ആരാധകരെ പ്രതീക്ഷിച്ച് വന്‍ പൊലീസ് സന്നാഹം; ദിലീപിന് അഭിവാദ്യമര്‍പ്പിക്കാന്‍ 'ഫാന്‍സ്' സംഘമില്ല

By Web DeskFirst Published Sep 6, 2017, 10:21 AM IST
Highlights

ആലുവ: രണ്ട് മണിക്കൂര്‍ നേരത്തേക്ക് താല്‍ക്കാലിക ജാമ്യം കിട്ടിയ ദിലീപിന് അഭിവാദ്യമര്‍പ്പിക്കാന്‍ ആരാധകരുടെ വന്‍ സംഘമെത്തുമെന്നായിരുന്നു പൊലീസിന്റെ കണക്കുകൂട്ടല്‍. ഇതനുസരിച്ച് നിരവധി വാഹനങ്ങളില്‍ പൊലീസിന്റെ വന്‍ സംഘമാണ് ദിലീപിനെ അനുഗമിച്ചത്. എന്നാല്‍ ആലുവ സബ് ജയിലിന് പരിസരത്ത് ദിലീപിന്റെ ഏതാനും ആരാധകര്‍ മാത്രമാണ് എത്തിയത്. കര്‍ശന സുരക്ഷയൊരുക്കിയ പൊലീസ് വീടിന് സമീപത്തേക്ക് ആരെയും എത്താന്‍ അനുവദിച്ചതുമില്ല.

കഴിഞ്ഞയാഴ്ച ഹൈക്കോടതിയില്‍ ദിലീപിന്റെ രണ്ടാം ജാമ്യാപേക്ഷ പരിഗണിക്കപ്പെട്ടപ്പോള്‍ തന്നെ പുറത്തിറങ്ങിയാല്‍ വലിയ സ്വീകരണം ഒരുക്കാന്‍ ഫാന്‍സ് അസോസിയേഷന്‍ ഒരുക്കം നടത്തിയിരുന്നു. ആലുവ സബ് ജയില്‍ മുതല്‍ വീട് വരെ റോഡ് ഷോ നടത്താനായിരുന്നു പദ്ധതി. എന്നാല്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ ഇതെല്ലാം പൊളിഞ്ഞു. എന്നാലും വൈകുന്നേരം ദിലീപിന് പിന്തുണയര്‍പ്പിച്ച് ആരാധകര്‍ ആലുവ ടൗണ്‍ ഹാളിന് മുന്നില്‍ ഒത്തുകൂടിയിരുന്നു. ഈ സാഹചര്യത്തില്‍, ഇന്ന് പുറത്തിറങ്ങുന്ന ദിലീപിന് ശക്തമായ സുരക്ഷയൊരുക്കണമെന്ന് ജയില്‍ അധികൃതര്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. പുറത്തിറങ്ങുമ്പോള്‍ ആരാധകര്‍ ദിലീപിന് അഭിവാദ്യം അര്‍പ്പിക്കാന്‍ ഒത്തുകൂടാനുള്ള സാധ്യത കൂടി കണക്കിലെടുത്ത് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് പൊലീസ് ജയിലില്‍ നിന്ന് ദിലീപിനെ വീട്ടിലെത്തിച്ചത്.

എന്നാല്‍ ഒരിടത്ത് പോലും ദിലീപിനെ സ്വീകരിക്കാന്‍ ആരാധകരുടെ വന്‍ സംഘമോ മറ്റ് സുഹൃത്തുക്കളോ എത്തിയിരുന്നില്ല. സാധാരണ ദീലീപിനെ കോടതിയില്‍ കൊണ്ടുപോകാനായി പുറത്തിറക്കുമ്പോള്‍ ജയിലിന് മുന്നില്‍ കാഴ്ചക്കാരുണ്ടാവാറുണ്ടായിരുന്നെങ്കിലും ഇന്ന് അത്ര പോലും ആളുണ്ടായിരുന്നില്ല. ഏതാനും പേര്‍ ബാനറുകളുമായി സമാധാനപരമായി പരിസരത്ത് നിന്നിരുന്നു. ഇവരാകട്ടെ ഒരു ഘട്ടത്തിലും പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചതുമില്ല. ദിലീപിന്റെ വീടിന് അടുത്തേക്കുള്ള വഴിയിലേക്ക് മാധ്യമ പ്രവര്‍ത്തകരെ അല്ലാതെ ആരെയും കടത്തിവിട്ടില്ല. എന്നാല്‍ ഇവിടെയും ആരാധകരോ സുഹൃത്തുക്കളോ എത്തിയിരുന്നില്ല. ആലുവ ശിവ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് ദിലീപിന്റെ വീട്. ക്ഷേത്രത്തിലേക്ക് പോകുന്നവരില്‍ ചിലര്‍ വന്‍ പൊലീസ് സംഘവും മാധ്യമ സാന്നിദ്ധ്യവും കണ്ട് നോക്കി നിന്നതല്ലാതെ അനുകൂലമായ മുദ്രാവാക്യം വിളികളോ മറ്റോ ഒന്നുമുണ്ടായില്ല.

കോടതി അനുവദിച്ച ഇളവുകള്‍ നിബന്ധനകള്‍ക്ക് വിധേയമായിമാത്രം പ്രയോജനപ്പെടുത്തുക വഴി, കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്ന വ്യക്തിയാണ് താനെന്നും അതുകൊണ്ട് തന്നെ ജാമ്യം അനുവദിക്കണമെന്നും ദിലീപ് ഇനി ആവശ്യപ്പെടു. മൂന്നാം തവണയും ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുമെന്ന് ദിലീപിന്റെ അഭിഭാഷകര്‍ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്നത്തെ സംഭവങ്ങള്‍ പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടി അനുകൂല തീരുമാനമുണ്ടാക്കാന്‍ ശ്രമിക്കും.

click me!