
മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊരാളാണ് അനുമോള്‍. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അനുമോള്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് താരം സ്റ്റാര്‍ മാജിക് എന്ന ടെലിവിഷൻ ഷോയിലൂടെയും പ്രശസ്‍തയായി. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. നടിയുടെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടന്ന് വൈറലാകാറുമുണ്ട്. അടുത്തിടെ സുഹൃത്തുമൊപ്പം ചെയ്ത ഒരു റീലും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ അനുമോളുടെ വിവാഹ നിശ്ചയം കഴിഞ്ഞോ എന്ന തരത്തിലും ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇപ്പോളിതാ ഇതേക്കുറിച്ചെല്ലാം പ്രതികരിക്കുകയാണ് താരം. അത് ഒരു റീൽ മാത്രമായിരുന്നു എന്നും വിവാഹം സംബന്ധിച്ച തീരുമാനങ്ങളൊന്നും ആയിട്ടില്ലെന്നും അനുമോൾ പറയുന്നു.
''അത് ഒരു റീൽ മാത്രമാണ്, റിയൽ അല്ല. ആ വീഡിയോയ്ക്കു താഴെ ഒരുപാട് കമന്റുകൾ ഉണ്ടായിരുന്നു. ചിലർ ഹാപ്പി മാരീഡ് ലൈഫ് എന്നു പറഞ്ഞ് വിഷ് ചെയ്തു. ചിലർ ചോദിച്ചു സേവ് ദ ഡേറ്റ് വീഡിയോ ആണോ എന്ന്. കല്യാണം എന്നാണ് എന്ന് ചോദിച്ചവരുമുണ്ട്. സൂപ്പർ ചെക്കൻ ആണെന്നും ചിലർ പറഞ്ഞു. അത് ഞാൻ കല്യാണം കഴിക്കാൻ പോകുന്നയാൾ അല്ല. എന്റെ സുഹൃത്താണ് '', ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അനുമോൾ പറഞ്ഞു.
അനുക്കുട്ടി എന്നാണ് ആരാധകര്‍ സ്‌നേഹത്തോടെ അനുമോളെ വിളിക്കുന്നത്. അനുവിന്റെ പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളടക്കം സോഷ്യല്‍ മീഡിയയിലുണ്ട്. അഭിനയത്തോടൊപ്പം തന്നെ മോഡലിങ്ങിലും സോഷ്യൽ മീഡിയയിലും സജീവമാണ് അനുമോൾ. പഠനകാലത്ത് തന്നെ അഭിനയത്തോടും മോഡലിംഗിനോടും വലിയ താൽപര്യം ഉണ്ടായിരുന്ന അനുമോൾ നിരവധി ബ്രാൻഡുകൾക്ക് മോഡൽ ആയിട്ടുണ്ട്. തിങ്കൾ മുതൽ വെള്ളി വരെ, കല്യാണം, മഹേഷും മാരുതിയും തുടങ്ങിയ സിനിമകളിലും താരം ഇതിനിടെ അനുമോൾ അഭിനയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക