
അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം 'ഓടും കുതിര ചാടും കുതിര' റിലീസിന് തയ്യാറെടുക്കുകയാണ്. ഫഹദ് ഫാസിൽ നായകനായെത്തുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് നായികയായെത്തുന്നത്. ഓണം റിലീസായി തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമപ്രേക്ഷകർ. ഇപ്പോഴിതാ തന്റെ ആദ്യ ചിത്രമായ 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് അൽത്താഫ് സലിം. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ഇന്നാണ് ഇറങ്ങിയതെങ്കിൽ കുറച്ചുകൂടി സ്വീകാര്യത അതിന് ലഭിച്ചേനെ എന്നാണ് അൽത്താഫ് സലിം പറയുന്നത്. ഡാർക്ക് ഹ്യൂമർ ഴോണറിലുള്ള സിനിമകൾ അധികം കാണാത്തതുകൊണ്ട് പലർക്കും കണക്ട് ആയില്ലെന്നും എന്നിരുന്നാലും ആ സിനിമയുടെ ഔട്ട്പുട്ടിൽ താൻ ഹാപ്പിയാണെന്നും അൽത്താഫ് പറയുന്നു.
"ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള ഇറങ്ങുന്ന സമയത്ത് ഇത്രയും എക്‌സ്‌പോഷറുണ്ടായിരുന്നില്ല, ഒ.ടി.ടി. ഇല്ലായിരുന്നു അന്ന്. ഇതേ പോലത്തെ സിനിമകള്‍ ആരും അധികം കണ്ടിട്ടില്ല. ഡാര്‍ക്ക് ഹ്യൂമര്‍ എന്ന ഴോണര്‍ അത്ര എക്‌സ്‌പ്ലോര്‍ ചെയ്യാത്തത് കാരണം എല്ലാവര്‍ക്കും അത്ര കണക്ടായിട്ടുണ്ടാകില്ല. ഇവിടെ എന്തുകൊണ്ടാണ് പോട്ടേ മോളേ എന്ന് പറയുന്നിടത്ത് വേറേ കാര്യം പറയുന്നതെന്ന് വിചാരിച്ചു എല്ലാവരും. എന്തെങ്കിലും പറ്റിയതാണോ, ഈ സംവിധായകന് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നൊക്കെ തോന്നും. ഇന്നായിരുന്നു സിനിമ ഇറങ്ങുന്നതെങ്കില്‍ കുറച്ചുകൂടി ശ്രദ്ധിക്കപ്പെടുമെന്ന് തോന്നുന്നു. അല്ലെങ്കില്‍ കുറച്ചുകൂടി ആളുകള്‍ കണ്ടേനേ. പക്ഷേ എന്റെ ഔട്ട്പുട്ടില്‍ ഞാന്‍ ഹാപ്പിയാണ്. പ്ലാന്‍ ചെയ്ത കാര്യം തന്നെയാണ് ഞാന്‍ എടുത്തത്."റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ അൽത്താഫ് പറഞ്ഞു. നിവിന്‍ പോളി, ശാന്തി കൃഷ്ണ, ഐശ്വര്യ ലക്ഷ്മി, ലാല്‍, അഹാന കൃഷ്ണ തുടങ്ങീ മികച്ച താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്.
അതേസമയം കൊറിയൻ റോം- കോം എന്ന മോഡലിലാണ് ഓടും കുതിര ചാടും കുതിര എത്തുന്നത്. വെസ് ആൻഡേഴ്‌സൺ, വൂഡി അലൻ തുടങ്ങിയവരുടെ വലിയ ഫാൻ ആയ അൽത്താഫ് സലീമിന്റെ വ്യത്യസ്തമായ ഒരു സിനിമ തന്നെയായിരിക്കും ഓടും കുതിര ചാടും കുതിര എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. മലയാളത്തിൽ ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറ്റിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം സിനിമാ ആസ്വാദകർക്കുള്ള ഓണ സമ്മാനം ആയിരിക്കും.
ഫഹദിനും കല്യാണിക്കും പുറമേ രേവതി പിള്ള, വിനയ് ഫോർട്ട്, ലാൽ, സുരേഷ് കൃഷ്ണ, ബാബു ആൻ്റണി, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായിട്ടുണ്ട്. ജസ്റ്റിൻ വർഗീസ് സംഗീതം ഒരുക്കുന്ന ചിത്രത്തിന് ജിന്റോ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് നിധിൻ രാജ് അരോൾ കൈകാര്യം ചെയുന്നു. പ്രൊഡക്ഷൻ ഡിസൈൻ അശ്വിനി കാലെ, ആർട്ട് ഡയറക്ടർ ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈൻ നിക്സൻ ജോർജ്, കളറിസ്റ്റ് രമേശ് സി പി, ലിറിക്സ് സുഹൈൽ കോയ, പ്രോഡക്ഷൻ കണ്‍ട്രോളര്‍ സുധർമൻ വള്ളിക്കുന്ന്, ഫിലിം കൺട്രോളർ ശിവകുമാർ പെരുമുണ്ട, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനീവ് സുകുമാർ, വിഎഫ്എക്സ് സ്റ്റുഡിയോ ഡിജിബ്രിക്‌സ്, പിആർഒ എ എസ് ദിനേശ്, സ്റ്റിൽ ഫോട്ടോഗ്രഫി രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്, മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ് ഒബ്സ്ക്യൂറ എന്റർടെയ്‍ന്‍മെന്‍റ്സ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