
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ആൻ മാത്യു. ആദ്യനോട്ടത്തിൽ മലയാളിയാണോ എന്ന് പലർക്കും സംശയം തോന്നുമെങ്കിലും ഇടുക്കി കട്ടപ്പന സ്വദേശിയാണ് അഭിനേത്രിയും മോഡലും കൂടിയായ ആൻ. ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞൾ പ്രസാദം എന്ന സീരിയലിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ടീച്ചറമ്മ എന്ന പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിക്കുന്നത് ആൻ ആണ്. ഏവിയേഷൻ മേഖലയിൽ നിന്നാണ് ആൻ മാത്യു മോഡലിങ്ങിലേക്കും പിന്നീട് അഭിനയ രംഗത്തേക്കും എത്തുന്നത്. വീട്ടുകാർക്ക് താൻ അഭിനയിക്കുന്നത് ഒട്ടും താത്പര്യം ഇല്ലായിരുന്നു എന്ന് ആൻ പറയുന്നു. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
''സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ലോക്കൽ ചാനലുകളിൽ ആങ്കറിങ്ങ് ചെയ്യുമായിരുന്നു. ഏവിയേഷൻ പഠിച്ചു കൊണ്ടിരുന്നപ്പോൾ ബിഫോർ ആൻഡ് ആഫ്റ്റർ ഫോട്ടോസ് വേണമായിരുന്നു. അതിനു വേണ്ടി വന്ന ഫോട്ടോഗ്രാഫർ ആണ് പരസ്യം ചെയ്യാൻ താത്പര്യം ഉണ്ടോ എന്ന് ചോദിച്ചത്. അങ്ങനെ ചെമ്മണ്ണൂർ അക്കാദമിയുടെ പരസ്യമാണ് ആദ്യം ചെയ്യുന്നത്. പിന്നെ കുറേ പരസ്യങ്ങൾ ചെയ്തു. ദുബായിൽ എത്തിയതിനു ശേഷം ജോലിക്കിടെ സമയം കിട്ടുമ്പോളെല്ലാം പ്രോഗ്രാമുകളും ഷോർട് ഫിലിമുകളും ചെയ്യുമായിരുന്നു. അതിൽ ഏതോ ഷോർട് ഫിലിം കണ്ടിട്ടാണ് മഞ്ഞൾ പ്രസാദത്തിന്റെ കാസ്റ്റിങ്ങ് ഡയറക്ടർ എന്നെ വിളിക്കുന്നത്. അതാണ് എന്റെ ആദ്യത്തെ സീരിയൽ. 2016 ൽ ആയിരുന്നു അത്. 2017 ൽ എനിക്ക് കുഞ്ഞ് ജനിച്ചു. അതിനു ശേഷം ചെറിയൊരു ബ്രേക്ക് ആയിരുന്നു '', എന്ന് ആൻ പറഞ്ഞു.
''ഞാൻ അഭിനയിക്കുന്നത് എന്റെ വീട്ടിൽ ഒട്ടും ഇഷ്ടമല്ലായിരുന്നു. ആദ്യത്തെ സീരിയലിനു വേണ്ടി എന്റെ ജോലി ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ആ തീരുമാനത്തെ വീട്ടുകാർ വളരെയധികം വിമർശിച്ചു. പിന്നീട് കാണാക്കൺമണി എന്ന സീരിയലിൽ അവസരം വന്നപ്പോൾ എനിക്ക് വീട്ടിൽ പറയാൻ പേടിയായിരുന്നു. അഭിരാമിച്ചേച്ചി ആയിരുന്നു ആ സീരിയലിലെ മറ്റൊരു നായിക. ആ സമയത്ത് എനിക്കൊരു ബൊട്ടീക്ക് ഉണ്ടായിരുന്നു. ചേച്ചിക്ക് കോസ്റ്റ്യൂം ചെയ്യാനാണ് എന്നു കള്ളം പറഞ്ഞാണ് വീട്ടിൽ നിന്നും പോയത്. എന്റെ വീട്ടിൽ സീരിയൽ കാണുന്ന ശീലമൊന്നും ഇല്ലായിരുന്നു. കുറേക്കഴിഞ്ഞ് അയൽക്കാർ പറഞ്ഞാണ് ഞാൻ അഭിനയിക്കുന്ന കാര്യം വീട്ടിൽ അറിഞ്ഞത്. മറ്റൊരു നായിക വരാത്തപ്പോൾ പകരം പെട്ടെന്ന് എനിക്ക് അഭിനയിക്കേണ്ടി വന്നതാണെന്നൊക്കെ അന്ന് ഞാൻ കള്ളം പറഞ്ഞു. ഇപ്പോൾ അവർക്ക് കാര്യങ്ങളെല്ലാം അറിയാം'', എന്നും ആൻ മാത്യു കൂട്ടിച്ചേർത്തു.