ഓര്‍മ്മയില്‍ കൊച്ചിന്‍ ഹനീഫ

Published : Feb 02, 2017, 08:16 AM ISTUpdated : Oct 04, 2018, 06:47 PM IST
ഓര്‍മ്മയില്‍ കൊച്ചിന്‍ ഹനീഫ

Synopsis

മലയാളത്തിന്റെ പ്രിയനടന്‍ കൊച്ചിന്‍ ഹനീഫ ഓര്‍മ്മയായിട്ട് വര്‍ഷം ഏഴു കഴിയുന്നു. 2010 ഫെബ്രുവരി രണ്ടിന് ആയിരുന്നു കൊച്ചിന്‍ ഹനീഫ മലയാളത്തിന് കണ്ണീരിലാക്കി വിടപറഞ്ഞത്. അന്നും ഇന്നും കൊച്ചിന്‍ ഹനീഫയ്ക്ക് പകരംവയ്ക്കാന്‍ മറ്റൊരാളില്ല.

നിഷ്കളങ്ക ഹാസ്യമായിരുന്നു കൊച്ചിന്‍ ഹനീഫയുടെ മുഖമുദ്ര. ആസാനേ... എന്ന ആ വിളി. അംഗവിക്ഷേപങ്ങളില്ലാതെ, അതിഭാവുകത്വമില്ലാതെ ഹനീഫ പകര്‍ന്നുതന്ന ഭാവങ്ങള്‍ പ്രേക്ഷകര്‍ക്ക് ഹാസ്യത്തിന്റെ പുതിയ അനുഭവങ്ങള്‍ സമ്മാനിച്ചു. വില്ലനായി വന്ന് സംവിധായകനായും തിരക്കഥാകൃത്തായും കൊമേഡിയനായുമൊക്കെ തിളങ്ങിയ ഹനീഫ സിനിമാക്കാരുടെ പതിവ് ജാഡകള്‍ക്കും ബഹളങ്ങള്‍ക്കുമൊക്കെ അതീതനായിരുന്നു.

വാത്സല്യം പോലൊരു മെഗാഹിറ്റ് സിനിമയുടെ സംവിധായകനാണ് എന്ന മേല്‍വിലാസത്തിലല്ല ഹനീഫ കൊമേഡിയനായി തിളങ്ങിയത്. അതിനും മുമ്പ് പക്കാ വില്ലന്‍ വേഷങ്ങളില്‍നിന്ന് സംവിധായകനായി മാറിയപ്പോഴും ഇതായിരുന്നു സലീം അഹമ്മദ് ഘൗഷ് എന്ന കൊച്ചിന്‍ ഹനീഫയുടെ കാഴ്ചപ്പാട്. തിരക്കഥ, സംവിധാനം, അഭിനയം എന്നിങ്ങനെ സിനിമയുടെ പ്രധാന മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണെന്ന ഭാവം അദ്ദേഹത്തിന്റെ വാക്കിലോ നോക്കിലോ ഉണ്ടായിരുന്നില്ല.

എഴുപതുകളുടെ അവസാനമാണ്കൊച്ചിന്‍ ഹനീഫ സിനിമാരംഗത്ത് എത്തുന്നത്. എറണാകുളം സെന്റ് ആര്‍ബട്സ് കോളജില്‍നിന്ന് ബോട്ടണി ബിരുദം നേടിയ ഹനീഫയെ വീട്ടുകാര്‍ സര്‍ക്കാര്‍ ജോലി തേടാനായി നിര്‍ബന്ധിച്ചെങ്കിലും സിനിമാമോഹങ്ങളുമായി മദ്രാസിലെത്തുകയായിരുന്നു. ദീര്‍ഘകാലത്തെ ചെന്നൈ വാസത്തിനിടയില്‍ തമിഴ് സിനിമയിലെ പ്രഗല്‍ഭരുമായും അദ്ദേഹം നല്ല ബന്ധം സ്ഥാപിച്ചു. ശിവാജിഗണേശന്‍, കമലാഹാസന്‍, കരുണാനിധി തുടങ്ങിയ വമ്പന്‍മാര്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു കൊച്ചിന്‍ ഹനീഫ. പക്ഷേ, അതൊക്കെ നല്ല ബന്ധങ്ങളായി മാത്രം സൂക്ഷിച്ചു. ആ ബന്ധങ്ങളെ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചില്ല. ശിവാജിഗണേശന്റെ വലിയ ആരാധകനായിരുന്ന ഹനീഫ 1970ല്‍ ശിവാജി രസികന്‍ മണ്‍ട്രം കൊച്ചിയില്‍ സ്ഥാപിക്കുകയും അതിന്റെ സെക്രട്ടറിയാവുകയു ചെയ്തു. പിന്നീട് സിനിമയിലെത്തിയപ്പോള്‍ ശിവാജിയുടെ ഏറ്റവും അടുത്ത സുഹൃത്തായി.

വില്ലന്‍ നടനായി സിനിമയിലെത്തിയ അദ്ദേഹം പതുക്കെപ്പതുക്കെ സിനിമയുടെ ഓരോ മേഖലയിലേക്കും കടക്കുകയായിരുന്നു. എണ്‍പതുകളിലാണ് അദ്ദേഹത്തിന്റെ സര്‍ഗശേഷി ഏറെ പ്രകടമായത്. തിരക്കഥാകാരനായും സംവിധായകനായും കുറെയധികം സിനിമകള്‍ കൊച്ചിന്‍ ഹനീഫയുടെ മേല്‍വിലാസത്തില്‍ എത്തി. കൊടുംവില്ലനായി സിനിമകളില്‍ നിറഞ്ഞുനില്‍ക്കുമ്പോഴാണ്, മൂന്നുമാസങ്ങള്‍ക്ക് മുമ്പ് എന്ന സൂപ്പര്‍ഹിറ്റ് കുടുംബചിത്രം അദ്ദേഹം സംവിധാനം ചെയ്തത്.

