
സിനിമാമേഖലയിൽ എട്ട് മണിക്കൂർ ജോലി സമയവുമായി ബന്ധപ്പെട്ട് അടുത്തിടെ വലിയ വിവാദങ്ങളും ചർച്ചകളും രൂപപ്പെട്ടിരുന്നു. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന 'കൽക്കി' രണ്ടാം ഭാഗത്തിൽ നിന്നും ദീപിക പദുകോണിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ടായിരുന്നു ഏറ്റവും കൂടുതൽ വിവാദങ്ങൾ ഉണ്ടായിരുന്നത്. ദിവസം എട്ട് മണിക്കൂർ മാത്രമേ സിനിമയ്ക്ക് വേണ്ടി മാറ്റിവെയ്ക്കാൻ കഴിയൂ എന്ന ദീപികയുടെ തീരുമാനമാണ് താരത്തിന് പുറത്തേക്കുള്ള വഴിതെളിച്ചതെന്നും, രണ്ടാം ഭാഗത്തിൽ ദീപികയ്ക്ക് സ്‌ക്രീൻ ടൈം കുറവാണെന്നുമുള്ള റിപ്പോർട്ടുകൾ ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്നു. ഒരുപാട് പുരുഷതാരങ്ങളും സൂപ്പർതാരങ്ങളും അമ്മയായ സ്ത്രീകളും എട്ട് മണിക്കൂർ മാത്രം ജോലി ചെയ്യുന്നത് തനിക്ക് അറിയാമെന്നും, എന്നാൽ അതൊന്നും വാർത്തയാവാതെ തന്റെ കാര്യത്തിൽ മാത്രം ഇത്രയും ചർച്ചയായത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നാണ് ദീപിക ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്.
ഇപ്പോഴിതാ ദീപികയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി യാമി ഗൗതം. നടനും സംവധായകനും നിര്‍മാതാവും തമ്മില്‍ മുന്‍ധാരണയുണ്ടാകും. പിന്നെ എന്തുകൊണ്ടാണ് ഒരു നടി പറയുമ്പോള്‍ അതൊരു പ്രശ്‌നമാകുന്നത് എന്നാണ് യാമി ഗൗതം പറയുന്നത്.
"ഒരു സ്ത്രീ ജോലി ചെയ്യുകയാണെങ്കിലും വീട്ടമ്മയാണെങ്കിലും ശരി, എല്ലാ അമ്മമാരും സ്‌പെഷ്യലാണ്. തന്റെ കുഞ്ഞിനായി അവര്‍ സാധിക്കുന്നതെല്ലാം ചെയ്യും. മറ്റേതൊരു മേഖലയും പോലെ ഞങ്ങള്‍ക്കും സമയപരിധിയുണ്ടാകണമെന്നുണ്ട്. പക്ഷെ ഞങ്ങളുടേത് വ്യത്യസ്തായ മേഖലയാണ്. ലോക്കേഷനും അനുമതികളും സാങ്കേതികവശങ്ങളുമടക്കം ഒരുപാട് കാര്യങ്ങളുണ്ട്. അതിനാല്‍ സമയപരിധിയെന്നത് അഭിനേതാവിനും നിര്‍മാതാവിനും സംവിധായകനും വ്യത്യസ്തമായിരിക്കും."യാമി ഗൗതം പറയുന്നു.
"ഇത് വര്‍ഷങ്ങളായി നടന്നു വരുന്നതാണ്. ഒരു ദിവസം എട്ട് മണിക്കൂറും ആഴ്ചയില്‍ അഞ്ച് ദിവസം മാത്രവും ഷൂട്ട് ചയ്യുന്ന, രാത്രി ഷൂട്ട് ചെയ്യാത്ത നടന്മാരുണ്ട്. നടനും സംവധായകനും നിര്‍മാതാവും തമ്മില്‍ മുന്‍ധാരണയുണ്ടാകും. പിന്നെ എന്തുകൊണ്ടാണ് ഒരു നടി പറയുമ്പോൾ അതൊരു പ്രശ്‌നമാകുന്നത്? അടിസ്ഥാനപരമായി ഞങ്ങളെല്ലാം വളരെ അസാധാരണമായ സാഹചര്യങ്ങളില്‍ കല സൃഷ്ടിക്കുന്ന മനുഷ്യരാണ്. പ്രൊഡക്ഷന് അനുയോജ്യമായ തരത്തില്‍ സമയപരിധി ചോദിക്കുന്നതില്‍ തെറ്റില്ല. അവര്‍ക്ക് അത് അംഗീകരിക്കാന്‍ സാധിക്കുമെങ്കില്‍ മുന്നോട്ട് പോകാം, അല്ലെങ്കില്‍ വേണ്ട." യാമി ഗൗതം കൂട്ടിച്ചേർത്തു. ടൈംസ് നൗ ന്യൂസിന് നൽകിയ അഭിമുഖത്തലായിരുന്നു യാമിയുടെ പ്രതികരണം.