നൂറ് കോടിയും കടന്ന് 'മാമാങ്കം'; ചരിത്രനേട്ടത്തില്‍ മമ്മൂട്ടി ചിത്രം

By Web TeamFirst Published Dec 21, 2019, 10:41 AM IST
Highlights

നൂറ് കോടി ഇടം നേടുന്ന  മമ്മൂട്ടിയുടെ രണ്ടാമത്തെ ചിത്രമാണ് മാമാങ്കം. നേരത്തെ വൈശാഖിന്‍റെ സംവിധാനത്തില്‍ എത്തിയ മധുരരാജയും സുവര്‍ണ്ണ നേട്ടം സ്വന്തമാക്കിയിരുന്നു

എം പദ്മകുമാര്‍ സംവിധാനം ചെയ്ത മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം 'മാമാങ്കം' നൂറു കോടി ക്ലബ്ബിൽ. റിലീസ് ചെയ്ത് എട്ടാം ദിവസമാണ് ചിത്രം നൂറുകോടി ക്ലബ്ബില്‍ ഇടംനേടി ചരിത്രം സൃഷ്ടിച്ചത്. സിനിമയുടെ നിർമാതാവ് വേണു കുന്നപ്പിള്ളിയുടെ ഫേസ്ബുക്ക് പേജിലൂടെയും ചിത്രത്തിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയുമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.  

നൂറ് കോടി ഇടം നേടുന്ന  മമ്മൂട്ടിയുടെ രണ്ടാമത്തെ ചിത്രമാണ് മാമാങ്കം. നേരത്തെ വൈശാഖിന്‍റെ സംവിധാനത്തില്‍ എത്തിയ മധുരരാജയും സുവര്‍ണ്ണ നേട്ടം സ്വന്തമാക്കിയിരുന്നു. റിലീസിംഗിന് പിന്നാലെ  സിനിമക്കെതിരെ നടന്ന ഡീഗ്രേഡിങ്ങിനിടയിലാണ് ബോക്‌സോഫീസില്‍ ചരിത്രം കുറിച്ച് മാമാങ്കം മുന്നോട്ട് കുതിക്കുന്നത്. ചിത്രത്തിന്‍റെ ആഗോള ബോക്സ്ഓഫീസ് കളക്ഷനാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. 

നേരത്തെ, റിലീസ് ചെയ്ത് മൂന്നാം ദിവസം മാമാങ്കത്തിന്‍റെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ എത്തിയിരുന്നു. മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തിന്‍റെ തിയേറ്റർ പ്രിന്‍റാണ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. നിർമ്മാതാവ് നൽകിയ പരാതിയിലാണ് കേസെടുത്തത്. ഗുരുതരമായ പകർപ്പവകാശ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

ഈ മാസം 12നാണ് മാമാങ്കം തിയേറ്ററുകളില്‍ എത്തിയത്. 45 രാജ്യങ്ങളില്‍ രണ്ടായിരത്തിലധികം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ്. മനോജ് പിള്ളയാണ് ഛായാഗ്രഹണം. മമ്മൂട്ടിക്കൊപ്പം പ്രാചി തെഹ്‌ലാന്‍, ഉണ്ണി മുകുന്ദന്‍, അനു സിത്താര, സിദ്ദിഖ്, ഇനിയ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

ചിത്രത്തിന്‍റെ ആദ്യദിനത്തിലെ ആഗോള കളക്ഷന്‍ 23 കോടിയാണെന്നും വേണു കുന്നപ്പിള്ളി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ചിത്രത്തെ നശിപ്പിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെങ്കിലും തങ്ങള്‍ അതിനെ പുച്ഛത്തോടെ തള്ളിക്കളയുകയാണെന്നും നിര്‍മ്മാതാവ് അന്ന് പറഞ്ഞിരുന്നു. 

click me!