നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വ്വം മായ എന്ന ചിത്രം മികച്ച പ്രേക്ഷകപ്രീതി നേടി മുന്നേറുന്നു
മലയാള സിനിമയുടെ മാര്‍ക്കറ്റ് വളര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ഷങ്ങളാണ് ഇത്. പോസിറ്റീവ് അഭിപ്രായം വന്നാല്‍ കളക്ഷനില്‍ വന്‍ കുതിപ്പ് ദൃശ്യമാവുന്ന കാലം. ഇനി ആദ്യ ഷോകള്‍ക്കിപ്പുറം നെഗറ്റീവ് അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് വരുന്നതെങ്കില്‍ എത്ര വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തുന്ന ചിത്രമാണെങ്കിലും ബോക്സ് ഓഫീസില്‍ അമ്പേ പരാജയപ്പെടുന്ന കാലം. ഇപ്പോഴിതാ ഈ വര്‍ഷത്തെ അവസാന റിലീസുകളുടെ കൂട്ടത്തില്‍ ഒരു ചിത്രം പ്രേക്ഷകപ്രീതിയില്‍ കൃത്യമായ മുന്‍തൂക്കം നേടിയിരിക്കുകയാണ്. നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വ്വം മായ എന്ന ചിത്രമാണ് അത്.
കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ നിവിന്‍ പോളി വീണ്ടും നായകനാവുന്നു, അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജു വീണ്ടും നിവിനൊപ്പം എത്തുന്നു, ഹൊറര്‍ കോമഡി ജോണറില്‍ പെടുന്ന സിനിമ എന്നിങ്ങനെ പലവിധ കാരണങ്ങളാല്‍ നേരത്തേ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു സര്‍വ്വം മായ. ആദ്യ ഷോകള്‍ക്കിപ്പുറം പോസിറ്റീവ് അഭിപ്രായം കൂടി വന്നതോടെ നിവിന്‍റെ തിരിച്ചുവരവ് തിയറ്ററുകളില്‍ കാണാനായി തിയറ്ററുകളില്‍ തിരക്കിട്ട് എത്തുകയാണ് പ്രേക്ഷകര്‍. മികച്ച ഓപണിംഗോടെ ചിത്രം ബോക്സ് ഓഫീസ് കുതിപ്പും തുടങ്ങിയിട്ടുണ്ട്.
ആഗോള ബോക്സ് ഓഫീസില്‍ നിന്ന് റിലീസ് ദിനത്തില്‍ ചിത്രം 8 കോടിക്ക് മുകളില്‍ നേടി എന്നതാണ് കണക്ക്. ഈ വര്‍ഷം മലയാള സിനിമയിലെ ഏറ്റവും മികച്ച ഏഴാമത്തെ ഓപണിംഗ് ആണ് ഇത്. ബസൂക്ക, ലോക, ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങളെയൊക്കെ ആഗോള ഓപണിംഗില്‍ സര്‍വ്വം മായ പിന്നിലാക്കിയിട്ടുണ്ട്. ഈ വര്‍ഷം എത്തിയ എമ്പുരാന്‍ ആണ് മലയാളത്തിലെ എക്കാലത്തെയും വലിയ ആഗോള ഓപണിംഗ് നേടിയ ചിത്രം. 68.2 കോടി ആയിരുന്നു ചിത്രത്തിന്‍റെ റിലീസ് ദിന കളക്ഷന്‍.
തുടരും, കളങ്കാവല്‍, ഭഭബ, ഡീയസ് ഈറേ, ഹൃദയപൂര്‍വ്വം എന്നിവയാണ് ലിസ്റ്റില്‍ 2 മുതല്‍ 6 വരെ സ്ഥാനങ്ങളിലുള്ള ചിത്രങ്ങള്‍. തുടരും 17.18 കോടിയാണ് ആദ്യ ദിനം നേടിയതെങ്കില്‍ കളങ്കാവലിന്‍റെ ഓപണിംഗ് 15.65 കോടി ആയിരുന്നു. ഭഭബ 14.80 കോടിയും ഡീയസ് ഈറേ 11.70 കോടിയും ആദ്യ ദിനം നേടി. 8.5 കോടി ആയിരുന്നു ഡീയസ് ഈറേയുടെ ഓപണിംഗ്.



