
ഇറാഖില്‍ ഭീകരരുടെ കൈകളില്‍ അകപ്പെട്ട നഴ്‍സുമാരുടെ ജീവിതകഥ പശ്ചാത്തലമാക്കി ഒരുക്കിയ ‘ടേക്ക് ഓഫ്’ സിനിമ പറന്നിറങ്ങിയത് അംഗീകാരങ്ങളുടെ റണ്‍വെയിലേക്കാണ്. പുരസ്ക്കാരങ്ങളുടെ നിറവില്‍ സിനിമയും അണിയറ പ്രവര്‍ത്തകരും താരങ്ങളും തിളങ്ങുമ്പോള്‍, തങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നാണ് യഥാര്‍ഥ കഥയിലെ നായിക പറയുന്നത്. കോട്ടയം പള്ളിക്കത്തോട് സ്വദേശിനി മെറീന ജോസും സംഘവും ഇറാഖിലെ തിക്റിതില്‍ നേരിട്ട അനുഭവങ്ങളുടെ കഥയാണ് ദേശീയ, അന്തര്‍ദേശീയ ശ്രദ്ധയിലേക്ക് പറന്നുയര്‍ന്നത്. മരണത്തിനും ജീവിതത്തിനുമിടയിൽ നേരിട്ട വേദനയും കണ്ണുനീരുമടങ്ങിയ അനുഭവ കഥ അവാര്‍ഡുകള്‍ ഒന്നൊന്നായി വാരിക്കൂട്ടുമ്പോഴും അവഗണന മാത്രമായിരുന്നു സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ നിന്നുണ്ടായതെന്ന് മെറീന ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോടു പറഞ്ഞു. മെറീനയുമായി അനൂജ നാസറുദ്ദീന്‍ നടത്തിയ അഭിമുഖം.
കഥ പറയാന്‍ വാഗ്‍ദാനം, പിന്നെ അവഗണന
ഇറാഖില്‍ നഴ്‍സുമാര്‍ക്കുണ്ടായ അനുഭവം മനസ്സിലാക്കാനായി ടേക്ക് ഓഫ് സിനിമയുടെ സംവിധായകന്‍ മഹേഷ് നാരായണ്‍ പലരെയും സമീപിച്ചിരുന്നു. അവരൊന്നും പറയാന്‍ താല്‍പര്യം കാണിച്ചില്ല. കൂടുതൽ അനുഭവമുള്ളയാള്‍ എന്ന നിലയില്‍ ചിലര്‍ എന്‍റെ നമ്പര്‍ നല്‍കി. കോട്ടയത്തെ വീട്ടില്‍ വന്ന അവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ഞാന്‍ ചെയ്‍തു. അനുഭവം സിനിമയാക്കുമ്പോള്‍ നിങ്ങള്‍ക്ക് സഹായം നല്‍കും എന്ന വാഗ്‍ദാനത്തിലാണ് അവര്‍ എത്തിയത്. ഒന്നുമില്ലാതെ ആരും കഥ പറഞ്ഞുകൊടുക്കില്ലെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും എല്ലാവരും എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ സംവിധായകന്‍റെ വാക്കുകളില്‍ വിശ്വസിച്ചു. പ്രതിഫലം തന്നിട്ടേ അനുഭവ കഥ പറയാനാകൂ എന്ന് ഒരിക്കലും ഞാന്‍ നിലപാടെടുത്തതുമില്ല. വീട്ടില്‍ രണ്ട് മണിക്കൂര്‍ സമയമെടുത്താണ് ഇറാഖിലെ അനുഭവങ്ങള്‍ വിവരിച്ചത്. പിന്നീട് നായികയായ പാര്‍വതിയെയും കൂട്ടി എത്തുകയും അവര്‍ക്കായി മുക്കാല്‍ മണിക്കൂര്‍ അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്‍തു.
