
മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച സിനിമകളാണ് കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി ലഭിച്ചു കൊണ്ടിരിക്കുന്നത്. മേക്കിങ്ങിലും പ്രമേയത്തിലും മാത്രമല്ല ബോക്സ് ഓഫീസിലും മലയാള സിനിമ ബഹുദൂരം മുന്നിൽ എത്തിക്കഴിഞ്ഞു. അക്കൂട്ടത്തിലെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് നിവിൻ പോളി നായകനായി എത്തിയ സർവ്വം മായ. ഒരിടവേളയ്ക്ക് ശേഷം നിവിന്റെ ബോക്സ് ഓഫീസ് തിരിച്ചുവരവ് കൂടിയായ പടം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഈ അവസരത്തിൽ ഇതുവരെ ചിത്രം നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്.
ക്രിസ്മസ് റിലീസായി ഡിസംബർ 25ന് ആണ് സർവ്വം മായ തിയറ്ററിൽ എത്തിയത്. ആദ്യദിനം മുതൽ തന്നെ മികച്ച പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയ ചിത്രം ബോക്സ് ഓഫീസിലും തിളങ്ങി. 135.55 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് 22 ദിവസം വരെയുള്ള കണക്കാണിത്. ഇന്ത്യ നെറ്റ് 69.20 കോടി, ഓവർസീസ്‍ 54കോടി, ഗ്രോസ് 81.55 കോടി എന്നിങ്ങനെയാണ് കളക്ഷൻ കണക്ക്.
കേരളത്തിൽ നിന്നും ചിത്രം 69.7 കോടി നേടി. ഇരുപത്തി മൂന്നാം ദിവസമായ ഇന്ന് കേരളത്തിൽ 70 കോടി രൂപ സർവ്വം മായ പിന്നടുമെന്നാണ് ട്രാക്കിംഗ് സൈറ്റായ സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നത്. കാർണാടകയിൽ നിന്നും ചിത്രം 5.86 കോടി രൂപ കളക്ട് ചെയ്തിട്ടുണ്ട്. ആന്ധ്ര- തെലുങ്കാന പ്രദേശങ്ങളിൽ 73 ലക്ഷം, തമിഴ്നാട് 2.72 കോടി രൂപ എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ സർവ്വം മായ കളക്ഷൻ കണക്ക്. മറ്റ് എതിരാളികളൊന്നും വരാതെ ഇരിക്കുകയാണെങ്കിൽ നിവിൻ പോളി പടം 150 കോടി തൊടുമെന്നും ട്രാക്കർന്മാർ വിലയിരുത്തുന്നുണ്ട്. അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് സർവ്വം മായ. നിവിനും അജു വർഗീസും ഒന്നിച്ച പത്താമത്തെ പടമെന്ന പ്രത്യേകതയും ഇതിനുണ്ട്.