
ബോക്സ് ഓഫീസില്‍ ഇന്ന് മിനിമം ഗ്യാരന്‍റിയുള്ള സിനിമാ ജോണര്‍ ആണ് ഹൊറര്‍ കോമഡി. അത് ഏത് ഭാഷകളിലായാലും ശരി. വിശേഷിച്ചും ബോളിവുഡിലും തമിഴിലും. ബോളിവുഡില്‍ നിന്ന് ഈ ഗണത്തില്‍ എത്തിയ ഏറ്റവും പുതിയ ചിത്രം ഇപ്പോള്‍ തിയറ്ററുകളിലുണ്ട്. ആയുഷ്മാന്‍ ഖുറാന, രശ്മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആദിത്യ സര്‍പോത്കര്‍ സംവിധാനം ചെയ്ത തമ എന്ന ചിത്രമാണ് അത്. ഒക്ടോബര്‍ 21 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ബോളിവുഡില്‍ നിന്ന് ഈ വര്‍ഷം കാത്തിരിപ്പ് ഉയര്‍ത്തി എത്തിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്. എന്നാല്‍ ഹൈപ്പിനൊത്തുള്ള പ്രേക്ഷകപ്രീതി നേടാന്‍ റിലീസിന് ശേഷം ചിത്രത്തിന് സാധിച്ചില്ല. എന്നാല്‍ മോശം അഭിപ്രായങ്ങളിലും ചിത്രം വീണില്ല എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആദ്യ 6 ദിനങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയിരിക്കുന്ന ഗ്രോസ് കളക്ഷന്‍ 109.5 കോടിയാണ്. നെറ്റ് കളക്ഷന്‍ 91.3 കോടിയും. വിദേശത്തുനിന്ന് 15 കോടിയും. അങ്ങനെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആകെ 124.5 കോടിയും. ഇന്ത്യയില്‍ നിന്ന് ആദ്യദിനം നേടിയ കളക്ഷന്‍ നിര്‍മ്മാതാക്കളായ മഡോക് ഫിലിംസ് പുറത്തുവിട്ടിരുന്നു. 25.11 കോടി ആയിരുന്നു ഇത്.
എന്നാല്‍ ഉയര്‍ന്ന ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രമാണ് ഇത്. പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 125 കോടി ആണ് ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ കോസ്റ്റ്. പബ്ലിസിറ്റിക്കുവേണ്ടി നിര്‍മ്മാതാക്കള്‍ ചെലവഴിച്ചത് 20 കോടി രൂപയും. അങ്ങനെ ചിത്രത്തിന്‍റെ ആകെ ബജറ്റ് 145 കോടി രൂപയാണ്. കളക്ഷന് പുറമെ മറ്റ് റൈറ്റ്സ് വില്‍പ്പന കൂടി ചേരുമ്പോള്‍ ചിത്രം നിര്‍മ്മാതാവിനെ സേഫ് ആക്കും എന്നത് ഉറപ്പാണ്. അതേസമയം ബോക്സ് ഓഫീസില്‍ ചിത്രം എത്രത്തോളം നേട്ടമുണ്ടാടക്കും എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് അണിയറക്കാര്‍.
മഡോക് ഹൊറര്‍ കോമഡി യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രമാണ് തമ. സ്ത്രീ, ഭേഡിയ, മുഞ്ജ്യ, സ്ത്രീ 2 എന്നിവയാണ് ഈ യൂണിവേഴ്സിന്‍റെ ഭാഗമായി ഇതിന് മുന്‍പ് പുറത്തെത്തിയ ചിത്രങ്ങള്‍.