ഇവര്‍ എല്ലാം എന്‍റെ വിവരണം റൊക്കോർഡ് ചെയ്താണ് പോയത്. സിനിമയുടെ പ്രൊമോഷന് വേണ്ടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരെ എന്നെ കൊണ്ടുപോയി. ഞാന്‍ വരുന്നില്ല എന്ന് പറഞ്ഞിട്ടും അവര്‍ നിര്‍ബന്ധിച്ച് കൊണ്ടുപോയി. ഏഷ്യാനെറ്റിലും കൈരളിയിലും പാര്‍വതിക്കും കുഞ്ചാക്കോ ബോബനുമൊപ്പം ഷോയില്‍ പങ്കെടുത്തു. കുര്യന്‍ എന്നയാളും സംവിധായകന്‍റെ അസിസ്റ്റൻറ് മഞ്ജുവുമെല്ലാമാണ് എന്നെ അതിനായി വിളിച്ചത്. ഹര്‍ത്താല്‍ ദിനമായതിനാല്‍ ഞാന്‍ ഒഴിവുകഴിവ് പറഞ്ഞെങ്കിലും അവര്‍ നിര്‍ബന്ധിച്ചു. ഒടുവില്‍ വളരെ കഷ്‍ടപ്പെട്ടാണ് ഞാന്‍ ഷോയിൽ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയത്. പിന്നീട് ഒരു നന്ദി പറയാൻ പോലും ആരും എന്നെ വിളിച്ചിട്ടില്ല. എന്‍റെ പല ഫോട്ടോകളും തിരികെ ലഭിക്കാനായി അസിസ്റ്റന്‍റിനെ പലതവണ വിളിച്ചിട്ടും അവ തിരികെ തന്നില്ല. മടുത്തപ്പോള്‍ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ കൊടുക്കും എന്ന് പറഞ്ഞപ്പോള്‍ അവരുടെ കൈയിൽ ഫോട്ടോ ഒന്നുമില്ലെന്നായിരുന്നു മറുപടി. ഗോവയില്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ ഞാന്‍ സംവിധായകനെ വിളിച്ചു. നേരത്തെ വാഗ്‍ദാനം ചെയ്ത കാര്യം പറഞ്ഞപ്പോള്‍ മോശമായാണ് മഹേഷ് പ്രതികരിച്ചത്. ‘ഇതുവരെ നിങ്ങള്‍ക്ക് കുഴപ്പമില്ലായിരുന്നല്ലോ, അവാര്‍ഡ് തുക മുഴുവന്‍ നിങ്ങള്‍ക്ക് വേണമോ’ എന്നൊക്കെയായിരുന്നു അയാളുടെ പ്രതികരണം. ഇത് തുടര്‍ന്നാൽ നിയമപരമായി നേരിടും എന്ന ഭീഷണിയും അയാള്‍ മുഴക്കി. പിന്നീട് ഞാന്‍ വിളിച്ചില്ല. അയാളുടെ നമ്പര്‍ ഞാന്‍ തന്നെ ഫോണിൽ ബ്ലോക്ക് ചെയ്‍തു.
ഞങ്ങളുടെ കണ്ണീര് വിറ്റ പൈസയാണിത്
ടേക്ക് ഓഫ് കേവലം ഒരു സിനിമാകഥയല്ല. ഇറാഖിലെ എന്‍റെ അനുഭവ സാക്ഷ്യമാണ് ആ സിനിമ. അതാണ് ഞാന്‍ അവർക്ക് നല്‍കിയത്. ഞങ്ങളുടെ കണ്ണുനീര് വിറ്റാണ് അവര്‍ പൈസയുണ്ടാക്കിയത്. ജീവിതത്തിനും മരണത്തിനുമിടയില്‍ ഞങ്ങള്‍ അനുഭവിച്ച സംഭവങ്ങളാണ് ഞാന്‍ അവര്‍ക്ക് പകര്‍ന്നുനല്‍കിയത്. ഒരിക്കലും ഇതൊരു കഥയല്ല, എന്‍റെ അനുഭവ സാക്ഷ്യമാണ്. അത് വാങ്ങിക്കൊണ്ടുപോയി അവര്‍ നേട്ടമുണ്ടാക്കി. എന്നിട്ട് ഇത്പോലെ പ്രതികരിക്കുമ്പോള്‍ ഞാന്‍ എന്തിന് വെറുതെയിരിക്കണം. സംസ്ഥാന അവാര്‍ഡ് കിട്ടിയപ്പോൾ, തിരുവനന്തപുരത്ത് ലോക കേരള സഭയില്‍വെച്ച് പരിചയപ്പെട്ട പത്രക്കാരും സാമൂഹിക പ്രവര്‍ത്തകരും എന്നെ വിളിച്ചിരുന്നു. രണ്ടാമതും അവാർഡ് കിട്ടിയല്ലോ, അവര്‍ നിങ്ങള്‍ക്ക് വല്ലതും ചെയ്തോ എന്ന് ചോദിച്ചു. എനിക്ക് വേണ്ടി അവര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞു. വഞ്ചിച്ചുവെന്ന തോന്നലില്‍ നിന്നാണ് ഈ തുറന്നുപറച്ചില്‍. ഞാന്‍ ഇതൊന്നും പുറത്തുപറയില്ല എന്ന് അവര്‍ കരുതിക്കാണും.
