ആണ് ഇത്. വിംബിള്‍ഡണില്‍ യുക്രൈനിന്‍റെ എലിന സ്വിറ്റോലാനയും ചെക്ക് റിപബ്ലിക്കിന്‍റെ മാര്‍ക്കെറ്റ വൊണ്‍ഡ്രോസോവയും തമ്മിലുള്ള സെമിഫൈനല്‍ മത്സരത്തിനാണ് മോഹന്‍ലാല്‍ സാക്ഷിയായത്. വാള്‍ട്ട് ഡിസ്‍നി കമ്പനി ഇന്ത്യ പ്രസിഡന്റ് കെ മാധവനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
അതേസമയം നിരവധി പ്രോജക്റ്റുകളാണ് മോഹന്‍ലാലിന്‍റേതായി പുറത്തുവരാനുള്ളത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം പാര്‍ട്ട് 1, സംവിധാന അരങ്ങേറ്റ ചിത്രം ബറോസ്, എം ടി വാസുദേവന്‍ നായരുടെ രചനകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രത്തിന്‍റെ ഭാഗമായ ഓളവും തീരവും എന്നിവ ചിത്രീകരണം നടത്ത സിനിമകളാണ്. ഇതില്‍ റാം 1 പൂര്‍ത്തിയായിട്ടില്ല. എമ്പുരാന്‍, കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട ജീത്തു ജോസഫിന്‍റെ മറ്റൊരു ചിത്രം എന്നിവയും അദ്ദേഹത്തിന്‍റെ ലൈനപ്പില്‍ ഉണ്ട്. മറുഭാഷകള്‍ എടുത്താല്‍ രജനികാന്ത് നായകനായെത്തുന്ന നെല്‍സണ്‍ ദിലീപ്‍കുമാര്‍ ചിത്രം ജയിലറില്‍ അതിഥിവേഷത്തിലും എത്തുന്നുണ്ട് മോഹന്‍ലാല്‍. 200 കോടിയുടെ പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയിലും മോഹന്‍ലാല്‍ ആണ് നായകന്‍.
ALSO READ : ഏറ്റവും ജനപ്രീതി നേടിയ 10 ഇന്ത്യന്‍ ചിത്രങ്ങള്‍ ഏതൊക്കെ? 2023 ആദ്യ പകുതിയിലെ ലിസ്റ്റ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം