'പരീക്ഷിച്ചത് അതിജീവന ശക്തി; അടിസ്ഥാനമാക്കിയത് ബിഗ് ബ്രദര്‍ ബൈബിള്‍'

By Web TeamFirst Published Sep 30, 2018, 5:23 PM IST
Highlights

ബിഗ് ബോസ് മലയാളം സീസൺ വൺ അതിന്റെ അവസാന മണിക്കൂറുകളിൽ എത്തിനിൽക്കുമ്പോൾ ബിഗ് ബോസിന്റെ അണിയറ രഹസ്യങ്ങളെക്കുറിച്ച് എന്റമോൾഷൈൻ ഇന്ത്യയുടെ പ്രോജക്ട് ഹെഡും പത്ത് ബിഗ് ബോസ് ഷോകളുടെ അണിയറയിൽ പ്രവർത്തിച്ച വ്യക്തിയുമായി അർജുൻ മേനോൻ സംസാരിക്കുന്നു. 

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ ഒന്നിന്റെ വിജയി ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. സ്‌ക്രീനിൽ നമ്മൾ കണ്ടതിനേക്കാൾ വലിയ ഒരുക്കങ്ങളാണ് ബിഗ് ബോസിന്റെ അണിയറയിൽ നടക്കുന്നത്. 
നെതർലന്റിലുള്ള  എന്റമോൾഷൈൻ പ്രൈവറ്റ് ലിമിറ്റഡിന്റെ  ബിഗ് ബ്രദർ എന്ന പരിപാടിയെ അടിസ്ഥാനമാക്കിയുള്ളതാണ്  നമ്മൾ കാണുന്ന   ബിഗ് ബോസ് ഷോ.

"ബിഗ് ബ്രദർ ബൈബിൾ എന്നൊരു റൂൾ ബുക്കിലാണ് പരിപാടിയുടെ ഫോർമാറ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ ബിഗ് ബ്രദർ ബൈബിളിനെ അനുസരിച്ചാണ് ബിഗ് ബോസ് ഷോ രൂപപ്പെടുത്തിയിട്ടുള്ളത്. പരിപാടിയിൽ നിങ്ങൾ കാണുന്ന എല്ലാ ടാസ്കുകളും ഈ ബിഗ് ബോസ് ബൈബിളിൽ ഉള്ളവയാണ്. പിന്നെ നമ്മുടെ ഇന്ത്യൻ സാഹചര്യങ്ങളും പ്രാദേശിക സാഹചര്യങ്ങളും അനുസരിച്ച് ടാസ്കുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നുണ്ട്. നിലവിൽ മലയാളം ബിഗ് ബോസിനായി ഒരു ക്ലാസിക് തീമാണ് നൽകിയിരിക്കുന്നത്. ഭാവിയിൽ സീസണുകൾ കഴിയുംതോറും കൂടുതൽ വ്യത്യസ്തമായ തീമുകൾ പ്രതീക്ഷിക്കാം." എന്റമോൾഷൈൻ ഇന്ത്യയുടെ പ്രോജക്ട് ഹെഡും  ഏഴ് ഇന്ത്യൻ ഭാഷകളിലായി പത്ത് ബിഗ് ബോസ് ഷോകളുടെ അണിയറയിൽ പ്രവർത്തിച്ച വ്യക്തിയുമായി അർജുൻ മേനോൻ ഏഷ്യാനെറ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 

മൂന്ന് മാസത്തോളമാണ് ഓരോ ബിഗ് ബോസ് ഷോയും നീണ്ട നിൽക്കുക. ഇതിനും മൂന്ന് മാസങ്ങൾക്ക് മുമ്പ് തന്നെ പരിപാടിക്ക് വേണ്ട ഒരുക്കങ്ങൾ നടന്നു തുടങ്ങും. മത്സരാർത്ഥികളെ തീരുമാനിക്കൽ,തീമും മറ്റ് ടാസ്കുകളും തീരുമാനിക്കൽ തുടങ്ങിയ പ്രാരംഭ പ്രവർത്തനങ്ങളെല്ലാം ബിഗ് ബോസ് നമ്മളിലെത്തുന്നതിനും മൂന്ന് മാസം മുമ്പേ ആരംഭിക്കും. മുംബൈ ഫിലിം സിറ്റിയിലുള്ള മലയാളം ബിഗ് ബോസിന്റെ വീട് പണിയാണെടുത്ത സമയം  ഏതാണ്ട് രണ്ട് മാസമാണ്. 

