റിപ്പബ്ലിക് ദിനത്തിൽ നടി മീനാക്ഷി അനൂപ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുന്നു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ കൂടുതൽ സമാധാനപരവും മികച്ചതുമാണെന്ന് അവർ പറഞ്ഞു. രാജ്യത്തിന് കൂടുതൽ ശാസ്ത്ര പുരോഗതിയും അവർ ആശംസിച്ചു.
ബാലതാരമായി മലയാള സിനിമയിൽ എത്തിയ താരമാണ് മീനാക്ഷി അനൂപ്. ഇന്ന് അവതാരകയായും തിളങ്ങുന്ന മീനാക്ഷി, സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. താരം പങ്കുവയ്ക്കുന്ന പോസ്റ്റുകളും ക്യാപ്ഷനുകൾക്കും പ്രത്യേകം ആരാധകർ തന്നെയുണ്ട്. സമീപകാലത്തായി വളരെ പക്വതയോടെ സാമൂഹിക വിഷയങ്ങൾ സംസാരിക്കുന്ന മീനാക്ഷിക്ക് പ്രശംസയും ഏറെയാണ്. ഇന്നിതാ റിപ്പബ്ലിക് ദിനത്തിൽ മീനാക്ഷി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എന്തുകൊണ്ടും നല്ലതും സമാധാനം ഉള്ളതും ഇന്ത്യയിലാണെന്ന് മീനാക്ഷി പറയുന്നു. ഗൾഫ് രാജ്യങ്ങളിൽ പോലും ശമ്പള വർദ്ധനയോന്നും തന്നെ ഉണ്ടാവുന്നില്ലെന്ന് താൻ കേട്ടിട്ടുണ്ടെന്നും ഇന്ത്യയിൽ ജീവിക്കാനാണ് തനിക്ക് ഏറെ ഇഷ്ടമെന്നും മീനാക്ഷി പറയുന്നുണ്ട്. ഇനി വരുന്ന റിപ്പബ്ലിക്കുകൾ കൂടുതൽ രാജ്യപുരോഗതിയുടേയും ശാസ്ത്ര പുരോഗതിയുടേതുമാവട്ടേയെന്നും താരം ആശംസിക്കുന്നു.
"ഞാൻ എൻ്റെ രാജ്യത്തെ സ്നേഹിക്കുന്നു. എൻ്റെ രാജ്യം എനിക്ക് ഇഷ്ടവുമാണ്. മറ്റ് പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പലതുകൊണ്ടും നമ്മുടെ രാജ്യം നല്ലതും സമാധാനമുള്ളതും തന്നെയാണ്. നമ്മുടെ രാജ്യം ശാസ്ത്ര പുരോഗതിയിലും മുന്നിൽ തന്നെയാണ്. പലപ്പോഴും മറ്റ് രാജ്യങ്ങളിൽ കുടിയേറിപ്പാർത്തവർ പറഞ്ഞു കേട്ടിട്ടുണ്ട്, പല തരത്തിലുള്ള വിവേചനങ്ങൾ അനുഭവപ്പെടാറുണ്ടെന്നും മാത്രമല്ല ഇപ്പോൾ ഗൾഫ് രാജ്യങ്ങളിൽ പോലും ശമ്പള വർദ്ധനയോ ഒന്നും തന്നെ ഉണ്ടാവുന്നില്ല എന്നും. എന്തോ എനിക്ക് ഇന്ത്യയിൽ തന്നെ എന്നും ജീവിക്കാനാണിഷ്ടം. പ്രത്യേകിച്ച് കേരളത്തിൽ. എല്ലാവർക്കും ഹൃദയപൂർവ്വം റിപ്പബ്ലിക് ദിനാശംസകൾ. ഇനി വരും റിപ്പബ്ലിക്കുകൾ കൂടുതൽ ..കൂടുതൽ..രാജ്യപുരോഗതിയുടേയും..ശാസ്ത്ര പുരോഗതിയുടേതുമാവട്ടെ.", എന്നാണ് മീനാക്ഷി അനൂപ് കുറിച്ചത്.
'പ്രൈവറ്റ്' എന്ന ചിത്രമാണ് മീനാക്ഷിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ഇന്ദ്രൻസും പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നവാഗതനായ ദീപക് ഡിയോൺ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്.



