ആദി മോഷ്ടിച്ചതെന്ന് ആരോപണം; ജീത്തുജോസഫ് തുറന്നടിക്കുന്നു

By Web DeskFirst Published Feb 1, 2018, 11:22 AM IST
Highlights

സി.വി. സിനിയ

 പ്രണവ് മോഹന്‍ലാലിന്റെ പുതിയ ചിത്രം ആദി തിയേറ്ററുകളില്‍ തകര്‍ത്തോടുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി സമൂഹമാധ്യമങ്ങളില്‍ ആദിയായിരുന്നു ചര്‍ച്ചാ വിഷയം.  വിജയാഘോഷവും മറ്റുമായി ആദി പൊടിപൊടിക്കുമ്പോള്‍ ഇപ്പോഴിതാ ചിത്രത്തെ തേടി വിവാദവും എത്തിയിരിക്കുന്നു. കഥ മോഷ്ടിച്ചെന്നാണ് പുതിയ ആരോപണം. തിരുവനന്തപുരം സ്വദേശിയായ ഒരു കഥാകൃത്താണ് രംഗത്ത് എത്തിയിരിക്കുന്നത്. എന്നാല്‍ ഇതിലൊന്നും കഴമ്പില്ലെന്ന മട്ടിലാണ് ജീത്തു ജോസഫ്.  കോപ്പിയടി വിവാദം കൊഴുത്തതോടെ ചിത്രത്തിന്‍റെ സംവിധായകനും തിരക്കഥാകൃത്തുമായ ജീത്തു ജോസഫിനും ചിലത് പറയാനുണ്ട്.  ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു.

എന്‍റെ സ്വന്തം കഥയാണ് ആദി. ഞാന്‍ ആലോചിച്ചെടുത്ത കഥയാണ്. ഇപ്പോഴുള്ള ആരോപണമൊന്നും എനിക്കറിയില്ല. കോളേജില്‍ പഠിക്കുന്ന കാലത്താണ് ആദി എന്ന കഥ മനസ്സിലേക്ക് വരുന്നത്. അന്ന് പാര്‍ക്കൗര്‍ അല്ലായിരുന്നു പകരം ഒരു സ്റ്റാമിനയുള്ള ക്രോസ് കണ്ട്രി അത്‌ലറ്റിക് ആയിരുന്നു മനസ്സിലുണ്ടായിരുന്നത്. അത്തരത്തിലുള്ള ഒരു ചെറുപ്പക്കാരന്‍ വേറെ നഗരത്തില്‍  എത്തുന്നതും പിന്നീട് ഒരു  പ്രശ്‌നത്തില്‍ പെടുന്നു. അവന്‍ വലിയ ഓട്ടക്കാരനായതുകൊണ്ട് തന്നെ അവനെ  ആര്‍ക്കും പിടിക്കാന്‍ കഴിയുന്നില്ല, അങ്ങനെയൊരു  കഥ വികസിപ്പിച്ചെടുത്തതാണ് ആദി. പക്ഷെ ആ സിനിമയ്ക്ക് അത്തരത്തില്‍ ബോഡിയുള്ള ഒരു പയ്യന്‍  ആവശ്യമായിരുന്നു. അന്നൊന്നും ആ കഥ നടന്നില്ല,  പിന്നീടാണ് പ്രണവിലേക്ക് എത്തുന്നത്.

എന്നാല്‍ ആദിയുടെ കഥയുമായി വന്നത് ആരാണെന്നോ അവരുടെ ഉദ്ദേശമെന്താണെന്നോ എനിക്കറിയില്ല. എന്‍റെ മുന്‍പത്തെ ചിത്രം ദൃശ്യം പ്രദര്‍ശനത്തിന് എത്തിയ സമയത്തും   ഇതുപോലെ ഒരു സംഭവമുണ്ടായി. തിരുവനന്തപുരം സ്വദേശിയാണ് ആ കേസുമായി മുന്നോട്ട് വന്നത്. ഒരു ചെറുകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ചെയ്ത സിനിമയാണ് ദൃശ്യം എന്നാണ് അവരുടെ വാദം. എന്നാല്‍ അന്ന് ഞങ്ങള്‍ ചെറുകഥ അന്വേഷിച്ചപ്പോള്‍ ഒരു ബുക്ക്‌സ്‌റ്റോളില്‍ പോലും ആ ചെറുകഥ കിട്ടാനില്ലായിരുന്നു.

 ഒരു   ചിത്രം ഹിറ്റായാലോ നല്ലൊരു സിനിമയുടെ പ്രദര്‍ശന സമയത്തോ  കോപ്പിയടി വിവാദവുമായി വരുന്നവരുണ്ടെന്ന് പാപനാശം ചെയ്യുന്ന സമയത്ത് കമല്‍ഹാസന്‍ സാര്‍ പറഞ്ഞിരുന്നു. അത് ചെറിയ തരത്തിലായാലും എന്തെങ്കിലും സെറ്റില്‍മെന്‍റിന് വേണ്ടി വരുന്നവരുണ്ട്. അത് നമ്മള്‍ വിട്ടുകൊടുക്കരുത്, നമ്മള്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ അതിനെതിരെ നില്‍ക്കണമെന്ന് സാര്‍ പറഞ്ഞിരുന്നു. പിന്നീട് ചര്‍ച്ചയ്ക്ക് എത്തിയ അവരോട് ഒരു സെന്റില്‍മെന്‍റും ചെയ്യില്ലെന്ന് ഞാന്‍ അറിയിച്ചു. കേസ് കോടതിയില്‍ എത്തട്ടെ അങ്ങനെയാണെങ്കില്‍ തരാം,  ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് എനിക്ക് വിശ്വാസമുണ്ടെന്ന് പറഞ്ഞു.

