
മറ്റ് ഭാഷാ സിനിമാ മേഖലകള്‍ വിജയങ്ങള്‍ കൊണ്ട് വാര്‍ത്തകള്‍ സൃഷ്ടിക്കുമ്പോള്‍ കന്നഡ സിനിമ നിലവില്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ദുരവസ്ഥ സിനിമാമേഖലയില്‍ ചര്‍ച്ചയായിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 10 കോടി പോലും നേടിയ ഒരു കന്നഡ ചിത്രം ഈ വര്‍ഷം ഇതുവരെയുണ്ടായില്ല എന്നതായിരുന്നു ആ ചര്‍ച്ചകളിലെ ഹൈലൈറ്റ്. എന്നാല്‍ ഇപ്പോഴിതാ സാന്‍ഡല്‍വുഡിന് ആശ്വാസം പകര്‍ന്ന് ഒരു കന്നഡ ചിത്രം പ്രേക്ഷകപ്രീതി നേടുകയാണ്. ഒപ്പം ബോക്സ് ഓഫീസ് കളക്ഷനും. ഒരു ചിത്രവും ഈ വര്‍ഷം 10 കോടി നേടിയിട്ടില്ല എന്ന പരിവേദനവും മായുകയാണ് ഈ ചിത്രത്തോടെ.
രോഹിത് പടാകിയുടെ സംവിധാനത്തില്‍ യുവ രാജ്‍കുമാര്‍ നായകനായ എക്ക എന്ന ചിത്രമാണ് സാന്‍ഡല്‍വുഡില്‍ വാര്‍ത്ത സൃഷ്ടിക്കുന്നത്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രം ജൂലൈ 18 നാണ് തിയറ്ററുകളില്‍ എത്തിയത്. പ്രേക്ഷകരില്‍ നിന്നും റിവ്യൂവേഴ്സില്‍ നിന്നും ഒരേപോലെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രം കളക്ഷനിലും കുതിച്ചു. ഈ വര്‍ഷം റിലീസ് ചെയ്യപ്പെട്ട കന്നഡ ചിത്രങ്ങളില്‍ ഏറ്റവും മികച്ച ഓപണിംഗ് കളക്ഷനോടെ കുതിപ്പ് തുടങ്ങിയ എക്കയുടെ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ടും പുറത്തെത്തിയിട്ടുണ്ട്.
കര്‍ണാടക ടാക്കീസ് അടക്കം കന്നഡയില്‍ നിന്നുള്ള പ്രമുഖ ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് ചിത്രം ഇതിനകം 10 കോടി കടന്നിട്ടുണ്ട്. കന്നഡ സിനിമയില്‍ ഈ വര്‍ഷം ആദ്യമായി 10 കോടി ഗ്രോസ് നേടുന്ന ചിത്രവുമാണ് ഇത്. സഞ്ജന ആനന്ദ്, സംപദ ഹുളിവന, അതുല്‍ കുല്‍ക്കര്‍ണി, ആദിത്യ, ശ്രുതി, സാധു കോകില, രാഹുല്‍ ദേവ് ഷെട്ടി, പൂര്‍ണചന്ദ്ര മൈസൂര്‍, അരുണ്‍ സാഗര്‍, ഹരിണി ശ്രീകാന്ത്, ഡോ. സൂരി, പുനീത് രുദ്രനാഗ്, അര്‍ച്ചന കോട്ടിജെ, ജാലി ജാക്ക്, ബേബി ആര്യ ശ്രീറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
പിആര്‍കെ പ്രൊഡക്ഷന്‍സ്, ജയണ്ണ ഫിലിംസ്, കെആര്‍ജി സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ അശ്വിനി പുനീത് രാജ്‍കുമാര്‍, ജയണ്ണ- ഭോഗേന്ദ്ര, കാര്‍ത്തിക് ഗൗഡ, യോഗി ജി രാജ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സത്യ ഹെഗ്ഡേ ആണ് ഛായാഗ്രഹണം. സംഗീതം ചരണ്‍ രാജ്, എഡിറ്റിംഗ് ദീപു എസ് കുമാര്‍.