
മുംബൈ: ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ അടക്കം വന്‍ താരനിര അണിനിരന്ന ഹൗസ്ഫുൾ 5, ആഗോള ബോക്സ് ഓഫീസിൽ 9 ദിവസത്തിനുള്ളിൽ 200 കോടി രൂപയുടെ കളക്ഷൻ നേടി ശ്രദ്ധേയമായ നേട്ടത്തില്‍ എത്തിയിരിക്കുകയാണ്. സജിദ് നദിയാദ്‌വാലയുടെ നിർമ്മാണത്തിൽ തരുൺ മൻസുഖാനി സംവിധാനം ചെയ്ത ഈ കോമഡി ചിത്രം ഹൗസ്ഫുൾ ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ പാര്‍ട്ടാണ്. 275 കോടി രൂപയുടെ ആഗോള കളക്ഷൻ ലക്ഷ്യമിടുന്ന ഈ ചിത്രം, ഇന്ത്യയിലും വിദേശത്തും മികച്ച രീതിയില്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നുവെന്നാണ് ബോക്സ് ഓഫീസ് കണക്കുകൾ വ്യക്തമാക്കുന്നത്.
പിങ്ക്‌വില്ല റിപ്പോർട്ട് പ്രകാരം ഹൗസ്ഫുൾ 5 ഇന്ത്യയിൽ 9 ദിവസത്തിനുള്ളിൽ 128.90 കോടി രൂപ നെറ്റ് കളക്ഷൻ നേടി. രണ്ടാം ഞായറാഴ്ചയോടെ ഇത് 138 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷ. ആഗോളതലത്തിൽ 200 കോടി രൂപ കവിഞ്ഞ ചിത്രം റിലീസിന്റെ ആദ്യ ദിവസം തന്നെ 39.84 കോടി രൂപയുടെ വേൾഡ് വൈഡ് ഗ്രോസ് നേടിയിരുന്നു. ഇന്ത്യയിൽ 28.73 കോടി രൂപയും വിദേശത്ത് 11.11 കോടി രൂപയും ഉൾപ്പെടെയായിരുന്നു ആദ്യദിനത്തിലെ കളക്ഷന്‍.
ആദ്യ ദിനം 24.35 കോടി രൂപയുടെ നെറ്റ് കളക്ഷനോടെ ഹൗസ്ഫുൾ ഫ്രാഞ്ചൈസിയിലെ ഏറ്റവും വലിയ ഓപ്പണിംഗ് നേടിയ ചിത്രം എന്ന റെക്കോർഡും ഹൗസ്ഫുൾ 5 സ്വന്തമാക്കി. അക്ഷയ് കുമാറിന്റെ കരിയറിലെ നാലാമത്തെ ഏറ്റവും വലിയ ഓപ്പണിംഗാണ് ചിത്രം കൈവരിച്ചത്.
വിദേശ മാർക്കറ്റുകളിലും ഹൗസ്ഫുൾ 5 മികച്ച പ്രകടനം കാഴ്ചവെച്ചു. ആദ്യ ദിനം വിദേശ വിപണിയില്‍ മികച്ച പ്രകടനം നടത്തിയ ചിത്രം, യുഎസ്, കാനഡ, ഗൾഫ്, ഓസ്‌ട്രേലിയ, യുകെ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കളക്ഷന്‍ നേടുന്നത്. 2025ലെ ബോളിവുഡ് ചിത്രങ്ങളിൽ രണ്ടാമത്തെ വലിയ വിദേശ ഓപ്പണർ എന്ന ബഹുമതിയും ചിത്രത്തിന് ലഭിച്ചു.
135 കോടി രൂപയുടെ വരുമാനം ഇതിനോടകം തിരിച്ചുപിടിച്ചെങ്കിലും, 90 കോടി രൂപ കൂടി ചിത്രത്തിന് ബ്രേക്ക് ഈവണ്‍ ആകണമെങ്കില്‍ നേടേണ്ടിവരും എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. അക്ഷയ് കുമാറിനൊപ്പം അഭിഷേക് ബച്ചൻ, റിതേഷ് ദേശ്മുഖ്, ബോബി ഡിയോൾ, ചങ്കി പാണ്ഡെ, നാന പടേക്കർ തുടങ്ങിയ താരനിര അണിനിരക്കുന്ന ഈ ക്രൂസ് കോമഡിയായി ഒരുക്കിയ ചിത്രം രണ്ടാം ഞായറാഴ്ചയും തുടര്‍ന്നുള്ള വാരത്തിലും എന്ത് കളക്ഷന്‍ നേടും എന്നതാണ് ട്രേഡ് അനലിസ്റ്റുകള്‍ ഉറ്റുനോക്കുന്നത്.