
ഹോളിവുഡ് സിനിമകള്‍ക്ക് ധാരാളം പ്രേക്ഷകരുള്ള രാജ്യമാണ് ഇന്ത്യ. എത്തുന്ന എല്ലാ ചിത്രങ്ങളും ആളെ കൂട്ടാറില്ലെങ്കിലും അവിടെനിന്നെത്തുന്ന ശ്രദ്ധേയ ചിത്രങ്ങളൊക്കെ ഇവിടെ കാര്യമായി പ്രേക്ഷകരെ നേടാറുണ്ട്. ഒന്നിലധികം ഹോളിവുഡ് ചിത്രങ്ങള്‍ ഒരേസമയം തിയറ്ററുകളില്‍ പ്രേക്ഷകരെ എത്തിക്കുന്നതിനും ഇപ്പോള്‍ ഇന്ത്യന്‍ തിയറ്റര്‍ വ്യവസായം സാക്ഷ്യം വഹിക്കുകയാണ്. അതില്‍ പ്രധാനപ്പെട്ട ചിത്രമായ എഫ് 1 ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ഒരു നാഴികക്കല്ല് പിന്നിട്ടിട്ടുമുണ്ട്.
ഫോര്‍മുല വണ്‍ കാറോട്ടം പശ്ചാത്തലമാക്കുന്ന സ്പോര്‍ട്സ് ഡ‍്രാമ ചിത്രം ജൂണ്‍ 27 നാണ് തിയറ്ററുകളില്‍ എത്തിയത്. ആദ്യ ദിനം തന്നെ മികച്ച അഭിപ്രായം നേടാനായതോടെ ആഗോള മാര്‍ക്കറ്റുകള്‍ക്ക് സമാനമായി ഇന്ത്യയിലും ചിത്രം കാര്യമായി പ്രേക്ഷകരെ നേടാന്‍ തുടങ്ങി. 27 ദിവസത്തെ കണക്കുകള്‍ പുറത്തെത്തുമ്പോള്‍ ചിത്രം ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി ഗ്രോസ് പിന്നിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ഇന്നലെ വരെയുള്ള ചിത്രത്തിന്‍റെ ഗ്രോസ് 102 കോടിയാണ്. നെറ്റ് കളക്ഷന്‍ 85.08 കോടിയും.
കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. സമീപകാലത്ത് പ്രദര്‍ശനത്തിനെത്തിയ പല മലയാള ചിത്രങ്ങളെയും കളക്ഷനില്‍ ഈ ഹോളിവുഡ് ചിത്രം മറികടന്നു എന്നതും ശ്രദ്ധേയമാണ്. ട്രാക്കര്‍മാരുടെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ നിന്ന് ചിത്രം ഇന്നലെ വരെ നേടിയിരിക്കുന്നത് 7.74 കോടിയാണ്. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള കളക്ഷനില്‍ ചിത്രം 4051 കോടിയില്‍ എത്തിയെന്ന് സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
മുപ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റേസിംഗ് ട്രാക്കിലേക്ക് വരുന്ന റേസ് കാര്‍ ഡ്രൈവര്‍ സോണി ഹയെസ് എന്ന കഥാപാത്രത്തെയാണ് ബ്രാഡ് പിറ്റ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ടോപ്പ് ഗണ്‍: മാവെറിക് അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ ജോസഫ് കോസിന്‍സ്കിയാണ് എഫ് 1 സംവിധാനം ചെയ്തിരിക്കുന്നത്. എഹ്‍രെന്‍ ക്രൂഗറിന്‍റേതാണ് തിരക്കഥ. ഫോര്‍മുല വണ്‍ ഗവേണിംഗ് ബോഡിയായ എഫ്ഐഎയുടെ സഹകരണത്തോടെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
നാല് ഭാഷകളിലാണ് ചിത്രം ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ഇംഗ്ലീഷ് പതിപ്പിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ് പതിപ്പുകളും പ്രേക്ഷകരെ തേടി തിയറ്ററുകളില്‍ എത്തിയിട്ടുണ്ട്.