'എൻസോ' എന്ന് നാമകരണം ചെയ്ത ഈ പൂച്ചക്കുഞ്ഞിനെ, വിദ്യാർത്ഥികളുടെ താൽക്കാലിക സംരക്ഷണത്തിന് ശേഷം, തിരുമലയിൽ നിന്നുള്ള ഒരു കുടുംബം വ്യാഴാഴ്ചയോടെ ദത്തെടുത്ത് കൊണ്ടുപോയി.
30ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മീഡിയ സെല്ലിൽ അപ്രതീക്ഷിത അതിഥിയായി എത്തിയ പൂച്ചക്കുട്ടി ഇനി തിരുമലയിലെ വീട്ടിൽ വളരും. മിനിഞ്ഞാന്ന് രാത്രിയാണ് മേളയുടെ മുഖ്യ വേദിയായ ടാഗോർ തിയ്യറ്ററിന് മുമ്പിലെ റോഡിൽ നിന്ന് രണ്ട് ഡെലിഗേറ്റുകൾക്ക് സുന്ദരൻ പൂച്ചക്കുട്ടിയെ ലഭിച്ചത്. അവർ മീഡിയ സെല്ലിലെ മാധ്യമ വിദ്യാർത്ഥി നവനീതിന് കൈമാറിയത് വഴി പൂച്ചക്കുട്ടി മീഡിയ സെല്ലിൽ ഇരിപ്പുറപ്പിച്ചു.

വൈകാതെ മീഡിയ സെല്ലിലെ 15 ഓളം വരുന്ന വിദ്യാർത്ഥികളുടെ പ്രിയങ്കരനായി പൂച്ചക്കുട്ടി. ചലച്ചിത്ര മേളക്കിടെ ലഭിച്ച പൂച്ചക്കുഞ്ഞിന് മേളയിൽ പ്രദർശിപ്പിച്ച, റോബിൻ കാമ്പില്ലോ സംവിധാനം ചെയ്ത ഫ്രഞ്ച് പടം 'എൻസോ'യുടെ ഉഗ്രൻ പേരുമിട്ടു. 'ഹോം റൂളർ" എന്നാണ് എൻസോ എന്ന ഇറ്റാലിയൻ വാക്കിന്റെ അർത്ഥം.

എൻസോയെ രാത്രി തങ്ങൾ താമസിക്കുന്ന ഹോട്ടലിലേക്ക് കൂട്ടിയ വിദ്യാർത്ഥികൾ പാലും പെറ്റ് ഫുഡുമൊക്കെ നൽകി ഗംഭീരമായി പരിപാലിച്ചു. മ്യാവു വിളിയിൽ സ്നേഹത്തിന്റെ അലയൊളികൾ പ്രകാശം പരത്തി. വ്യാഴാഴ്ച മീഡിയ സെല്ലിൽ എത്തിയ അർജന്റീനയിൽ നിന്നുള്ള സിനിമ ക്യൂറേറ്ററും നിരൂപകനുമായ ഫെർണാണ്ടോ ബ്രണ്ണനും എൻസോയെ നന്നായി ബോധിച്ചു. ഏതാനും മിനിറ്റുകൾ പൂച്ചക്കുഞ്ഞിനെ കളിപ്പിച്ചശേഷമാണ് അദ്ദേഹം പോയത്. മൃഗസ്നേഹികളുമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾ പൂച്ചക്കുഞ്ഞിനെ ദത്ത് നൽകാൻ തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ തിരുമലയിലെ കുടുംബമെത്തി എൻസോയെ കൊണ്ടുപോയി.



