
ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ആലീസ് ക്രിസ്റ്റി. ജനപ്രീതിയാർജിച്ച നിരവധി സീരിയലുകളിലെയും പിന്നീട് സ്റ്റാർ മാജിക് ഷോയിലൂടെയും ആലീസ് ശ്രദ്ധ നേടിയിട്ടുണ്ട്. യൂട്യൂബ് ചാനലുമായും സജീവമാണ് താരം. സോഷ്യൽ മീഡിയയിലൂടെയും ആലീസ് തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോളിതാ ബിഗ്ബോസ് മലയാളം സീസൺ 7 ൽ ഫൈനലിൽ എത്താൻ സാധ്യതയുള്ള മൽസരാർത്ഥികളെ പ്രവചിച്ചിരിക്കുകയാണ് താരം. സുഹൃത്തും നടിയുമായ അനുമോളുടെ പ്രകടനത്തെക്കുറിച്ചും ആലീസ് സംസാരിച്ചു.
''അനു കപ്പടിക്കണം എന്നതാണ് എന്റെ ആഗ്രഹം. അനു അല്ലെങ്കിൽ അനീഷേട്ടനോ ഷാനവാസ് ഇക്കയോ ആയിരിക്കും കപ്പ് നേടുക എന്നാണ് മനസ് പറയുന്നത്. അനു, അനീഷ്, ഷാനവാസ് ഇക്ക, ജിഷിൻ ചേട്ടൻ, ആദില അല്ലെങ്കിൽ നൂറ എന്നിവരാണ് ഇത്തവണ ഫൈനലിൽ എത്താൻ സാധ്യതയുള്ളവർ'', ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി ആലീസ് ക്രിസ്റ്റി പറഞ്ഞു.
അനുമോളുടേത് കരച്ചിൽ നാടകമാണോ എന്ന ചോദ്യത്തോടും ആലീസ് പ്രതികരിച്ചു. ''അനു നമ്മൾ ടെലിവിഷനിൽ കാണുന്നതുപോലെയുള്ള ആൾ തന്നെയാണ്. ഭയങ്കര സെൻസിറ്റീവ് ആണ്. അനു കരയുന്നത് നാടകമാണെന്നൊക്കെ പലരും പറയുന്നുണ്ട്. അങ്ങനെയൊന്നുമല്ല കാര്യങ്ങൾ. കരയുന്നു എന്നു വിചാരിച്ച് ഒരാൾ സ്ട്രോങ്ങ് അല്ലാതാകുന്നില്ലല്ലോ. മനസിന് ഒരു വിഷമം വരുമ്പോൾ കരഞ്ഞു എന്ന് വെച്ച് ഒരാൾ സ്ട്രോങ്ങ് അല്ല എന്നു പറയാനാകില്ല. അനു ഇങ്ങനെ തന്നെയാണ്, ഭയങ്കര സെൻസിറ്റീവാണ്.
പക്ഷേ, ഇപ്പോൾ കരച്ചിലൊക്കെ കുറച്ച് കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ കുറച്ചുകൂടി സ്ട്രോങ്ങ് ആയി എന്നു തോന്നുന്നു. അനു നന്നായിട്ട് കളിക്കുന്നുമുണ്ട്. അനു പോയിക്കഴിഞ്ഞാൽ നന്നായി പെർഫോം ചെയ്യും എന്ന് അറിയാമായിരുന്നു. നമുക്കും അതൊരു അഭിമാനമല്ലേ?'', എന്നും ആലീസ് ക്രിസ്റ്റി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക