
മിനിസ്ക്രീൻ താരം ബിജു സോപാനം ജനപ്രിയ പരമ്പരയായി ഉപ്പും മുളകിലേക്ക് തിരിച്ചെത്തുന്നെന്ന് സൂചന. 'ലൊക്കേഷൻ' എന്ന ഹാഷ്ടാഗോടെയാണ് ഉപ്പും മുളകും താരങ്ങൾക്കൊപ്പം ബിജു സോപാനം പുതിയ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അൽസാബിത്ത്, ശിവാനി, നന്ദൂട്ടി, കലാദേവി എന്നിവരെയും ചിത്രത്തിൽ കാണാം. ബിജു സോപാനത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് അണിയറ പ്രവർത്തകർ ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തു വിട്ടിട്ടില്ലെങ്കിലും ഈ പോസ്റ്റിൽ നിന്നും ആരാധകർ അക്കാര്യം ഉറപ്പിച്ചു കഴിഞ്ഞു.
''തിരിച്ചു വന്നോ. ഇത്രേം നാൾ നാഥനില്ലാ കളരി ആയിരുന്നു. ബാലു അച്ഛന്റെ തിരിച്ചു വരവ് പ്രതീക്ഷിച്ചു'', എന്നാണ് പോസ്റ്റിനു താഴെ ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ''സീരിയൽ ഇനിയാണ് ശരിക്കും ആരംഭിക്കുന്നത്'', എന്ന് മറ്റൊരാൾ കുറിച്ചു. ''ഇനി നീലു അമ്മയും കൂടി തിരിച്ചു വരണം'', എന്നു പറയുന്നവരെയും കമന്റ് ബോക്സിൽ കാണാം. ''ഈ കാഴ്ച കാണാൻ പ്രേക്ഷകർ എത്രയോ കൊതിച്ചിട്ടുണ്ടെന്ന് അറിയാമോ'', എന്നും മറ്റൊരു ആരാധകൻ കമന്റ് ബോക്സിൽ കുറിച്ചു.
ബിജു സോപാനത്തിനും നടൻ എസ് പി ശ്രീകുമാറിനുമെതിരെ ഇതേ പരമ്പരയിൽ അഭിനയിച്ചിരുന്ന നടി ലൈംഗികാതിക്രമത്തിന്റെ പേരിൽ കേസ് കൊടുത്തിരുന്നു. ഇതേത്തുടർന്ന് ഇരുവരും സീരിയലിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇത് വ്യാജ പരാതിയാണെന്നും പരാതി കള്ളമാണെന്ന് തെളിയിക്കുമെന്നും ഇരുവരും വ്യക്തമാക്കുകയും ചെയ്‍തിരുന്നു. പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ചിരുന്ന നിഷ സാംരംഗും ഇപ്പോൾ ഉപ്പും മുളകിൽ നിന്നും വിട്ടുനിൽക്കുകയാണ്.
ഇതുവരെ 2000 എപ്പിസോഡുകൾ പൂർത്തിയാക്കിയ ഉപ്പും മുളകിന്റെ മൂന്നാമത്തെ സീസണാണ് ഇപ്പോൾ നടക്കുന്നത്. പ്രധാന കഥാപാത്രങ്ങൾ സീരിയലിൽ നിന്നും വിട്ടുനിന്നതിനെത്തുടർന്ന് പാറമട കുടുംബത്തിലെ രണ്ടാം തലമുറക്കാരായ കേശു, ശിവാനി, ലച്ചു , പാറുക്കുട്ടി തുടങ്ങിയവരെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ടുപോയിക്കൊണ്ടിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക