
മലയാള സിനിമകള്‍ കാണാന്‍ മറുഭാഷാ പ്രേക്ഷകര്‍ തിയറ്ററുകളിലെത്തുന്നത് ട്രെന്‍ഡ് ആയി മാറിയത് സമീപകാലത്താണ്. മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടില്‍ നേടിയ റെക്കോര്‍ഡ് കളക്ഷനും പ്രേമലു തെലുങ്ക് സംസ്ഥാനങ്ങളിലും തമിഴ്നാട്ടിലും നേടിയ മികച്ച പ്രതികരണവുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. സമീപകാലത്ത് മറ്റ് രണ്ട് മലയാള ചിത്രങ്ങളുടെ തെലുങ്ക് പതിപ്പുകളും തിയറ്ററുകളില്‍ എത്തിയിരുന്നു. നസ്‍ലെന്‍ നായകനായ ആലപ്പുഴ ജിംഖാനയും മോഹന്‍ലാല്‍ നായകനായ തുടരും എന്ന ചിത്രവുമാണ് അത്. മോഹന്‍ലാലിന്‍റെ തന്നെ എമ്പുരാന്‍റെ തെലുങ്ക് പതിപ്പും തിയറ്ററുകളില്‍ എത്തിയിരുന്നു. ഇതില്‍ ആലപ്പുഴ ജിംഖാന, തുടരും എന്നീ ചിത്രങ്ങളുടെ തെലുങ്ക് പതിപ്പുകള്‍ നേടിയ കളക്ഷന്‍ എത്രയെന്ന് നോക്കാം.
ഏപ്രില്‍ 10 ന് മലയാളം പതിപ്പ് റിലീസ് ചെയ്ത ആലപ്പുഴ ജിംഖാനയുടെ തെലുങ്ക് പതിപ്പ് രണ്ട് ആഴ്ചകള്‍ക്ക് ശേഷമാണ് റിലീസ് ചെയ്യപ്പെട്ടത്. എന്നാല്‍ ഏപ്രില്‍ 25 ന് മലയാളം പതിപ്പ് റിലീസ് ചെയ്യപ്പെട്ട തുടരും സിനിമയുടെ തെലുങ്ക് പതിപ്പ് തൊട്ട് പിറ്റേ ദിവസം തിയറ്ററുകളില്‍ എത്തി. അതായത് രണ്ട് ചിത്രങ്ങളുടെയും തെലുങ്ക് പതിപ്പ് തിയറ്ററുകളില്‍ എത്തിയത് വെറും ഒരു ദിവസത്തിന്‍റെ വ്യത്യാസത്തില്‍ ആണ്. ആലപ്പുഴ ജിംഖാനയുടെ തെലുങ്ക് പതിപ്പ് തിയറ്ററുകളില്‍ 14 ദിവസം പൂര്‍ത്തിയാക്കിയെങ്കില്‍ തുടരും തെലുങ്ക് പതിപ്പ് പൂര്‍ത്തിയാക്കിയിരിക്കുന്നത് 13 ദിനങ്ങള്‍ ആണ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം തുടരും തെലുങ്ക് പതിപ്പ് ഇതുവരെ നേടിയിരിക്കുന്നത് 1.61 കോടിയാണ്. എന്നാല്‍ ഇതിനേക്കാള്‍ രണ്ടര ഇരട്ടിയില്‍ അധികമാണ് ആലപ്പുഴ ജിംഖാന നേടിയിരിക്കുന്നത്. സാക്നില്‍കിന്‍റെ തന്നെ കണക്ക് പ്രകാരം 4.16 കോടി. നെറ്റ് ബോക്സ് ഓഫീസ് കളക്ഷനാണ് ഇത്.
സാക്നില്‍കിന്‍റെ തന്നെ കണക്ക് അനുസരിച്ച് തുടരും ഇതുവരെ നേടിയിരിക്കുന്ന ആഗോള കളക്ഷന്‍ 178 കോടിയാണ്. ആലപ്പുഴ ജിംഖാന നേടിയിരിക്കുന്നത് 70.37 കോടിയും. അതേസമയം തുടരും സിനിമയുടെ തമിഴ് പതിപ്പ് തമിഴ്നാട്ടില്‍ ഇന്ന് മുതല്‍ പ്രദര്‍ശനത്തിനെത്തും. മലയാളം പതിപ്പിന് തമിഴ്നാട്ടില്‍ നേരത്തെ മികച്ച പ്രതികരണം ലഭിച്ചിരുന്നു. തമിഴ് പതിപ്പിലൂടെ ചിത്രം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുമോ എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ട്രാക്കര്‍മാര്‍. ചിത്രത്തിന്‍റെ കഥാഗതിയില്‍ ഉള്ള തമിഴ് ഘടകങ്ങള്‍ തമിഴ്നാട്ടുകാര്‍ക്ക് ചിത്രത്തോട് അടുപ്പമുണ്ടാക്കാന്‍ സാധ്യത കൂടുതലാണ്.