Asianet News MalayalamAsianet News Malayalam

Joju George| കോൺഗ്രസ്-ജോജു തർക്കത്തിൽ സമവായ സാധ്യത അണയുന്നു, ജോജുവിനെതിരെ കൂടുതൽ സമര പരിപാടികൾക്ക് കോൺഗ്രസ്

ജോജുവിന്‍റെ കാർ തകർത്ത കേസിൽ അറസ്റ്റിലാകാനുള്ള ആറ് പ്രതികൾ പൊലീസിന് മുൻപാകെ കീഴടങ്ങുന്ന കാര്യത്തിൽ നാളെ കോൺഗ്രസ് തീരുമാനമെടുക്കും. 

malayalam film actor joju george congress conflict congress  protest against joju
Author
Kochi, First Published Nov 7, 2021, 1:34 PM IST

കൊച്ചി: വൈറ്റില ഹൈവേ ഉപരോധത്തെ തുടർന്നുള്ള ജോജു ജോർജ്ജ് (joju george) - കോൺഗ്രസ്സ് (congress) തർക്കത്തിൽ സമവായ സാധ്യത അടയുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഉൾപ്പടെ ജോജുവിനെതിരെ നിലപാട് ആവർത്തിച്ചതോടെ കൂടുതൽ സമരപരിപാടികളിലേക്ക് കടക്കാനാണ് എറണാകുളം ഡിസിസിയുടെ തീരുമാനം. ജോജുവിന്‍റെ കാർ തകർത്ത കേസിൽ അറസ്റ്റിലാകാനുള്ള ആറ് പ്രതികൾ പൊലീസിന് മുൻപാകെ കീഴടങ്ങുന്ന കാര്യത്തിൽ നാളെ കോൺഗ്രസ് തീരുമാനമെടുക്കും.

പരസ്പര വിട്ടു വീഴ്ചയിൽ ഖേദം അറിയിച്ച് കേസിൽ നിന്ന് പിൻമാറുക എന്നതിനായിരുന്നു നീക്കം നടത്തിയത്.  എറണാകുളത്തെ കോൺഗ്രസ് നേതാക്കളും ജോജു ജോർജ്ജിന്‍റെ സുഹൃത്തുക്കളും ഇക്കാര്യത്തിൽ ധാരണയായെങ്കിലും കെ സുധാകരൻ ഉൾപ്പടെ മുതിർന്ന നേതാക്കൾ ജോജുവിനെതിരെ വിമർശനം കടുപ്പിച്ചതാണ് തിരിച്ചടിയായത്. സംഭവം പിന്നിട്ട് ഒരാഴ്ചയാകുമ്പോൾ സമൂഹമാധ്യമങ്ങളിൽ നിന്നടക്കം അക്കൗണ്ടുകൾ താത്കാലികമായി റദ്ദാക്കി പരസ്യപ്രസ്താവനകൾ നിന്ന് വിട്ട് നിൽക്കുകയാണ് ജോജു. താരസംഘടനയായ അമ്മയുടെ ഭാരവാഹികളോ മുതിർന്ന താരങ്ങളോ ഇടപെടുമെന്ന സൂചന ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നെങ്കിലും അത്തരം നീക്കങ്ങളും നിലവിൽ ഇല്ല. 

സിപിഎമ്മിൻ്റെ വഴിതടയൽ സമരം തടഞ്ഞിരുന്നെങ്കിൽ ജോജുവിൻ്റെ അനുശോചനയോഗം നടത്തേണ്ടി വരുമായിരുന്നു: കെ.സുധാകരൻ

സിപിഎം ഗൂഡാലോചനയാണ് സമവായ നീക്കങ്ങൾക്ക് തിരിച്ചടിയായെന്ന ആരോപണം ആവർത്തിക്കുകയാണ് കോൺഗ്രസ്. ജോജുവിനെതിരെ കേസ് എടുക്കാത്തതിൽ മഹിള കോൺഗ്രസ്സിന്‍റെ നേതൃത്വത്തിൽ സമരപരിപാടികൾക്ക് തുടക്കമിടും. ബുധനാഴ്ചയാണ് മരട് പൊലീസ് സ്റ്റേഷൻ മാർച്ച്. നാളെ കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ചക്രസ്തംഭന സമരത്തിന് ശേഷം തുടർന്നുള്ള നിയമനടപടികൾ ആലോചിക്കും. 

Joju George| ജോജുവിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്, പൊലീസ് ഒത്തുകളിക്കുന്നുവെന്ന് കെ ബാബു

ജോജുവിന്‍റെ കാർ തകർത്ത കേസിൽ മുൻ മേയർ ടോണി ചമ്മണി ഉൾപ്പടെ ഇനിയും ആറ് പ്രതികളെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. സമവായചർച്ചകൾ നിലച്ചതോടെ പ്രതികളുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുവെന്ന് കൊച്ചി പൊലീസും വ്യക്തമാക്കി.ഈ കേസിൽ കക്ഷി ചേരണമെന്ന ജോജു ജോർജ്ജിന്‍റെ അപേക്ഷയിലും നാളെ കോടതിയിൽ നിന്ന് തീരുമാനമുണ്ടായേക്കും.കേസിൽ അറസ്റ്റിലായ രണ്ട് കോൺഗ്രസ് പ്രവർത്തകർ നിലവിൽ റിമാൻഡിലാണ്. 

Follow Us:
Download App:
  • android
  • ios