കുടുംബപ്രേക്ഷരുടെ ഉള്ളുലയ്ക്കുന്ന ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തതില്‍ ഭൂരിഭാഗവും. ഒരു സന്ദേശം കൂടി, ആണ്‍കിളിയുടെ താരാട്ട്, വാത്സല്യം തുടങ്ങിയ സിനിമകളെല്ലാം സ്ത്രീപ്രേക്ഷരുടെ പ്രശംസ നേടിയവയായിരുന്നു. കടത്തനാടന്‍ അമ്പാടി, പുതിയ കരുക്കള്‍, ലാല്‍ അമേരിക്കയില്‍, ഇണക്കിളി തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയും ഹനീഫയുടേതായിരുന്നു.

ഭീഷ്മാചാര്യ എന്ന സിനിമയ്ക്ക് ശേഷം ഹനീഫ സംവിധാനരംഗത്തുനിന്ന് മാറിനില്‍ക്കുകയായിരുന്നു. അതിന് അദ്ദേഹം വ്യക്തമായ വിശദീകരണവും നല്കിയിരുന്നു. 'സിനിമ എന്നാല്‍ എനിക്ക് കുടുംബചിത്രങ്ങളാണ്. അല്ലാത്ത സിനിമകള്‍ സംവിധാനം ചെയ്യാന്‍ എനിക്കാവില്ല. കുടുംബസിനിമകള്‍ക്ക് വലിയ പ്രസക്തിയില്ലാത്ത ഇക്കാലത്ത് അതില്‍നിന്ന് മാറി നില്‍ക്കുകയല്ലേ ബുദ്ധി' എന്നായിരുന്നു അദ്ദേഹം ഇതേക്കുറിച്ചു പറഞ്ഞത്.

എണ്‍പതുകളുടെ അവസാനത്തോടെ ഹനീഫയിലെ കലാകാരന്റെ മറ്റൊരു മുഖമാണ് പ്രേക്ഷകര്‍ കണ്ടത്. വില്ലനില്‍നിന്നു ഗൌരവമേറിയ സിനിമകളുടെ സംവിധായകനായി മാറിയ ഹനീഫ തനി കോമഡി കഥാപാത്രങ്ങളിലേക്കു ചുവടുമാറുകയായിരുന്നു. അതിനു തുടക്കം കുറിച്ചതാകട്ടെ കിരീടം എന്ന സൂപ്പര്‍ഹിറ്റ് സിനിമയും. കിരീടത്തിലെ ഹൈദ്രോസ് എന്ന കഥാപാത്രവും അതിന്റെ മാനറിസങ്ങളും പുതിയൊരു തരംഗമായി. ഇതോടെ ഹനീഫയെത്തേടി ഒട്ടേറെ സിനിമകളെത്തി. എല്ലാം ഹാസ്യത്തിന്റെ പുതിയ മുഖങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്കിയ ചിത്രങ്ങള്‍. മാന്നാര്‍ മത്തായി സ്പീക്കിംഗ്, പഞ്ചാബിഹൌസ്, അനിയത്തിപ്രാവ്, ഹിറ്റ്ലര്‍, പത്രം തുടങ്ങി ഒട്ടേറെ സിനിമകളിലൂടെ നിഷ്കളങ്ക ഹാസ്യത്തിന്റെ പുതിയ തലങ്ങള്‍ കാഴ്ചവയ്ക്കാന്‍ ഹനീഫയ്ക്കു കഴിഞ്ഞു. ഇതിനിടയില്‍ ലോഹിതദാസിന്റെ സൂത്രധാരന്‍ എന്ന ചിത്രത്തില്‍ ഏറെ ഗൗരവമായ ഒരു വേഷവും ചെയ്തു. അതിന് 2001ലെ മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു.

മലയാളത്തില്‍ തിരക്കുള്ള നടനായിരിക്കുമ്പോഴും മികച്ച കഥാപാത്രങ്ങളാകാന്‍ തമിഴകം പലപ്പോഴും ഹനീഫയെ വിളിക്കുമായിരുന്നു. കമലാഹാസനൊപ്പം അഭിനയിച്ച മഹാനദിയിലെ പ്രകടനം ദക്ഷിണേന്ത്യ മുഴുവന്‍ അദ്ദേഹത്തിന് പ്രശംസ നേടിക്കൊടുത്തു. ജീവിതത്തില്‍ അഭിനയിക്കാത്ത സിനിമാക്കാരനായിരുന്നു കൊച്ചിന്‍ ഹനീഫ. എല്ലാറ്റിനേയും ഒരു സാധാരണക്കാരന്റെ വീക്ഷണകോണിലൂടെയാണ് അദ്ദേഹം കണ്ടത്. താരജാഡകളില്ലാതെ, വിവാദങ്ങള്‍ സൃഷ്ടിക്കാതെ, ആരേയും വേദനപ്പിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാജീവിതം. അരങ്ങൊഴിഞ്ഞിട്ട് മൂന്നു വര്‍ഷമായിട്ടും ആസാനേ..എന്ന ആ വിളി ഇപ്പോളും പ്രേഷകരുടെ കാതുകളില്‍ മുഴങ്ങുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ഇഷ്ടപ്പെട്ട ചിത്രങ്ങൾ
'എല്ലാവർഷത്തെയും പോലെ ഈ വർഷവും ചില്ലാണ്'