വിജയ്‌യുടെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന ജനനായകന്‍ കേരളത്തില്‍ വന്‍ ഓപ്പണിംഗ് ആണ് ലക്ഷ്യമിടുന്നത്

കേരളത്തില്‍ ഏറ്റവും ആരാധകരുള്ള തമിഴ് താരമാണ് വിജയ്. അതിനാല്‍ത്തന്നെ പല ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും അദ്ദേഹം നായകനായ ചിത്രങ്ങള്‍ ഇവിടെ നേടിയിട്ടുണ്ട്. വിശേഷിച്ചും ഓപണിംഗ് കളക്ഷന്‍ റെക്കോര്‍ഡുകള്‍. വന്‍ ഹൈപ്പുമായി എമ്പുരാന്‍ വരുന്നതുവരെ കേരളത്തിലെ ഏറ്റവും വലിയ ഓപണിംഗ് കളക്ഷന്‍ വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ പേരിലായിരുന്നു. നിലവില്‍ എമ്പുരാന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ലിയോ. ഇപ്പോഴിതാ വിജയ്‍യുടെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന ജനനായകന്‍ തിയറ്ററുകളിലേക്ക് എത്തുമ്പോള്‍ വന്‍ ഓപണിംഗില്‍ കുറഞ്ഞതൊന്നും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ കേരളത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല.

ഏറെക്കാലമായി തമിഴ്നാടിനേക്കാള്‍ മുന്‍പേ പ്രധാന തമിഴ് ചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശനം ആരംഭിക്കാറുണ്ട്. കേരളത്തില്‍ നന്നേ പുലര്‍ച്ചെ തന്നെ വിജയ്‍യുടേത് അടക്കമുള്ള ചിത്രങ്ങള്‍ പ്രദര്‍ശനം ആരംഭിക്കാറുണ്ടെങ്കില്‍ തമിഴ്നാട്ടില്‍ നിലവില്‍ പുലര്‍ച്ചെയുള്ള ഷോകള്‍ക്ക് വിലക്കുണ്ട്. ജനനായകന്‍റെ കാര്യത്തിലും അങ്ങനെ തന്നെയാണ് കാര്യങ്ങള്‍. എറണാകുളം കവിത പോലെ ചില പ്രധാന സെന്‍ററുകളില്‍ റിലീസ് ദിനത്തില്‍ വിജയ് ഫാന്‍സ് സംഘടിപ്പിച്ചിരിക്കുന്ന പ്രദര്‍ശനങ്ങള്‍ പുലര്‍ച്ചെ നാലിനാണെന്ന് നേരത്തേ അറിഞ്ഞിരുന്നു. എന്നാല്‍ ഫാന്‍സ് ഷോകള്‍ മാത്രമല്ല, അല്ലാതെയുള്ള സാധാരണ പ്രദര്‍ശനങ്ങളും കേരളത്തില്‍ അന്നേ ദിവസം പുലര്‍ച്ചെ 4 ന് തന്നെ ആരംഭിക്കുമെന്ന് ഇപ്പോള്‍ ഉറപ്പായിരിക്കുകയാണ്. വിതരണക്കാര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

എസ്എസ്ആര്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. പുലര്‍ച്ചെ 4 മുതല്‍ പ്രദര്‍ശനം ആരംഭിക്കുന്നതോടെ ഷോ കൗണ്ട് വര്‍ധിക്കും. പോസിറ്റീവ് അഭിപ്രായം വന്നാല്‍ അന്നേ ദിവസം പിന്നീടുള്ള ഷോകളുടെ ഒക്കുപ്പന്‍സിയും വര്‍ധിക്കും. ചിത്രം കേരളത്തില്‍ നിന്ന് നേടുന്ന ഓപണിംഗ് എത്രയായിരിക്കുമെന്നത് വിജയ് ആരാധകരും ട്രാക്കര്‍മാരും കൗതുകപൂര്‍വ്വം കാത്തിരിക്കുന്ന കാര്യമാണ്. കേരള ഓപണിംഗില്‍ ചിത്രം ലിയോയെയും ഇനി എമ്പുരാനെത്തന്നെയും മറികടക്കുമോ എന്നതാണ് ചോദ്യം.

View post on Instagram

അതേസമയം ലോകേഷ് കനകരാജിന്‍റെ വിജയ് ചിത്രം എന്നതും എല്‍സിയുവിന്‍റെ ഭാഗം എന്നതുമൊക്കെ ലിയോയ്ക്ക് നേടിക്കൊടുത്ത വമ്പന്‍ പ്രീ റിലീസ് ഹൈപ്പ് ഉണ്ട്. എന്നാല്‍ വിജയ്‍യുടെ അവസാന ചിത്രം എന്നത് ജനനായകന്‍റെ പ്രധാന യുഎസ്‍പി ആണെങ്കിലും ലിയോ സൃഷ്ടിച്ച കാത്തിരിപ്പ് ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ സൃഷ്ടിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. എന്തായാലും ആദ്യ ഷോകള്‍ക്കിപ്പുറം നേടുന്ന പ്രതികരണങ്ങളെ ആശ്രയിച്ചിരിക്കും ചിത്രത്തിന്‍റെ കളക്ഷന്‍. പൊങ്കല്‍ റിലീസ് ആയി ജനുവരി 9 നാണ് ചിത്രം ലോകമെമ്പാടും തിയറ്ററുകളില്‍ എത്തുക.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming