'കസബ' വിവാദവുമായി ബന്ധപ്പെട്ട 'സേ ഇറ്റ്' കമന്റിന് പാർവതി നൽകിയ മറുപടിയെ പിന്തുണച്ച് നടി. വാക്കുകൾ ഫലിക്കാതെ വരുമ്പോൾ ഉയരുന്ന ആ വിരൽ അശ്ലീലമല്ല, മറിച്ച് സദാചാരവാദികൾക്ക് നേരെ പിടിച്ച കണ്ണാടിയാണെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു.

സബ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിനിടെ പാർവതി തിരുവോത്തിനോട് ​ഗീതു മോഹൻദാസ് സേ ഇറ്റ് എന്ന് പറഞ്ഞത് ഇന്നും ഏറെ വൈറലായി നിൽക്കുകയാണ്. കഴിഞ്ഞ ദിവസം ‘സേ ഇറ്റ്’ എന്ന കമന്റിന് പാർവതി നടുവിരൽ ഉയർത്തിയാണ് മറുപടി നൽകിയത്. ഇത് ഏറെ വൈറലാകുകയും ചെയ്തിരുന്നു. ഇതിൽ പാർവതിയെ പിന്തുണച്ചു കൊണ്ട് രം​ഗത്ത് എത്തിയിരിക്കുകയാണ് നടി സരിത ബാലകൃഷ്ണൻ. വാക്കുകൾ അപ്രസക്തമായപ്പോൾ ഒരു വിരൽ ഉയർന്നുവെന്നും അത് ഒരിക്കലും അശ്ലീലമല്ലെന്നും സദാചാരത്തിന്റെ മുഖംമൂടിയണിഞ്ഞവർക്ക് വികൃതമായ സ്വന്തം മുഖം കാണിച്ചുകൊടുത്ത കണ്ണാടിയാണെന്നും സരിത പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

സരിത ബാലകൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ

ചിലപ്പോഴൊക്കെ, ആയിരം വാക്കുകളേക്കാൾ മൂർച്ചയുണ്ട് ഒരൊറ്റ നിശബ്ദതയ്ക്ക്. കാലങ്ങളായി നേർക്കുനേർ വരുന്ന വിഷലിപ്തമായ വാക്കുകൾക്കും, ആൾക്കൂട്ടത്തിന്റെ വിചാരണകൾക്കും മുന്നിൽ ഭാഷ തോറ്റുപോകുമ്പോൾ, മനുഷ്യൻ ഏറ്റവും ആദിമമായ ചിഹ്നങ്ങളിലേക്ക് മടങ്ങുന്നു.

​"വീണ്ടും പറയൂ" (Say it) എന്ന വെല്ലുവിളി, ഒരു ഓർമ്മപ്പെടുത്തലായിരുന്നു - ഒടുങ്ങാത്ത അസഹിഷ്ണുതയുടെ. വർഷങ്ങളോളം കല്ലെറിഞ്ഞവർ, ഇന്നും അതേ കല്ലുകളുമായി കാത്തിരിക്കുന്നു എന്നതിന്റെ തെളിവ്. ആ നിമിഷം, വാക്കുകൾ അപ്രസക്തമായി. പകരം, ഒരു വിരൽ ഉയർന്നു. ​അതൊരു അശ്ലീലമായിരുന്നില്ല; അതൊരു കണ്ണാടിയായിരുന്നു. സദാചാരത്തിന്റെ മുഖംമൂടിയണിഞ്ഞവർക്ക് സ്വന്തം വികൃതമായ മുഖം കാണിച്ചുകൊടുത്ത ഒരു കണ്ണാടി.

​ആ വിരൽ ചൂണ്ടിയത് ആരുടെയും നേർക്കായിരുന്നില്ല, മറിച്ച് ആകാശത്തേക്കായിരുന്നു. "നിങ്ങളുടെ നിലവിളികൾക്ക് ഇനിയെന്റെ കാതുകളിൽ സ്ഥാനമില്ല" എന്ന ഒരു പ്രഖ്യാപനം.​അതിനെ അഹങ്കാരമെന്ന് വിളിക്കുന്നവർ, സ്വന്തം ഉള്ളിലെ ഇരുട്ടിനെ ഭയക്കുന്നവരാണ്. കാരണം, ആ വിരൽ തൊട്ടുണർത്തിയത് അവരുടെ കുറ്റബോധത്തെയാണ്.

​വാക്കുകൾ ആയുധമാക്കിയവർക്കുള്ള മറുപടി, ഇനി നിശബ്ദമായ ചില ചിഹ്നങ്ങളിലാവാം. ചരിത്രം പലപ്പോഴും തിരുത്തിയെഴുതപ്പെടുന്നത് മഷി കൊണ്ടല്ല, ഇത്തരം ചില ധീരമായ നിലപാടുകൾ കൊണ്ടാണ്. ​"വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കാം, കൂട്ടമായി ആക്രമിക്കാം... അതിനൊന്നും ഇല്ലാത്ത 'സദാചാര കുഴപ്പങ്ങൾ' ഒരു വിരൽ പൊക്കിയപ്പോൾ വന്നതെങ്ങനെ? ആ വിരലിൽ അഹങ്കാരമല്ല, ആത്മവിശ്വാസമാണ് കണ്ടത്!"

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming