തന്റെ അച്ഛന്റെ ഓർമദിനത്തിൽ വൈകാരിക കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ശ്രീകല.
സീരിയൽ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ശ്രീകല ശശിധരൻ. ശ്രീകല എന്ന പേരിനേക്കാൾ സോഫി എന്ന പേരിലാണ് ആരാധകർക്കിടയിൽ താരം അറിയപ്പെടുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‍ത'എന്റെ മാനസപുത്രി' എന്ന സീരിയലിലെ പാവം സോഫിയായാണ് ഇപ്പോഴും ആരാധകർ ശ്രീകലയെ സ്‌നേഹിക്കുന്നത്. റേറ്റിംഗിൽ എക്കാലത്തെയും ഹിറ്റായി മാറിയ പരമ്പരകളിൽ ഒന്നായിരുന്നു 'എന്റെ മാനസപുത്രി'. 'സോഫി', 'ഗ്ലോറി' എന്നീ കഥാപാത്രങ്ങൾ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. എന്റെ മാനസപുത്രിക്കു ശേഷം നിരവധി ഹിറ്റ് സീരിയലുകളിൽ പ്രധാന വേഷത്തിൽ ശ്രീകല തിളങ്ങി. അഭിനയരംഗത്ത് ഇപ്പോൾ സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് ശ്രീകല. ഇപ്പോഴിതാ, തന്റെ അച്ഛന്റെ ഓർമദിനത്തിൽ വൈകാരിക കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം.
''ഇന്ന് എന്റെ അച്ഛൻ പാലാട്ട് ചിറക്കര ശശിധരൻ അടിയോടി മരിച്ച ദിവസം. ജാതിപ്പേര് കൂട്ടി പറഞ്ഞത് വേറൊന്നും കൊണ്ടല്ല... പത്രത്തിൽ മരിച്ച വിവരം കൊടുത്തപ്പോൾ ജാതിപ്പേര് മാറിപ്പോയി, സഹോദരൻ, സഹോദരിമാരുടെ പേര് വിവരങ്ങൾ കൊടുത്തില്ല എന്നും പറഞ്ഞു അച്ഛൻ മരിച്ചു 12 -ാം ദിവസത്തിന്റെ ചടങ്ങിനു വിളിച്ചപ്പോൾ വരാൻ വിസമ്മതിച്ച ചിലരുടെ ഡ്രാമ ഞാൻ ഓർക്കുന്നു... (അവരൊന്നും ഇല്ലാതെതന്നെ അന്നു ചടങ്ങുകളൊക്കെ ഭംഗിയായി ചെയ്തു ഞങ്ങൾ). അമ്മയും അച്ഛനും നമ്മെ വിട്ടുപോകുമ്പോഴാണ് അനാഥയായി പോയെന്ന യാഥാർത്ഥൃം മനസ്സിലാകുന്നത്. അച്ഛന്റെ ആത്മാവിനു നിത്യശാന്തി നേർന്നുകൊണ്ട്– മകൾ, ശ്രീകല ശശിധരൻ'', എന്നാണ് അച്ഛനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ശ്രീകല സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
നിരവധിയാളുകളാണ് ശ്രീകല പങ്കുവെച്ച പോസ്റ്റിനു താഴെ കമന്റ് ചെയ്യുന്നത്. അച്ഛനൊപ്പം ലൊക്കേഷനിൽ വന്നിരുന്ന ശ്രീകലയെക്കുറിച്ചാണ് ഒരാളുടെ കമന്റ്. ''ശ്രീകല ആദ്യം മാനസപുത്രിയിൽ അഭിനയിക്കുമ്പോൾ അച്ഛനെയും കൂട്ടിക്കൊണ്ട് ലൊക്കേഷനിൽ വന്നതൊക്കെ ഇന്നലത്തെ പോലെ ഓർമിക്കുന്നു. അതിനുശേഷം അമ്മ സ്ഥിരം വരുമായിരുന്നില്ലേ? കുറെ നല്ല ദിവസങ്ങൾ ആയിരുന്നു, മനസിൽ ഇപ്പോഴും നല്ല ഓർമ്മകൾ'', എന്നാണ് കമന്റ് ബോക്സിൽ ഇയാൾ കുറിച്ചത്.
