ജയറാം നായകനായ 'ആശകള്‍ ആയിരം' എന്ന പുതിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി തിയറ്ററുകളില്‍ മുന്നേറുന്നു

പ്രേക്ഷകര്‍ ഇപ്പോഴും റിപ്പീറ്റ് വാച്ച് ചെയ്യുന്ന നിരവധി കുടുംബ ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള നടനാണ് ജയറാം. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മലയാളത്തില്‍ സജീവമല്ല അദ്ദേഹം. മാത്രമല്ല, ഏറെ തെരഞ്ഞെടുത്ത് മാത്രമേ ഇവിടെ ചിത്രങ്ങള്‍ ചെയ്യുന്നുമുള്ളൂ. ഒരു വിന്‍റേജ് ജയറാമിനെ വീണ്ടും ഒരു ചിത്രത്തില്‍ കാണാനുള്ള ആഗ്രഹം പ്രേക്ഷകര്‍ എപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ അതിന് ഒരു ഉത്തരമായി എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ആശകള്‍ ആയിരം എന്ന ചിത്രത്തിന് ലഭിക്കുന്നത്. ഇന്നലെ തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. എന്നാല്‍ ബോക്സ് ഓഫീസില്‍ അത് പ്രതിഫലിച്ചോ? ആദ്യദിനം ചിത്രം നേടിയ കളക്ഷന്‍ എത്രയെന്ന് നോക്കാം.

ട്രാക്കര്‍മാരുടെ കണക്ക്

ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് ചിത്രം ആദ്യദിനം കേരളത്തില്‍ നിന്ന് നേടിയിരിക്കുന്നത് 53 ലക്ഷമാണ്. വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ എത്തിയ ചിത്രത്തെ സംബന്ധിച്ച് പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ബോക്സ് ഓഫീസില്‍ നേട്ടം ഉണ്ടാക്കേണ്ടത്. മികച്ച മൗത്ത് പബ്ലിസിറ്റി നേടിയെടുത്ത സ്ഥിതിക്ക് ശനി, ഞായര്‍ ദിനങ്ങളില്‍ ചിത്രം നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജയറാമും കാളിദാസും അച്ഛനും മകനുമായി എത്തുന്നു എന്ന കൗതുകവും ആശകള്‍ ആയിരത്തിന് ഉണ്ട്. നീണ്ട 23 വർഷങ്ങൾക്ക് ശേഷമാണ് ഇവര്‍ ഒരുമിച്ച് വീണ്ടും ബിഗ് സ്ക്രീനില്‍ എത്തുന്നത്.

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഹരിഹരൻ എന്ന സാധാരണക്കാരനായ അച്ഛനായാണ് ജയറാം ഈ ചിത്രത്തിൽ വേഷമിടുന്നത്. തമിഴ് സിനിമകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും പക്വതയാർന്ന അഭിനയത്തിലൂടെയും ശ്രദ്ധേയനായ കാളിദാസ്, ഉത്തരവാദിത്തങ്ങളില്ലാത്ത, സിനിമാമോഹിയായ മകനായാണ് ചിത്രത്തിൽ എത്തുന്നത്. ‘ഒരു വടക്കൻ സെൽഫി’ക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത് അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ്. ജൂഡ് ആന്റണി തന്നെയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും. ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’ക്ക് ശേഷം ജയറാമും കാളിദാസും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണിത്. ആശ ശരത്, ഷറഫുദ്ദീന്‍, ഇഷാനി കൃഷ്ണ, രമേശ് പിഷാരടി, കുഞ്ചൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും കൃഷ്ണമൂർത്തിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming