
അഭിനയത്തിനും അവതരണത്തിനും പുറമേ എഴുത്തുലോകത്തും സജീവമാണ് നടി അശ്വതി ശ്രീകാന്ത്. പേരന്റിങ്ങ്, സോഷ്യൽ വിഷയങ്ങൾ തുടങ്ങി പല കാര്യങ്ങളിലും അശ്വതി തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാറുണ്ട്. മൂത്ത മകൾ പത്മയും ഒന്നിച്ചുള്ളതാണ് അശ്വതിയുടെ പുതിയ വ്ളോഗ്. പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ഇരുവരും.
മക്കളുമായി ഒരു ഫ്രണ്ട്ലി ബോണ്ട് ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്നായിരുന്നു പ്രേക്ഷകരിൽ ഒരാളുടെ ചോദ്യം. ''അങ്ങനെ ഒരു ബോണ്ട് മനപൂർവം വേണം എന്നു വിചാരിച്ച് ഉണ്ടാക്കുന്നതല്ല. പണ്ടൊക്കെ ഞാൻ വിചാരിക്കുമായിരുന്നു കുട്ടികളുടെ സുഹൃത്തുക്കൾ ആകണമെന്ന്. എന്നാൽ ഇപ്പോൾ ആ ധാരണ മാറി. മാതാപിതാക്കൾ എപ്പോഴും മാതാപിതാക്കൾ ആണ്, കുട്ടികളുടെ സുഹൃത്തുക്കൾ അല്ല. പക്ഷേ പേരന്റിങ്ങിൽ ഫ്രണ്ട്ലി ആകാം. അവരോട് എല്ലാം തുറന്നു സംസാരിക്കാം. കുട്ടികൾ ഒരിക്കലും മാതാപിതാക്കളെ പേടിക്കേണ്ടതില്ലെന്നും അങ്ങനെ വളർത്തേണ്ടതുണ്ടെന്ന് വിശ്വസിക്കുന്നില്ല'', അശ്വതി ശ്രീകാന്ത് വ്ളോഗിൽ പറഞ്ഞു.
പത്മ നല്ല നിരീക്ഷണപാടവം ഉള്ള കുട്ടിയാണെന്നും അശ്വതി പറഞ്ഞു. ''ചുറ്റുമുള്ള കാര്യങ്ങളും ചുറ്റുമുള്ളവരെയുമെല്ലാം അവൾ നന്നായി നിരീക്ഷിക്കും. നമ്മൾ പോലും അതിശയിച്ചു പോകും'', അശ്വതി കൂട്ടിച്ചേർത്തു. തങ്ങൾ രണ്ടു പേരും അത്ര ലൗഡ് ആയിട്ടുള്ളവർ അല്ലെന്നും തങ്ങളുടെ കംഫർട്ട് സ്പേസിൽ നന്നായി സംസാരിക്കുന്നവരാണെന്നുമായിരുന്നു അമ്മയുമായുള്ള സാമ്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ പത്മയുടെ മറുപടി. ക്ഷമ ആണ് അമ്മയുടെ ഏറ്റവും വലിയ സ്വഭാവഗുണമായി തോന്നിയതെന്നും പത്മ കൂട്ടിച്ചേർത്തു. പത്മയും താനുമായും ഒരുപാട് സാമ്യതകൾ ഉണ്ടെന്ന് തോന്നിയിട്ടുണ്ടെന്നായിരുന്നു അശ്വതിയും പറഞ്ഞത്.
പക്ഷേ, ഇളയ മകൾ കമലയും ഭർത്താവും ഒരേ സ്വഭാവക്കാർ ആണെന്നും പുറത്തു പോകാനും ഒരുപാട് സംസാരിക്കാനുമൊക്കെ ഇഷ്ടപ്പെടുന്നവരാണെന്നും അശ്വതി പറഞ്ഞു. ഇളയ കുട്ടി ഉണ്ടായപ്പോൾ അവളുടെ ഉത്തരവാദിത്തം ഒരിക്കലും മൂത്തയാളെ ഏൽപിച്ചിട്ടില്ലെന്നും ചേച്ചി ചേച്ചിയായിട്ടു തന്നെ ഇരുന്നാൽ മതി, പേരന്റ് ആകേണ്ടതില്ലെന്നും താരം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക