
ഇന്നലെയാണ് നടനും ബിജെപി നേതാവുമായ കൃഷ്‍ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്‍ണയുടെ പിതാവ് എസ്. രംഗനാഥൻ അന്തരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കൊച്ചുമക്കളാണ് രംഗനാഥന്റെ മരണവാർത്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. രംഗനാഥനെക്കുറിച്ച് ഹൃദയസ്പർശികളായ കുറിപ്പുകളാണ് കുടുംബാംഗങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
അപ്പൂപ്പനെ അവസാനമായി ഒരുനോക്ക് കാണാൻ കഴിയാത്തതിന്റെ വിഷമമാണ് സിന്ധുവിന്റെ സഹോദരി സിമിയുടെ മകളും യൂട്യൂബറുമായ തൻവി ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ പങ്കുവെച്ചത്. ഇപ്പോൾ കാനഡയിലുള്ള തൻവി രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള ഒരുക്കത്തിൽ കൂടിയാണ്. ''അപ്പൂപ്പനെ അവസാനമായി ഒരുതവണ കൂടി കാണാൻ കഴിയാത്തത് ഏറെ വേദനയുണ്ടാക്കുന്നു. ഏറ്റവും വിഷമകരമായ ഘട്ടത്തിലൂടെയാണ് ഞാനിപ്പോൾ കടന്നുപോകുന്നത്. കുഞ്ഞ് വന്നതിനു ശേഷം അപ്പൂപ്പനൊപ്പം സമയം ചെലവിടാമെന്ന വാക്ക് പാലിക്കാനാകാത്തത് എന്നെ തളർത്തുന്നു. നിങ്ങൾ എല്ലായ്‌പ്പോഴും എനിക്കുവേണ്ടി നിലകൊണ്ടിരുന്നു അപ്പൂപ്പാ... പക്ഷേ അവസാനകാലത്ത് എനിക്ക് ഒപ്പമുണ്ടാകാൻ കഴിഞ്ഞില്ല. ഞാൻ ഒരുപാട് മിസ് ചെയ്യുന്നു അപ്പൂപ്പാ'', എന്നാണ് രംഗനാഥനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് തൻവി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
കൃഷ്‍ണകുമാറിന്റെയും സിന്ധുവിന്റെയും രണ്ടാമത്തെ മകൾ ദിയ കൃഷ്‍ണയുടെ മകൻ ഓമിയെ കൊഞ്ചിക്കുന്ന അച്ഛന്റെ ഹൃദയസ്പർശിയായ ഒരു വീഡിയോയാണ് സിന്ധു കൃഷ്‍ണ പങ്കുവെച്ചത്. "അപ്പൂപ്പന് ഇപ്പോൾ പഴയതുപോലെ നടക്കാൻ വയ്യ, നിനക്ക് സഹായം വേണ്ടതുപോലെ അപ്പൂപ്പനും നടക്കാൻ മറ്റൊരാളുടെ സഹായം വേണം", എന്ന് രംഗനാഥൻ സ്നേഹത്തോടെ പറയുന്നതാണ് വീഡിയോയിലുള്ളത്.
കൃഷ്‍ണകുമാർ കുടുംബത്തിലെ അംഗങ്ങളുടെ വ്ളോഗുകളിലൂടെ പ്രേക്ഷകർക്കും സുപരിചിതരായിരുന്നു സിന്ധുവിന്റെ മാതാപിതാക്കൾ. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും വിശേഷങ്ങൾ പേരക്കുട്ടികളായ അഹാനയും ഇഷാനിയും ദിയയും ഹൻസികയുമെല്ലാം സമൂഹമാധ്യമങ്ങളിൽ ഇടയ്ക്കിടയ്ക്ക് പങ്കുവെയ്ക്കാറുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