
ഫുട്‌ബോളറും ഇന്ത്യന്‍ ക്യാപ്റ്റനുമായ വി.പി സത്യന്റെ ജീവിതം പറയുന്ന 'ക്യാപ്റ്റന്‍' തിയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. വി.പി സത്യനായി ജയസൂര്യയും അനിത സത്യനായി അനുസിത്താരയുമാണ് വേഷമിട്ടത്. ചിത്രത്തില്‍ അതിഥി വേഷത്തില്‍ മമ്മൂട്ടിയും എത്തുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വി. പി സത്യനോട് മമ്മൂട്ടി തന്നെ നേരിട്ട് പറഞ്ഞ അതേ വാക്കുകളാണ് സിനിമയിലും ഉപയോഗിച്ചിരിക്കുന്നത്. അനിതയ്ക്ക് മമ്മൂട്ടിയുടെ സ്വന്തം കൈപ്പടയില്‍ എഴുതിയ ഓട്ടോഗ്രാഫും ചിത്രത്തില്‍ ഉപയോഗിക്കുന്നുണ്ട്. ഇപ്പോള്‍ ആ ഓട്ടോഗ്രാഫിന് പിന്നിലുള്ള കഥയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച.
കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി നേടികൊടുത്തിട്ടും ഇന്ത്യന്‍ ടീമിന് സാഫ് ഗെയിംസില്‍ ഗോള്‍ഡ് മെഡല്‍ നേടികൊടുത്തിട്ടും തന്നെ ആരും തിരിച്ചറിയുന്നില്ലല്ലോ എന്ന വിഷമത്തില്‍ ഒരു എയര്‍പോര്‍ട്ടില്‍ ഇരിക്കുകയായിരുന്നു സത്യനും ഭാര്യ അനിതയും. ഇതിനിടയില്‍ രണ്ട് പെണ്‍കുട്ടികള്‍ വന്ന് ഓട്ടോഗ്രാഫ് ചോദിച്ചു. സത്യനും ഭാര്യ അനിതയ്ക്കും സന്തോഷമായി. പക്ഷേ പേന പോക്കറ്റില്‍ നിന്ന് എടുക്കുമ്പോഴേക്കും ആ പെണ്‍കുട്ടികള്‍ അത് തട്ടിപ്പറിച്ച് കൊണ്ട് എയര്‍പോര്‍ട്ടിന്റെ അകത്തെ ക്യാബിനിലേക്ക് ഓടി. ഇത് കണ്ട് എന്താണെന്ന് അറിയാതെ സത്യനും ഭാര്യയും അമ്പരന്നു. പെണ്‍കുട്ടികള്‍ തിരിച്ച് വന്ന് പേന കൊടുത്തിട്ട് പറഞ്ഞ് അകത്ത് വി ഐപി ലോഞ്ചില്‍ രവി ശാസ്ത്രി ഉണ്ട്. അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങിക്കാനാണ് പേന തട്ടിപ്പറിച്ചത്.
സത്യന്‍ തകര്‍ന്ന് പോയി... ഈ വിഷമം മാറ്റാന്‍ വേണ്ടി അനിത ഭര്‍ത്താവിനെ ചായ കുടിക്കാന്‍ ക്ഷണിച്ചു. ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ തൊട്ടടുത്തെ ടേബിളില്‍ ഒരാള്‍ ഇരിക്കുന്നു. സാക്ഷാല്‍ മമ്മൂട്ടി.. ഇത് കണ്ട് സന്തോഷത്തോടെ പറഞ്ഞു "സത്യേട്ടാ ഒന്ന് പരിചയപ്പെടുത്തി തരൂ"... "അയാള്‍ ചൂടനാണെന്ന് കേട്ടിട്ടുണ്ട്. ഞാന്‍ ഇല്ല". അയാളെ പരിചയപ്പെടാന്‍ പോയി തന്നെ തിരിച്ചറിയാതെ വരുമോ എന്ന ഭയം സത്യന്റെ ഉള്ളിലുണ്ടായിരുന്നു. സത്യന്‍ അനിതയുടെ കൈയ്യും പിടിച്ച് അദ്ദേഹത്തെ നോക്കാതെ മുന്നോട്ട് നടന്നു..
പക്ഷേ ടേബിളില്‍ ഇരുന്ന മമ്മൂട്ടി ഉറക്കെ വിളിച്ചു.. "മിസ്റ്റര്‍ സത്യന്‍"... പുഞ്ചിരിയോടെ സത്യന്‍ തിരിച്ചു വന്നു... "നിയെന്നെ കണ്ടില്ലായിരുന്നോ"യെന്ന് ചോദിച്ചു.
"കണ്ടു, മമ്മൂക്കയെ ബുദ്ധിമുട്ടിക്കേണ്ടെന്ന കരുതിയാണ് ശല്യപ്പെടുത്താതിരുന്നതെന്ന്" പറഞ്ഞു. അവിടെ കൂടി നിന്നവര്‍ക്കൊക്കെ സത്യനെ കുറിച്ച് വിവരിച്ചുകൊടുത്തു.
"ഫുട്‌ബോള്‍ ഒന്നും ആര്‍ക്കും വേണ്ട മമ്മൂക്ക. ഞങ്ങളെ പോലെയുള്ള കളിക്കാരെ തിരിച്ചറിയാന്‍ പോലും ആരും ഇല്ല"
സത്യനെ ചേര്‍ത്ത് നിര്‍ത്തികൊണ്ട് മമ്മൂട്ടി പറഞ്ഞു "തോറ്റവരാണ് എന്നും ചരിത്രമുണ്ടാക്കിയിട്ടുള്ളത്. ജയിച്ചവര്‍ ചരിത്രത്തിന്റെ ഭാഗമായിട്ട് മാറി നിന്നിട്ടേ ഉള്ളു... വരും ഇന്ത്യന്‍ ഫുട്‌ബോളിന് ഒരു നല്ല കാലം വരും സത്യാ"..
സത്യനോട് യാത്ര പറഞ്ഞ് മമ്മൂട്ടി പോവാന്‍ ഒരുങ്ങി. അപ്പോഴാണ് അനിതയ്ക്ക് ഒരാഗ്രഹം. സത്യന്റെ ഒരു ഓട്ടോഗ്രാഫ് വേണമെന്ന്... മമ്മൂട്ടി സന്തോഷത്തോടെ ഓട്ടോഗ്രാഫ് ഒപ്പിട്ട് കൊടുത്തു.. ക്യാപ്റ്റന്റെ സ്വന്തം അനിതയ്ക്ക് മമ്മൂക്കയുടെ ആശംസകള്‍ എന്നും കുറിച്ചു...
ഇന്നും ആ ഓട്ടോഗ്രാഫ് ഇന്നും പൊന്നുപോലെ അനിത സൂക്ഷിക്കുകയാണ്.
സിനിമയിലായാലും മറ്റ് മേഖലയിലായാലും കഴിവുള്ളവരെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്ന താരമാണ് മമ്മൂട്ടി... പലരും ദേഷ്യക്കാരാണ് മമ്മൂട്ടി എന്നുപറയുമ്പോഴും അദ്ദേഹത്തിന്റെ മനസ്സിലെ സ്‌നേഹവും തിരിച്ചറിവുമാണ് എന്നും ആളുകള്‍ ആരാധിക്കുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