വിളിക്കാനുള്ള മാന്യത പാര്‍വതി കാട്ടിയില്ല
എന്‍റെ അനുഭവ കഥ അഭിനയിച്ച് മികച്ച നടിക്കുള്ള സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടും പാര്‍വതി ഒരിക്കല്‍ പോലും വിളിക്കാതിരുന്നത് വേദനയുണ്ടാക്കി. അവാര്‍ഡ് കിട്ടിയപ്പോഴെങ്കിലും പാര്‍വതി ഒന്ന് വിളിക്കുമെന്ന് കരുതി. അവര്‍ കണ്ടതാണ് ഞാന്‍ എങ്ങനെ ജീവിക്കുന്നുവെന്നത്. മറീന, എങ്ങനെ പോകുന്നുവെന്ന് അന്വേഷിക്കുമെന്ന് കരുതി. ജോലി വല്ലതും ആയോ എന്ന ഒരു ചോദ്യമെങ്കിലും. ഞാന്‍ ഒരു സഹായവും ചെയ്തുകൊടുക്കാത്ത എത്രയോ പേര്‍ എന്നെ വിളിച്ച് കാര്യങ്ങള്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ പാര്‍വതി അത് ചെയ്തില്ല. സിനിമ കണ്ടിട്ട് എത്രയോ പേർ വിളിച്ചു. എന്നാൽ ഇവർക്ക് ബിസിനസ് മാത്രമായിരുന്നു ലക്ഷ്യം. അവർ വന്നു. അവർക്ക് വേണ്ടത് കിട്ടി. അവർ പോയി. ഏഷ്യാനെറ്റിൽ ഷോ ഷൂട്ടിന് ചെന്നപ്പോള്‍ പാര്‍വതിയെ കണ്ടപ്പോള്‍ അവാര്‍ഡ് കിട്ടട്ടെ എന്ന് ആശംസ കൂടി നേര്‍ന്നിട്ടാണ് ഞാന്‍ പോന്നത്. തന്‍റെയും ആഗ്രഹം അതുതന്നെയാണെന്ന് പാര്‍വതിയും പറഞ്ഞു. അവരുമായി സ്നേഹത്തിൽ തന്നെയായിരുന്നു. എന്നാല്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ എന്നെ ഒന്ന് വിളിക്കാമായിരുന്നു. അതുണ്ടായില്ല. ഇറാഖില്‍ നേരിട്ട അനുഭവം ഞാന്‍ വ്യക്തിപരമായി പാര്‍വതിക്ക് പകര്‍ന്നുനല്‍കിയിരുന്നു. പാര്‍വതി വീട്ടില്‍ വന്നപ്പോള്‍ എനിക്കും മക്കള്‍ക്കുമൊപ്പം എടുത്ത ഫോട്ടോയാണ് സിനിമയുടെ അവസാനത്തിൽ കാണിക്കുന്നത്.
പ്രിവ്യു പോലും കാണിച്ചില്ല
സിനിമയ്‍ക്കായി എന്‍റെ സമയം നോക്കിയല്ല, അവരുടെ സമയം നോക്കിയാണ് ഞാന്‍ കാര്യങ്ങള്‍ ചെയ്തുകൊടുത്തത്. അവര്‍ക്ക് സൗകര്യപ്പെടുന്ന സ്ഥലത്തും സമയത്തുമാണ് ഞാൻ പോയത്. എന്‍റെ അസൗകര്യങ്ങള്‍ മാറ്റിവെച്ച് അവരുടെ നിര്‍ദേശ പ്രകാരമാണ് ഞാന്‍ എല്ലായിടത്തും പോയത്. അങ്ങനെയുള്ള ഒരു സിനിമയുടെ പ്രിവ്യു പോലും എന്നെ കാണിച്ചില്ല. അതിന് സാധിച്ചില്ല എന്നാണ് പിന്നീട് സംവിധായകന്‍ മഹേഷ് പറഞ്ഞത്. കോട്ടയത്ത് ആദ്യ ഷോ അവര്‍ക്കൊപ്പം പോയി കണ്ടു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