മധുരയിൽ കുറഞ്ഞ വിലയ്ക്ക് പൊറോട്ട വിൽക്കുന്ന തന്റെ കടുത്ത ആരാധകനായ രജനി ശേഖറിനെ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി രജനികാന്ത് സ്വർണ്ണമാല സമ്മാനിച്ചു.
വർഷങ്ങളായി മധുരയിൽ ചെറിയ ചായക്കട നടത്തുകയാണ് കടുത്ത രജനി ആരാധകനായ രജനി ശേഖർ. ചെറിയ വിലയിൽ സാധനങ്ങൾ വിൽക്കുന്ന ശേഖറിന്റെ കടയിൽ കാലങ്ങളായി അഞ്ച് രൂപയ്ക്കാണ് പൊറോട്ട നൽകുന്നത്. കഴിഞ്ഞ ദിവസം തന്റെ ഇഷ്ട താരം നേരിട്ട് വീട്ടിലേക്ക് വിളിപ്പിച്ചപ്പോൾ എന്തായിരിക്കും കാര്യമെന്ന് ശേഖറിന് അറിയില്ലായിരുന്നു. സ്വർണമാലയും സമ്മാനങ്ങളുമാണ് തന്റെ ആരാധകന് രജനികാന്ത് സമ്മാനിച്ചത്. സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് രജനികാന്തിന്റെ പ്രവൃത്തിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. കുടുംബാംഗങ്ങൾക്കൊപ്പമെത്തിയാണ് ശേഖർ തന്റെ ഇഷ്ടതാരമായ രജനികാന്തിനെ കണ്ടത്.
അതേസമയം നെൽസൺ സംവിധാനം ചെയ്യുന്ന 'ജയിലർ 2' ആണ് രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം. രജനിക്കൊപ്പം വമ്പൻ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആദ്യ ഭാഗത്തിൽ മാത്യു എന്ന കഥാപാത്രമായെത്തിയ മോഹൻലാൽ രണ്ടാം ഭാഗത്തിലുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ബോളിവുഡിൽ നിന്നും ഷാരൂഖ് ഖാൻ രജനിക്കൊപ്പം കൈകോർക്കുന്നുവെന്നും അപ്‌ഡേറ്റുകൾ പുറത്തുവന്നിരുന്നു. ബംഗാളി നടന്‍ മിഥുന്‍ ചക്രവര്‍ത്തിയാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെ ഷാരൂഖിന്റെ കാര്യം വെളിപ്പെടുത്തിയത്.
കൂടാതെ ജയിലറയിൽ വർമൻ എന്ന വില്ലനായി എത്തിയ വിനായകൻ രണ്ടാം ഭാഗത്തിന്റെ ഭാഗമാവുന്നുണ്ടെന്ന് താരം തന്നെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ജയിലർ 2 വിൽ ഒരു ഗസ്റ്റ് റോൾ ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിജയ് സേതുപതി. രജനിയോടുള്ള ഇഷ്ടം കൊണ്ടാണ് താൻ ചിത്രത്തിന്റെ ഭാഗമായതെന്നും കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ വിജയ് സേതുപതി പറഞ്ഞിരുന്നു.
തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിംഗ് വരാന്‍ സാധ്യതയുള്ള അപ്കമിംഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും. അതേസമയം, രണ്ടാം ഭാഗം വരുമ്പോൾ മലയാളികള്‍ക്ക് അറിയാന്‍ ഏറ്റവും ആഗ്രഹമുള്ളത് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ മാത്യു എന്ന ഡോണ്‍ കഥാപാത്രം ഉണ്ടാവുമോ എന്നാണ്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. ആഗോള ബോക്സ് ഓഫീസ് കളക്ഷനായി 600 കോടിയിലധികമാണ് ആദ്യ ഭാഗം നേടിയത്.