അർജുൻ മേനോൻ

ഓരോ സ്ഥലത്തെയും രീതികളും സംസ്കാരവും അനുസരിച്ചാണ്  ഓരോ ഭാഷയിലുമുള്ള ബിഗ് ബോസിനും രൂപം നൽകുക. മലയാളം ബിഗ് ബോസ് കൂടുതലായും കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടുകൊണ്ട് നിർമ്മിച്ചതാണ്. സൗഹൃദം,തമാശ,പ്രണയം തുടങ്ങിയ കാര്യങ്ങൾക്കാണ് മലയാളം  ബിഗ് ബോസ്സിൽ പ്രാധാന്യം നൽകിയിട്ടുള്ളത്. കുടുംബ പ്രേക്ഷകർക്ക് ഒന്നിച്ചിരുന്ന് കാണാൻ സാധിക്കുന്ന തരത്തിലാണ് മലയാളത്തിൽ ബിഗ് ബോസ് ഒരുക്കിയിട്ടുള്ളത്. 

24 മണിക്കൂർ റെക്കോർഡ് ചെയ്യുന്ന ദൃശ്യങ്ങളിൽ നിന്ന് കുടുംബ പ്രേക്ഷകർക്ക് സ്വീകാര്യമല്ലാത്തവ എഡിറ്റ് ചെയ്താണ് ടെലികാസ്റ്റ് ചെയ്യുക. അത്രയും ദൈർഘ്യമുള്ള പരിപാടിയെ ഒന്നര മണിക്കൂറായി ചുരുക്കുമ്പോൾ അധികം പ്രാധാന്യമില്ലാത്തതും രസകരമല്ലാത്തതുമായ ഭാഗങ്ങൾ മുറിച്ചു മാറ്റേണ്ടി വരും. അത് വളരെ സ്വാഭാവികമാണ്. അതുകൊണ്ടാണ് പല മത്സരാർത്ഥികളും പുറത്തിറങ്ങിയ ശേഷം തങ്ങൾക്ക് സ്‌ക്രീൻ സ്പേസ് കിട്ടിയില്ല എന്ന് പറയുന്നത്." അർജുൻ മേനോൻ പറയുന്നു. 

ഒരു വ്യക്തിയുടെ എല്ലാത്തരത്തിലുമുള്ള വൈകാരിക നിലകളെയും പരിശോധിക്കുന്ന പരിപാടി കൂടെയാണ് ബിഗ് ബോസ്. അതിനാൽ തന്നെ അതിജീവിക്കാൻ കഴിവുള്ള ഒരാൾ തന്നെയായിരിക്കും ഇതിന്റെ വിജയി എന്നും ഇദ്ദേഹം പറയുന്നുണ്ട്. ശാരീരികവും മാനസികവുമായ പല പരീക്ഷണ ഘട്ടങ്ങളിലൂടെയും കടന്നു വന്നവരാണ് ഇപ്പോൾ ബിഗ് ബോസിന്റെ ഗ്രാൻഡ് ഫിനാലെയിൽ അവശേഷിക്കുന്നത്. ഒരു വ്യക്തിയുടെ അതിജീവന ശേഷിയെ അളക്കുക കൂടിയാണ് ഈ പരിപാടി. 

"ഒരു കളിയാണ് എന്ന് തിരിച്ചറിഞ്ഞു കൊണ്ടുതന്നെയാണ് ഓരോ മത്സരാർത്ഥിയും അവിടെ നിലനിൽക്കുന്നത്. എന്നാൽ അതിനൊപ്പം അവർ അവിടെ ജീവിക്കുക കൂടി ചെയ്യേണ്ടി വരുന്നുണ്ട്. പേളി-ശ്രീനിഷ് പ്രണയത്തിലുൾപ്പെടെ ഈ രണ്ട് അവസ്ഥകളുടെയും കൂടിച്ചേരലും ഇതുണ്ടാക്കുന്ന പ്രതിസന്ധിയും കാണാനാകും. ഭക്ഷണവുമായി ബന്ധപ്പെട്ട ടാസ്കുകൾ ആണ് ഈ കളിയുടെ പ്രധാന സവിശേഷത. ലോക വ്യാപകമായി ബിഗ് ബോസിന് സ്വീകരിച്ചിട്ടുള്ള ഫോർമാറ്റാണ് അത്. ആഹാരത്തിനായി ഒരു വ്യക്തിക്ക് തല്ലുണ്ടാക്കേണ്ടി വരുന്ന ആ അവസ്ഥയാണ് ബിഗ് ബോസിനെ  ഏറ്റവും നാടകീയമാക്കുന്നത്. അതുകൊണ്ടാണ് ലക്ഷ്വറി ബഡ്ജറ്റുകൾ വരുന്നത്. അതില്ലെങ്കിൽ അവരുടെ ആഹാരം വളരെ സാധാരണമാണ്." അർജുൻ മേനോൻ കൂട്ടിച്ചേർക്കുന്നു.
 

click me!