
ചില സിനിമകൾ അങ്ങനെയാണ്. പ്രതീക്ഷിക്കാതെ വന്ന് ഹിറ്റടിച്ചങ്ങ് പോകും. മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുന്നത് കൊണ്ടാണ് അതെന്ന് പറയേണ്ടതില്ല. അത്തരം സിനിമകൾക്ക് ഉദാഹരണങ്ങൾ നിരവധിയുമാണ്. വലിയ ബഹളങ്ങളോ ഹൈപ്പോ ഒന്നുമില്ലാതെ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായൊരു ചിത്രം ഇപ്പോൾ തമിഴിലുണ്ട്. ശശികുമാറും സിമ്രാനും പ്രധാന വേഷത്തിലെത്തിയ ടൂറിസ്റ്റ് ഫാമിലി ആണ് ആ ചിത്രം.
റിലീസ് ചെയ്ത് 14 ദിവസത്തിലും മികച്ച പ്രകടനമാണ് സിനിമ തിയറ്ററുകളിൽ കാഴ്ചവയ്ക്കുന്നത്. ആദ്യദിനം 2 കോടിയായിരുന്നു ടൂറിസ്റ്റ് ഫാമിലിയുടെ ഇന്ത്യ നെറ്റ് കളക്ഷൻ. മൂന്നാം ദിനം മുതൽ കളക്ഷനിൽ ചിത്രം വൻ കുതിച്ചു ചാട്ടം നടത്തിയെന്ന് ട്രാക്കിംഗ് സൈറ്റായ സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു. റിലീസ് ചെയ്ത് പതിനാലാം ദിനം 1.65 കോടിയാണ് തമിഴ്നാട്ടിൽ നിന്നുമാത്രം ടൂറിസ്റ്റ് ഫാമിലി നേടിയത്. ആഗോള കളക്ഷൻ രണ്ട് കോടിയും.
റിലീസ് ചെയ്ത് ഇതുവരെയുള്ള കണക്ക് പ്രകാരം 57 കോടിയാണ് ടൂറിസ്റ്റ് ഫാമിലിയുടെ ആഗോള കളക്ഷനെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട ചെയ്യുന്നു. തമിഴ്നാട്ടിൽ നിന്നുമാത്രം 39.55 കോടി ചിത്രം നേടിയിട്ടുണ്ട്. 8 കോടിയാണ് ഓവർസീസ്. കർണാടക ഉൾപ്പടെയുള്ള മറ്റ് പ്രദേശങ്ങളിൽ നിന്നും 5.15 കോടിയും ചിത്രം നേടിയിട്ടുണ്ട്. കേരളത്തിലടക്കം മികച്ച പ്രതികരണമാണ് ടൂറിസ്റ്റ് ഫാമിലി നേടുന്നത് എന്നതും ശ്രദ്ധേയമാണ്. മികച്ച ബുക്കിങ്ങും സിനിമയ്ക്ക് നടക്കുന്നുണ്ട്.
മെയ് 1ന് ആയിരുന്നു ടൂറിസ്റ്റ് ഫാമിലി റിലീസ് ചെയ്തത്. അബിഷൻ ജിവിന്ത് ആയിരുന്നു സംവിധാനം. ഈ കോമഡി ഫാമിലി എന്റർടെയ്നറിനൊപ്പമാണ് സൂര്യയുടെ റെട്രോയും റിലീസ് ചെയ്തത്. റെട്രോയ്ക്ക് ലഭിക്കാത്ത സ്വീകാര്യതയാണ് തമിഴ്നാട്ടിലടക്കം ടൂറിസ്റ്റ് ഫാമിലിയ്ക്ക് ലഭിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..