'അതിശയങ്ങളുടെ വേനല്‍' യു. കെ ഏഷ്യന്‍ ചലച്ചിത്രോത്സവത്തിലേക്ക്

Published : Feb 19, 2018, 02:36 PM ISTUpdated : Oct 05, 2018, 01:41 AM IST
'അതിശയങ്ങളുടെ വേനല്‍' യു. കെ ഏഷ്യന്‍ ചലച്ചിത്രോത്സവത്തിലേക്ക്

Synopsis

തിരുവനന്തപുരം: പ്രശാന്ത് വിജയ് സംവിധാനം ചെയ്ത 'അതിശയങ്ങളുടെ വേനല്‍' ഇരുപതാമത്‌ യു. കെ ഏഷ്യന്‍ ചലച്ചിത്രോത്സവത്തിലേക്ക്.  മുംബൈ ചലച്ചിത്രമേളയിലും, കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലും ശ്രദ്ധ നേടിയ ചിത്രത്തിന്റെ ആദ്യ അന്താരാഷ്ട്ര പ്രദര്‍ശനമാണിത്. മാര്‍ച്ച് 17ന് "ബ്രിട്ടിഷ് സിനിമയുടെ ജന്മസ്ഥലം" എന്നറിയപ്പെടുന്ന റീജന്റ് സ്ട്രീറ്റ് സിനിമയിലാണ് പ്രദര്‍ശനം. 1848ല്‍ തുറന്ന ഈ തിയറ്ററിലാണ് യു.കെ.യിലെ ആദ്യ ചലച്ചിത്രപ്രദര്‍ശനം (ലൂമിയര്‍ സഹോദരരുടെ ചിത്രങ്ങള്‍) നടന്നത്. 

അദൃശ്യനാവാനുള്ള ഒരു ഒന്‍പതുവയസുകാരന്റെ അതിയായ ആഗ്രഹവും അത് നേടാനുള്ള അവന്റെ യത്നങ്ങളോട് ചുറ്റുമുള്ളവരുടെ പ്രതികരണവുമാണ് ചിത്രത്തിന്റെ പ്രമേയം. പുതുമുഖ ബാലതാരം ചന്ദ്രകിരണാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തിരുവനന്തപുരം ആര്യ സെന്‍ട്രല്‍ സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ചന്ദ്രകിരണിന്റെ പ്രകടനം ഏറെ പ്രേക്ഷകപ്രശംസ നേടിയിരുന്നു. റെയ്ന മരിയ, ആര്യ മണികണ്ഠന്‍, ജീത് മിനിഫെന്‍സ് എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രമേയത്തിലെ പുതുമയും അവതരണത്തിലെ മിതത്വവും കൊണ്ട് നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടിക്കൊണ്ടിരിക്കുന്ന 'അതിശയങ്ങളുടെ വേനല്‍' പ്രശാന്ത് വിജയുടെ ആദ്യ സിനിമയാണ്. നിഖില്‍ നരേന്ദ്രന്‍ നിര്‍മ്മാണം നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ രചയിതാക്കള്‍ പ്രശാന്ത് വിജയും അനീഷ് പള്ള്യാലുമാണ്. ബേസില്‍ സി ജെ സംഗീത‌വും അമിത് സുരേന്ദ്രന്‍, ഉദയ് തങ്കവേല്‍ എന്നിവര്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. ജിജി ജോസഫ് എഡിറ്റ് ചെയ്ത ചിത്രത്തിന്‍റെ സിങ്ക് സൗണ്ട് സന്ദീപ് മാധവവും ജിജി ജോസഫും ചേര്‍ന്നാണ് കൈകാര്യം ചെയ്തിരിക്കുന്നത്. 

ടി. കൃഷ്ണനുണ്ണി, സന്ദീപ്‌ മാധവം, ജിജി ജോസഫ് എന്നിവരാണ് സൗണ്ട് ഡിസൈനര്‍മാര്‍. നന്ദന്‍ കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നു. കേരളത്തിലെ‌ വിവിധ ചലചിത്രമേളകളിലും ചിത്രത്തിന്‍റെ പ്രദര്‍ശനം നടക്കുന്നുണ്ട്. ഫെബ്രുവരി 26ന് കണ്ണൂര്‍ സിറ്റി സ്‌ക്വയറില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. മാർച്ച് ആദ്യ വാരം തൃശൂര്‍, പഴയന്നൂര്‍, കൊടുങ്ങല്ലൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലും പ്രദര്‍ശനമുണ്ടാകും‍.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഞാൻ ആർട്ടിസ്റ്റ്, എന്റർടെയ്ൻ ചെയ്യണം'; സം​ഗീതപരിപാടിയ്ക്ക് വന്ന മോശം കമന്റിനെ കുറിച്ച് അഭയ ഹിരണ്മയി
ഒന്നാമന് 14 കോടി; നാലാമനായി മമ്മൂട്ടി, മോഹൻലാൽ പടത്തെ വെട്ടി ഭഭബ ! ആദ്യദിനം പണംവാരിയ മലയാള പടങ്ങൾ