
സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കൂലി ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്നു. ആദ്യ ദിനത്തിൽ തന്നെ റെക്കോർഡുകൾ തകർത്തെറിഞ്ഞ രജനി ചിത്രം രണ്ടാം ദിനത്തിലും ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്. രജനികാന്തിനെ നായകനാക്കി ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന ഹൈപ്പോടെയാണ് കൂലി എത്തിയത്. എന്നാൽ, ആദ്യ ഷോ കഴിഞ്ഞതിന് പിന്നാലെ കൂലിയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. രജനിയുടെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന ചിത്രമാണെങ്കിലും ലോകേഷിന്റെ ആരാധകർ അത്ര ഹാപ്പിയായിരുന്നില്ലെന്നാണ് ആദ്യ പ്രതികരണങ്ങൾ വ്യക്തമാക്കിയത്.
നെഗറ്റീവ് റിവ്യൂകളും കമന്റുകളും കൂലിയെ വലിയ തരത്തിൽ പിന്നോട്ടടിക്കുമെന്നായിരുന്നു പരക്കെ വിലയിരുത്തപ്പെട്ടത്. എന്നാൽ, രണ്ടാം ദിനവും തിയേറ്ററുകളിലേയ്ക്ക് ആളുകൾ ഒഴുകിയെത്തി. സ്വതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് (രണ്ടാം ദിനം) ഇന്ത്യയിൽ ചിത്രം 100 കോടിയെന്ന നാഴികക്കല്ല് അനായാസം മറികടന്നു. ആദ്യ ദിനം (ഓഗസ്റ്റ് 14) 65 കോടി രൂപയുടെ വമ്പൻ ഓപ്പണിംഗിന് ശേഷം രണ്ടാം ദിനത്തിൽ കൂലി 53.5 കോടി നേടി. 17.69% ഇടിവ് നേരിട്ടിട്ടും രണ്ട് ദിവസത്തെ ആകെ കളക്ഷൻ 118.5 കോടിയിലെത്തി. ജിഎസ്ടി കണക്കുകൾ പ്രകാരം ചിത്രത്തിന്റെ ആഭ്യന്തര വരുമാനം 139.83 കോടിയാണ്. വാരാന്ത്യത്തിന്റെ അവസാനത്തോടെ ചിത്രം 200 കോടി കടക്കാനുള്ള ശക്തമായ സാധ്യതയാണ് തെളിഞ്ഞുവരുന്നത്.
350 കോടിയുടെ വമ്പൻ ബജറ്റിലാണ് കൂലി എത്തിയത്. റിലീസ് ചെയ്ത് ആദ്യ 48 മണിക്കൂറിനുള്ളിൽ തന്നെ മൊത്തം ബജറ്റിന്റെ ഏകദേശം 33.85% തിരിച്ചുപിടിക്കാൻ രജനി ചിത്രത്തിനായി. നാലാം ദിവസത്തിന്റെ അവസാനത്തോടെ സിനിമ അതിന്റെ ബജറ്റിന്റെ 50% ത്തിലധികം തിരിച്ചുപിടിക്കുമെന്ന് ട്രേഡ് അനലിസ്റ്റുകൾ പ്രവചിക്കുന്നുണ്ട്. സാറ്റലൈറ്റ്, ഡിജിറ്റൽ, ഫോറിൻ റൈറ്റ്സ് എന്നിവ അധിക വരുമാനം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, വിജയ് ചിത്രം ലിയോയുടെ ആദ്യ ദിന കളക്ഷൻ റെക്കോർഡായ 64.8 കോടി എന്ന സംഖ്യ മറികടന്നുകൊണ്ട് കൂലി പുതിയ റെക്കോർഡ് സ്ഥാപിച്ചിരുന്നു. ഒരു തമിഴ് ചിത്രത്തിന് ഇതുവരെ ലഭിച്ച ഏറ്റവും വലിയ ഓപ്പണിംഗാണിത്. എൽസിയുവിന്റെ (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്) ഭാഗമല്ലെങ്കിലും 75-ാം വയസിലും ഒട്ടും കുറവ് സംഭവിച്ചിട്ടില്ലാത്ത രജനിയുടെ സ്വാഗും ആമിർ ഖാൻ, നാഗാർജുന, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ, സത്യരാജ്, ഉപേന്ദ്ര തുടങ്ങിയ വമ്പൻ താരനിരയും കൂലിക്ക് ഗുണകരമായി.