ഭരതൻ സംവിധാനം ചെയ്ത 1990-ലെ 'മാളൂട്ടി' എന്ന ചിത്രത്തിലെ ഒരു രംഗം യൂട്യൂബിൽ ആഗോളതലത്തിൽ ശ്രദ്ധ നേടുന്നു

സിനിമ എന്ന കലാരൂപത്തിന് വ്യത്യസ്ത ദേശങ്ങളിലുള്ള പ്രേക്ഷകരുമായി കണക്റ്റ് ചെയ്യാന്‍ ഭാഷ ഒരു തടസമല്ല. പക്ഷ അതിന് ദൃശ്യമാധ്യമം എന്ന നിലയിലുള്ള സത്ത ഒരു സിനിമ കാത്തുസൂക്ഷിക്കണമെന്ന് മാത്രം. സബ് ടൈറ്റില്‍ ഇല്ലെങ്കിലും ഒരു മികച്ച സംവിധായകന് ഇതരഭാഷാ പ്രേക്ഷകരുമായി തന്‍റെ ചിത്രത്തിലൂടെ സംവദിക്കാനാവും. ഇപ്പോഴിതാ അതിരുകള്‍ കടന്നുള്ള ആ സംവേദനത്തിന്‍റെ ഉദാഹരണമാവുകയാണ് ഒരു പഴയ മലയാള ചിത്രം. ഭരതന്‍റെ സംവിധാനത്തില്‍ 1990 ല്‍ പുറത്തിറങ്ങിയ മാളൂട്ടി എന്ന ചിത്രത്തില്‍ നിന്നുള്ള ഒരു ഭാഗമാണ് യുട്യൂബില്‍ ആഗോള തലത്തില്‍ പ്രേക്ഷകരെ നേടുന്നത്. വെറുടെ നേടുകയല്ല, നാല് വര്‍ഷം കൊണ്ട് പ്രസ്തുത വീഡിയോ നേടിയിരിക്കുന്നത് 84 മില്യണ്‍ കാഴ്ചകളാണ്. അതായത് 8.4 കോടി കാഴ്ചകള്‍!

മൂടി അടയ്ക്കാത്ത ഒരു കുഴല്‍ക്കിണറില്‍ ഒരു പെണ്‍കുട്ടി അകപ്പെട്ട് പോകുന്നതും അവളെ രക്ഷപെടുത്താനുള്ള പരിശ്രമവുമാണ് ചിത്രത്തിന്‍റെ പ്രമേയം. സര്‍വൈവല്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ എത്തിയത് ബേബി ശ്യാമിലി ആയിരുന്നു. മുറ്റത്ത് തങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തുനായയ്ക്കൊപ്പം പന്ത് തട്ടി കളിക്കവെയാണ് ചിത്രത്തില്‍ മാളൂട്ടി കുഴല്‍ക്കിണറിലേക്ക് വീഴുന്നത്. ഈ ഭാഗമാണ് ഒറ്റ വീഡിയോ ആയി മലയാളം കോമഡി വില്ല എന്ന യുട്യൂബ് ചാനലില്‍ നാല് വര്‍ഷം മുന്‍പ് അപ്‍ലോഡ് ചെയ്തത്. ഇതാണ് ആഗോള തലത്തില്‍ പ്രേക്ഷകരെ നേടുന്നത്. ഭാഷാഭേദമന്യെ എല്ലാവര്‍ക്കും കണക്റ്റ് ചെയ്യാവുന്ന സാഹചര്യവും ഭരതന്‍റെ സംവിധാനമികവും ബേബി ശ്യാമിലി അടക്കമുള്ളവരുടെ അഭിനയമികവുമൊക്കെയാണ് വീഡിയോ ഇത്തരത്തില്‍ ട്രെന്‍ഡ് ആവാനുള്ള കാരണങ്ങള്‍.

മലയാളത്തിലും ഇംഗ്ലീഷിലും ഉള്ളതിന് പുറമെ അറബിക്, സ്പാനിഷ് തുടങ്ങി റഷ്യന്‍ ഭാഷയില്‍ വരെ കാണികള്‍ വീഡിയോയ്ക്ക് താഴെ കമന്‍റ് ചെയ്യുന്നുണ്ട്. ഇതിനകം 8600 ല്‍ അധികം കമന്‍റുകള്‍ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ബേബി ശ്യാമിലിക്ക് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച ചിത്രത്തില്‍ ജയറാം, ഉര്‍വശി, കെ പി എ സി ലളിത, നെടുമുടി വേണു, ഇന്നസെന്‍റ്, ദേവന്‍, പ്രിയ, ശ്രീനാഥ്, പ്രതാപചന്ദ്രന്‍, കുഞ്ഞാണ്ടി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കാലങ്ങള്‍ക്ക് മുന്‍പേ മലയാള സിനിമാ സംവിധായകര്‍ വേറിട്ട ജോണറുകള്‍ പരീക്ഷിച്ചിരുന്നു എന്നതിന് വലിയ ഉദാഹരണം കൂടിയാണ് ഈ ചിത്രം.

കുഴൽ കിണറിന്റെ അപകടങ്ങൾ കാണിച്ചു തന്ന സിനിമ | Child Falls in Borewell | Malootty | Malayalam Movie