ഗണേഷിന്റെ സന്ദര്‍ശനവും സിനിമാ ലോകത്തിന്റെ പിന്തുണയും

By Web DeskFirst Published Sep 5, 2017, 7:31 PM IST
Highlights

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ ജയില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ ഇന്ന് വലിയ തിരക്കാണ് ജയിലില്‍ അനുഭവപ്പെട്ടത്. രാവിലെ 11 മണിയോടെ തിരക്കഥാകൃത്ത ബെന്നി പി. നായരമ്പലം, നടന്‍ സുധീര്‍ എന്നിവര്‍ ദിലീപുമായി 20 മിനിട്ടോളം കൂടിക്കാഴ്ച നടത്തി. 

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദിലീപിനെ സന്ദര്‍ശിക്കാന്‍ മടി കാണിച്ച സിനിമാ ലോകം പതുക്കെ ദിലീപിന് പിന്തുണയുമായി എത്തുന്നതിന്റെ സൂചനകളായിരുന്നു ഇന്നുണ്ടായത് ഒരു സഹപ്രവര്‍ത്തക അക്രമിക്കപ്പെട്ട കേസില്‍ രണ്ടു തവണ കോടതി ജാമ്യം നിഷേധിച്ച പ്രതിയാണ് ദിലീപ് അദ്ദേഹത്തെ കാണാനും പിന്തുണ നല്‍കാനും മറ്റു നടന്‍മാരും സഹപ്രവര്‍ത്തകരും മടി  കാണിച്ചിരുന്നു. 

എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസത്തെ കാഴ്ചകള്‍ അതായിരുന്നില്ല. കാവ്യയും മീനാക്ഷിയും കാണാന്‍ എത്തിയതിന് പിന്നാലെ നിരവധി പേര്‍ ദിലീപിനെ കാണാന്‍ ജയിലിലെത്തി. ജയറാമിന്റെ സന്ദര്‍ശനത്തോടെയാണ് ഒരു പ്രമുഖ താരം ദിലീപിനെ കാണാന്‍ എത്തുന്നതിന്റെ തുടക്കം. എന്നാല്‍ ജയറാം ദിലീപിന് പിന്തുണ അറിയിക്കാനോ പ്രതികരിക്കാനോ തയ്യാറാകാതെ തിരിച്ചു പോയി. 

ഇന്ന് രാവിലെ രണ്ടാമതായി സന്ദര്‍ശനത്തിനെത്തിയത് നടന്‍ കൂടിയായ ഗണേഷ് കുമാര്‍ എം.എല്‍.എ ആയിരുന്നു. ഇതുവരെയുള്ള മൗനസീമകളെല്ലാം തെറ്റിക്കുന്നതായിരുന്നു ഗണേഷിന്റെ പ്രതികരണം. സിനിമാ രംഗത്തുള്ളവര്‍ ദിലീപിന് പിന്തുണ അറിയിക്കണമെന്നും അയാള്‍ കോടതി പറയുന്നതുവരെ കുറ്റക്കാരനല്ലെന്നും അദ്ദേഹം പറഞ്ഞു.  പൊലീസ് കള്ളക്കേസില്‍ കുടുക്കുമെന്ന് കരുതി ആരും ജയിലിലേക്ക് വരാതിരിക്കരുതെന്നും ഗണേഷ് പറഞ്ഞു. 

സഹപ്രവര്‍ത്തകയായ നടിയെ അക്രമിച്ച കേസിലാണ് ദിലീപ് ജയിലില്‍ കിടക്കുന്നതെന്നും ആര്‍ക്കൊപ്പമാണ് ഗണേഷ് കുമാറെന്നുമുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, താന്‍ അവരെയും കാണാന്‍ പോയിരുന്നു എന്നതായിരുന്നു മറുപടി. ഗണേഷിന്റെ സന്ദര്‍ശന ശേഷം ജയിലില്‍  ദിലീപിനെ കാണാന്‍ ഏഴോളം പേരാണ് എത്തിയത്. ഒരാള്‍ കൂടി  എത്തിയെങ്കിലും അനുമതി ലഭിച്ചില്ല. 

നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, ദിലീപന്റെ സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവും, ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ നിര്‍മാതാക്കാളായ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ എന്നിവര്‍ രാവിലെ സന്ദര്‍ശനം നടത്തി. സംവിധായകന്‍ രഞ്ജിത്ത്, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ എന്നിവര്‍ കഴിഞ്ഞ ദിവസം ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചിരുന്നു.

ഗണേഷിന്റെ സന്ദര്‍ശനത്തോടെ  ദിലീപിന് സിനിമാ പ്രവര്‍ത്തകരുടെ കൂടുതല്‍ പിന്തുണയും സഹായവും ലഭിക്കും എന്ന സൂചന തന്നെയാണ് എത്തുന്നത്. ബുധനാഴ്ച അച്ഛന്റെ ശ്രാദ്ധത്തിന് ജയിലില്‍ നിന്ന് പുറത്ത് പോകാന്‍ ദിലീപിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്. കനത്ത സുരക്ഷയിലായിരിക്കും ദിലീപിന്റെ യാത്ര. രണ്ട് മണിക്കൂറിന് ശേഷം ജയിലില്‍ തിരിച്ചെത്തണമെന്നാണ് കോടതി നിര്‍ദ്ദേശിക്കിരിക്കുന്നത്.
 

click me!