ഇതില്‍ രണ്ട് തരത്തിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഒരേ പോലെ ഒരേ തരത്തില്‍ രണ്ട് പേര്‍ക്ക് ചിന്തിക്കാം. ഞാന്‍ വളരെ ആഗ്രഹിച്ച ഒരു പ്രൊജക്ടായിരുന്നു പൃഥിരാജ് നായകനായ 'മെമ്മൊറീസ് എന്ന ചിത്രം. അത് പതുക്കെ ചെയ്യാമെന്ന് കരുതിയിരുന്ന ഒരു സിനിമയാണ്,  മെമ്മൊറീസ് സമയത്ത് രണ്ട് പയ്യന്മാര്‍ വന്ന് എന്നോട് കഥ പറഞ്ഞു തുടങ്ങി. ഈ സമയത്ത് തന്നെ ഇത്തരമൊരു കഥ പ്ലാന്‍ ചെയ്യുണ്ടെന്ന് അവരോട്  പറഞ്ഞു. പക്ഷേ കഥയുടെ രീതികള്‍ രണ്ടും രണ്ട് തരത്തിലുള്ളതാണ്. അതിന്‍റെ ബേസിക് കാര്യം ഒന്നാണ് എന്നതായിരുന്നു പ്രശ്‌നം.

ഞാന്‍ ഉടനെ ചെയ്യുന്നില്ലെന്നും അവരോട് ചെയ്യാനും പറഞ്ഞു. പിന്നീട് അവരെ കണ്ടിട്ടില്ല,  അതിന് ശേഷം സുരേഷ് ബാലാജി വിളിച്ച് പറഞ്ഞു അവരുടെ പരിചയത്തിലുള്ള ഒരാള്‍ പൃഥ്വിരാജിനോട് ഒരു കഥ പറഞ്ഞിരുന്നു. ആ സമയത്ത് തന്നെ ഇതുപോലെ ഒരു കഥ ജീത്തുജോസഫ് പറഞ്ഞിരുന്നുവെന്ന് പൃഥ്വിരാജ് അവരോട് പറഞ്ഞു. അത് ഞാന്‍ അറിഞ്ഞപ്പോള്‍  അവര്‍ ചെയ്യുകയാണെങ്കില്‍ ചെയ്യട്ടെയെന്ന് ബാലാജിയോട് പറഞ്ഞു. മാത്രമല്ല മലയാളത്തില്‍ ഇത് പോലെ ഒരു നോവല്‍ ഇറങ്ങിയിട്ടുണ്ട്. അതിന്‍റെ പകര്‍പ്പകവകാശം വാങ്ങിയിട്ടാണ് അവര്‍ ചെയ്യാന്‍ പോകുന്നതെന്നാണ് ബാലാജി എന്നോട് പറഞ്ഞത്. അതുകേട്ടപ്പോള്‍ ഞാനൊന്നു ഞെട്ടി, കാരണം ആ നോവല്‍ ഞാന്‍ കണ്ടിട്ടില്ല. അത് സിനിമയാക്കിയാല്‍ സ്വഭാവികമായും നോവല്‍ എഴുതിയ വ്യക്തി ഞാന്‍ അത് വായിച്ചിട്ട് ചെയ്തതാണെന്ന് കരുതും. അങ്ങനെയും സംഭവിക്കാം.

ഇതിലെ ഒരു പ്രശ്‌നം പുറത്ത് നിന്ന് ആര് വന്ന് കഥ പറഞ്ഞാലും അത് കേള്‍ക്കരുത്. കോപ്പി റൈറ്റിന് ഇപ്പോഴും ഒരു വ്യക്തത ഇല്ല. ഒരു കഥ പലരീതിയിലും വരാം. പലരും ഒരു പോലെ ചിന്തിക്കാം.  ഹോളിവുഡില്‍  ഒരേ കഥയുള്ള സിനിമ രണ്ട് രീതിയില്‍ വന്നു. അത് ഒരേപോലെ പലരും ചിന്തിക്കുന്നതുകൊണ്ടാണ്. അതില്‍ ആദ്യം സിനിമയാകുന്നവര്‍ രക്ഷപ്പെടുന്നു. ഏതെങ്കിലും ചെറുകഥയിലൊക്കെയുള്ള ഒരു ഷെയ്ഡ് ഒരു സിനിമയില്‍ വരുന്നുണ്ടെങ്കില്‍ അത് ഒരിക്കലും അതില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് ചെയ്തതാണെന്ന് പറയാന്‍ കഴിയില്ല. സിനിമാ മേഖലയില്‍ ഒരുപാട് അനുഭവമുള്ളവര്‍ തന്നെ പറയുന്നുണ്ട് കഥ കേള്‍ക്കരുതെന്ന്. കഥയുടെ ഏതെങ്കിലും ഒരു ഭാഗം നമ്മള്‍ ചെയ്യുന്ന സിനിമയില്‍ ഉണ്ടെങ്കില്‍ അവരുടെ കഥ എന്നായിരുക്കും പറയുന്നത്. ഇപ്പോള്‍ കഥ കേള്‍ക്കാന്‍ പോലും പേടിയാണ്. പക്ഷേ ഇത്തരം ആരോപണം വരുമ്പോള്‍ അത് സിനിമയെ ബാധിക്കൊന്നുമില്ല. ആദിയുടെ ഈ സംഭവം കേട്ടിടത്തോളം ഒരു തട്ടിപ്പായിട്ടാണ് തോന്നുന്നത്, ജീത്തു ജോസഫ്

എന്ത് തന്നെയായാലും  ഈ കോപ്പിയടി വിവാദം ആദിക്ക് ഗുണകരമാകുമോ ഇല്ലയോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.
 

click me!