
കോളിവുഡിലെ യുവനിര താരങ്ങളില്‍ ഏറ്റവും ആരാധകവൃന്ദമുള്ള അഭിനേതാക്കളില്‍ ഒരാളാണ് ശിവകാര്‍ത്തികേയന്‍. ചുരുങ്ങിയ കാലം കൊണ്ട് തമിഴ് സിനിമയില്‍ ഇത്രയും നേട്ടമുണ്ടാക്കിയ മറ്റൊരു അഭിനേതാവ് ഒരുപക്ഷേ ഉണ്ടാവില്ല. എന്തിനേറെ പറയുന്നു, തമിഴിലെ നമ്പര്‍ 1 താരമായ വിജയ് കളം വിടുമ്പോള്‍ ഒഴിവ് വരുന്ന കസേരയിലേക്ക് പോലും ശിവകാര്‍ത്തികേയന്‍റെ പേര് ചര്‍ച്ചകളില്‍ ആരാധകര്‍ പറയാറുണ്ട്. ബോക്സ് ഓഫീസിന്‍റെ കാര്യമെടുത്താല്‍ സോളോ ഹീറോ ആയി 300 കോടി ക്ലബ്ബ് ചിത്രമുണ്ട് അദ്ദേഹത്തിന്. എന്നാല്‍ ഇപ്പോഴിതാ അതേ ബോക്സ് ഓഫീസില്‍ ഒരു വലിയ പരാജയത്തെ നേരിടേണ്ടിവന്നിരിക്കുകയാണ് അദ്ദേഹത്തിന്.
എ ആര്‍ മുരുഗദോസിന്റെ രചനയിലും സംവിധാനത്തിലും എത്തിയ സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രം മദ്രാസി ആണ് അത്. രഘു റാം എന്ന കഥാപാത്രമായി ശിവകാര്‍ത്തികേയന്‍ എത്തിയ ചിത്രം സെപ്റ്റംബര്‍ 5 നാണ് തിയറ്ററുകളില്‍ എത്തിയത്. കരിയറിലെ ആദ്യ 300 കോടി ക്ലബ്ബ് ചിത്രത്തിന് (അമരന്‍) ശേഷം എത്തുന്ന ശിവകാര്‍ത്തികേയന്‍ ചിത്രം എന്ന നിലയില്‍ കോളിവുഡിന് വലിയ പ്രതീക്ഷയുണ്ടായിരുന്നു മദ്രാസിയില്‍. എന്നാല്‍ സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ചിത്രത്തിന് ലഭിച്ചത്. അതിനാല്‍ത്തന്നെ വിചാരിച്ച നേട്ടമുണ്ടാക്കാനായില്ലെന്ന് മാത്രമല്ല, നിര്‍മ്മാതാവിന് ഒരു നഷ്ട സംരംഭമായി മാറുകയുമാണ് ചിത്രം.
ലഭിച്ച പ്രീ റിലീസ് ഹൈപ്പില്‍ ആദ്യ വാരാന്ത്യത്തില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 62 കോടി നേടിയിരുന്നു. ചിത്രം ഉറപ്പായും ഒരു വന്‍ വിജയമാകുമെന്ന് ട്രേഡ് അനലിസ്റ്റുകള്‍ കരുതി. എന്നാല്‍ ആദ്യ വാരാന്ത്യത്തിന് ശേഷം ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് ഗ്രാഫ് താഴേക്ക് കൂപ്പുകുത്താന്‍ തുടങ്ങി. 100 കോടി എന്ന സംഖ്യ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് പോലും മറികടക്കാന്‍ ചിത്രത്തിന് ഇനിയും സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം.
രണ്ടാം വാരാന്ത്യത്തില്‍ ചിത്രത്തിന് നേടാനായത് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 10- 11 കോടി മാത്രമാണ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 13 ദിവസം കൊണ്ട് ചിത്രം നേടിയിരിക്കുന്നത് 92.15 കോടിയാണ്. ഇന്ത്യയില്‍ നിന്ന് നേടിയിരിക്കുന്ന നെറ്റ് കളക്ഷന്‍ 59.57 കോടിയും ഗ്രോസ് 67.85 കോടിയും. കൊയ്മൊയ്‍യുടെ റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തിന്‍റെ ബജറ്റ് 180 കോടിയാണ്. രണ്ട് വാരം പിന്നിടാന്‍ നില്‍ക്കുന്ന ചിത്രത്തില്‍ നിന്ന് ബജറ്റ് റിക്കവറി ഉണ്ടാവാന്‍ സാധ്യത അങ്ങേയറ്റം വിരളമാണ്. ഉയര്‍ന്ന ബജറ്റ് കൂടി പരിഗണിക്കുമ്പോള്‍ ശിവകാര്‍ത്തികേയന്‍റെ കൊവിഡ് അനന്തര റിലീസുകളില്‍ ഏറ്റവും വലിയ പരാജയത്തിലേക്ക് നീങ്ങുകയാണ് മദ്രാസി.